നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഇനി ക്രിയാത്മകം എന്ന് പറയില്ല, 'സർഗ്ഗാത്മക പ്രതിപക്ഷം'; ക്ലീഷേ വാക്ക് മാറ്റുന്നതായി വി ഡി സതീശൻ

  ഇനി ക്രിയാത്മകം എന്ന് പറയില്ല, 'സർഗ്ഗാത്മക പ്രതിപക്ഷം'; ക്ലീഷേ വാക്ക് മാറ്റുന്നതായി വി ഡി സതീശൻ

  ഇനിമുതല്‍ ക്രിയാത്മകം എന്ന വാക്കിനു പകരം 'സര്‍ഗ്ഗാത്മകം' എന്ന വാക്കാണ് ഉപയോഗിക്കുക. നിയമസഭയില്‍ അടക്കം സര്‍ഗ്ഗാത്മകമായ ഇടപെടലുകളാണ് നടത്തുക എന്നും വിഡി സതീശന്‍ പറയുന്നു.

  വി ഡി സതീശന്‍

  വി ഡി സതീശന്‍

  • Share this:
  പ്രതിപക്ഷ നേതാവായി വി ഡി സതീശന്‍ ചുമതലയേറ്റത് വലിയ മാറ്റങ്ങളോടെയാണ്. കോണ്‍ഗ്രസില്‍ തന്നെ ഒരു തലമുറ മാറ്റം ആയി ആണ് വിഡി സതീശന്റെ വരവിനെ വിശേഷിപ്പിച്ചത്. സമീപകാല ചരിത്രത്തില്‍ ഒരു ഇടതു സര്‍ക്കാരിന് തുടര്‍ ഭരണം കിട്ടി എന്നത് കോണ്‍ഗ്രസിനെ വലിയ പ്രതിസന്ധിയില്‍ ആക്കിയിരുന്നു. ഇതിനിടെ ആണ് രമേശ് ചെന്നിത്തല അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ എല്ലാം മാറ്റി അടുത്ത തലമുറയിലൂടെ നേതാവായ വി ഡി സതീശനെ പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചത്.

  പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സര്‍ക്കാരിന് മുന്നില്‍ ക്രിയാത്മക പ്രതിപക്ഷമായി നിലകൊള്ളുമെന്ന നിലപാട് വി ഡി സതീശന്‍ പ്രഖ്യാപിച്ചത്. നിയമസഭയിലും തുടര്‍ന്നു നടന്ന ഇടപെടലുകളില്‍ പലപ്പോഴും വി ഡി സതീശന്‍ വ്യത്യസ്ത വഴി കണ്ടെത്തി. പല വിഷയങ്ങളിലും സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന നിലപാടും സ്വീകരിച്ചു. കോവിഡ് കാലത്ത് ആ വിഷയങ്ങളില്‍ സര്‍ക്കാറിനെതിരെ അനാവശ്യ ആക്രമണം നടത്തില്ല എന്നും വി ഡി സതീശന്‍ നിലപാട് എടുത്തിരുന്നു.

  ഇതിനെല്ലാം 'ക്രിയാത്മകം' എന്ന വാക്കിലൂടെയാണ് വി ഡി സതീശന്‍ വിശേഷിപ്പിച്ചത്. ഇന്ന് കോട്ടയത്ത് പ്രസ് ക്ലബ്ബില്‍ നടന്ന പുരസ്‌കാര വിതരണ വേദിയിലാണ് വി ഡി സതീശന്‍ ഈ വിഷയത്തെ കുറിച്ച് വീണ്ടും പരാമര്‍ശിച്ചത്. ക്രിയാത്മകം എന്ന വാക്ക് ക്‌ളീഷേ ആണെന്ന് വിഡി സതീശന്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ എല്ലാ കാലത്തും ഈ വാക്ക് പലരും ഉപയോഗിച്ചിട്ടുണ്ട്. മിക്കവാറും എല്ലാ പ്രതിപക്ഷ നേതാക്കളും ക്രിയാത്മക പ്രതിപക്ഷം ആകും എന്ന നിലപാട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ താന്‍ ഈ വാക്ക് മാറ്റുന്നതായി സതീശന്‍ പറയുന്നു.

  ഇനിമുതല്‍ ക്രിയാത്മകം എന്ന വാക്കിനു പകരം 'സര്‍ഗ്ഗാത്മകം' എന്ന വാക്കാണ് ഉപയോഗിക്കുക. നിയമസഭയില്‍ അടക്കം സര്‍ഗ്ഗാത്മകമായ ഇടപെടലുകളാണ് നടത്തുക എന്നും വിഡി സതീശന്‍ പറയുന്നു. പതിനെട്ടു വര്‍ഷം മുന്‍പ് ജനപ്രതിനിധിയായ കാലത്തെ ഓര്‍മ്മകള്‍ പങ്കുവെച്ചാണ് വിഡി സതീശന്‍ ജനപ്രതിനിധികള്‍ എങ്ങനെ സര്‍ഗ്ഗാത്മകമായി ഇടപെടണമെന്ന് ചൂണ്ടിക്കാട്ടുന്നത്. അന്ന് ഒരു പാടവരമ്പത്ത് കൂടി നടന്നു പോകുമ്പോള്‍ ഒരമ്മ തനിക്ക് പെന്‍ഷന്‍ വേണമെന്ന് ആവശ്യപ്പെട്ടു. തൊഴിലാളിയായ അമ്മയ്ക്ക് എന്തുകൊണ്ടാണ് പെന്‍ഷന്‍ കിട്ടാത്ത എന്ന് കൂടിക്കാഴ്ചയില്‍ താന്‍ ചോദിച്ചു. തനിക്ക് രണ്ട് ആണ്‍മക്കളാണ് ഉള്ളത് എന്നായിരുന്നു അമ്മയുടെ മറുപടി. ആണ്‍മക്കള്‍ ഉള്ള അമ്മമാര്‍ക്ക് പെന്‍ഷന്‍ കിട്ടില്ല എന്നായിരുന്നു അന്നത്തെ ചട്ടം. തനിക്ക് ഇത് അറിയില്ലായിരുന്നു എന്ന് വിഡി സതീശന്‍ ഓര്‍മ്മിക്കുന്നു.

  തുടര്‍ന്ന് നിയമസഭയില്‍ താന്‍ ഈ വിഷയം ഉന്നയിച്ച് ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് അനുകൂലമായി നിയമത്തില്‍ മാറ്റം വരുത്തിയതായി വിഡി സതീശന്‍ പറയുന്നു. ഇത്തരം ഇടപെടലുകളാണ് നിയമസഭ വഴി ഉണ്ടാകേണ്ടത് എന്ന് വിഡി സതീശന്‍ പറയുന്നു. തനിക്കൊപ്പം ഉള്ള അംഗങ്ങളോട് ഓരോ വിഷയവും വ്യക്തമായി പഠിച്ച് നിയമസഭയില്‍ ഇടപെട്ട് ജനങ്ങള്‍ക്ക് ഗുണകരമാകുന്ന മാറ്റങ്ങള്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടതായി വിഡി സതീശന്‍ പറയുന്നു. ഇതാണ് സര്‍ഗാത്മക പ്രതിപക്ഷം എന്ന നിലയില്‍ താന്‍ ആഗ്രഹിക്കുന്നത് എന്നും വിഡി സതീശന്‍ പറയുന്നു.

  കോവിഡ് കാലത്ത് നൂറുകണക്കിനാളുകളാണ് ജീവിത പ്രതിസന്ധി ചൂണ്ടിക്കാട്ടി ദിവസവും വിളിക്കുന്നത് എന്നും സതീശന്‍ ചൂണ്ടിക്കാട്ടി. ജനജീവിതത്തില്‍ സര്‍ക്കാര്‍ കൃത്യമായി ഇടപെടുന്നില്ല എന്നാണ് പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം. ബാങ്കുകള്‍ ലോണ്‍ അടക്കുന്നതിനു വേണ്ടി നടത്തുന്ന ഇടപെടലുകള്‍ അടക്കം ചൂണ്ടിക്കാട്ടി കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഏഴു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ പഠനത്തിന് സാഹചര്യങ്ങള്‍ മൂലം പുറത്തു നില്‍ക്കേണ്ട സ്ഥിതിയായിരുന്നു. ഇക്കാര്യത്തില്‍ അടക്കം പ്രതിപക്ഷം സര്‍ഗാത്മകമായാണ് ഇടപെട്ടത്. പ്രശ്‌നങ്ങള്‍ ഏറെക്കുറെ പരിഹരിക്കുന്നതിന് പ്രതിപക്ഷ ഇടപെടല്‍ ഗുണം ചെയ്തതായി വിഡി സതീശന്‍ അവകാശപ്പെട്ടു.
  Published by:Sarath Mohanan
  First published:
  )}