തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായ പി.വി. അൻവറിന്റെ മണി ചെയിൻ ആരോപണത്തെച്ചൊല്ലി സഭയിൽ പ്രതിപക്ഷ പ്രതിഷേധം. അൻവറിന്റെ ആരോപണം പൂർണമായും നിഷേധിച്ച വി.ഡി. സതീശൻ ആരോപണങ്ങൾ സഭാരേഖയിൽ നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ടു. ഏത് അന്വേഷണവും നേരിടാൻ താൻ തയാറാണെന്നും സതീശൻ വ്യക്തമാക്കി.
താൻ ജീവിതത്തിൽ ഒരു കമ്പനിയിലും ഡയറക്ടർ ആയിട്ടില്ല. 32 കൊല്ലം മുൻപ് തട്ടിപ്പ് നടത്തി എന്നാണ് പറയുന്നത്. അന്ന് ഞാൻ പറവൂരിൽ പോയിട്ടില്ല. എന്തും പറയാമെന്ന് സ്ഥിതിയാണ്. മരിച്ചു പോയ അച്ഛനെ പോലും ഇതിലേക്ക് വലിച്ചിഴിച്ച് അനാവശ്യം പറയുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അൻവർ ആഫ്രിക്കയിലോ അന്റാർട്ടിക്കയിലോ പോയി ബിസിനസ് ചെയ്തോട്ടേ. അതിന് ഞങ്ങൾക്ക് ഒന്നുമില്ല. അൻവർ നിയമസഭയിൽ വരാത്ത കാര്യത്തെപ്പറ്റിയുള്ള ചോദ്യം വന്നപ്പോഴാണ് പ്രതികരിച്ചത്. ഭരണ കക്ഷി എംഎൽഎ ഉന്നയിച്ച ആക്ഷേപത്തിൽ മുഖ്യമന്ത്രിക്ക് വേണമെങ്കിൽ അന്വേഷിക്കാം. അപമാനിക്കാം. പക്ഷേ തോല്പിക്കാമെന്നു വിചാരിക്കരുത്. ആരേയും പറ്റിച്ചതായി എനിക്കെതിരേ പരാതിയോ കേസോ ഒരിടത്തുമില്ല. 1991-92 കാലത്ത് ഞാൻ നിയമ വിദ്യാർഥിയാണ്. തിരുവനന്തപുരത്ത് എൽഎൽഎമ്മിന് പഠിക്കുകയായിരുന്നു. അന്ന് പറവൂരിൽ പോയിട്ടില്ല. ഞാൻ പറ്റിച്ചതായി ഒരു കേസുമില്ല- പ്രതിപക്ഷ നേതാവ് പറഞ്ഞു.
അൻവറിന്റെ ആക്ഷേപം രേഖയിൽ നിന്ന് നീക്കണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കർ നിരാകരിച്ചു. സതീശന്റെ വ്യക്തിപരമായ വിശദീകരണവും രേഖയിൽ ഉണ്ടാകും. ചട്ടവും കീഴ്വഴക്കവും അനുസരിച്ചേ ചെയറിന് പ്രവർത്തിക്കാനാകൂ. മുൻപും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അന്നും ഇതേ നടപടികളാണ് സ്വീകരിച്ചതെന്നും സ്പീക്കർ വ്യക്തമാക്കി.
പ്രതിപക്ഷ നേതാവിനെതിരേയുള്ള തെറ്റായ ആരോപണം സഭാ രേഖയിൽ ഉണ്ടാകരുതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. പരാമർശം നീക്കാൻ സ്പീക്കർ തയാറാകാത്തതോടെ പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചു. തുടർന്ന് സതീശന്റെ ആവശ്യം വീണ്ടും പരിശോധിക്കാമെന്ന് സ്പീക്കർ ഉറപ്പു നൽകി. ഇതോടെയാണ് പ്രതിപക്ഷ പ്രതിഷേധം അവസാനിച്ചത്.
മണിചെയിൻ ബിസിനസിന്റെ ഭാഗമാകുകയോ മറ്റുള്ളവരെ അതിൽ ചേർക്കുകയോ ചെയ്തിട്ടില്ലെന്നു പറയാൻ പ്രതിപക്ഷ നേതാവിനെ ഇന്നലെയാണ് പി.വി. അൻവർ വെല്ലുവിളിച്ചത്. ഫെയ്സ്ബുക്കിലൂടേയും നേരത്തേ ഇതേ ആരോപണം അൻവർ ഉന്നയിച്ചിരുന്നു. പ്രതിപക്ഷ നേതാവിന് പങ്കുള്ള മണി ചെയിൻ തട്ടിപ്പിന്റെ വിവരങ്ങളും കണക്കുകളും തന്റെ കൈവശം ഉണ്ടെന്നായിരുന്നു അൻവറിന്റെ അവകാശ വാദം.
നോർത്ത് പറവൂർ കേന്ദ്രീകരിച്ചുള്ള മണി ചെയിൻ തട്ടിപ്പ് കേസിലെ പ്രതിയാണ് സതീശൻ എന്നും അൻവർ ആരോപിച്ചിരുന്നു. ഇത് ഇന്നലെ സഭയിൽ ഭരണ- പ്രതിപക്ഷ തർക്കത്തിനും വാടാ പോടാ വിളികൾക്കും ഇടയാക്കിയിരുന്നു. തുടർച്ചയായി നിയമസഭാ നടപടികൾ പങ്കെടുക്കാത്ത അൻവറിനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരത്തേ വിമർശിച്ചിരുന്നു. ഇതോടെയാണ് സതീശനെതിരേ അൻവർ തുടർ പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. നിയമസഭയിൽ വന്ന ശേഷം ലഭിച്ച ആദ്യ അവസരത്തിൽ തന്നെ പ്രതിപക്ഷ നേതാവിനെതിരായ ആരോപണം ഉന്നയിക്കാനും അൻവർ തയാറായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.