തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയ കാര്യസമിതിയിൽ നിന്ന് രാജിവച്ച വി എം സുധീരനെ അനുനയിപ്പിക്കാനുള്ള നേതൃത്വത്തിന്റെ ശ്രമം ഫലം കണ്ടില്ല. രാജി തീരുമാനത്തിൽ നിന്ന് സുധീരൻ പിന്നോട്ടില്ല. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഗൗരീശപട്ടത്തുള്ള വീട്ടിലെത്തി സുധീരനെ കണ്ടെങ്കിലും നിലപാടിൽ മാറ്റമില്ലെന്ന് സുധീരൻ അറിയിച്ചു. കൂടിയാലോചനയില്ലെന്നും, ചില നേതാക്കളെ മാത്രം ഉൾപ്പെടുത്തി ചർച്ച നടത്തുന്നതിൽ പ്രതിഷേധിച്ചുമായിരുന്നു രാഷ്ട്രീയ കാര്യസമിതിയിൽ നിന്ന് വിഎം സുധീരൻ രാജിവച്ചത്.
വീഴ്ചകൾ എണ്ണിപ്പറഞ്ഞ് സുധീരൻ
ഡിസിസി അദ്ധ്യക്ഷൻമാരെ നിയമിച്ചതു മുതൽ നേതൃത്വത്തിന് പറ്റിയ വീഴ്ചകൾ സുധീരൻ വിഡി സതീശനുമായി പങ്കുവച്ചു. രാഷ്ട്രീയ കാര്യസമിതി നിലനിൽക്കെ, ഈ സമിതിയെ നോക്കുകുത്തിയാക്കി ചില നേതാക്കളെ മാത്രം ഉൾപ്പെടുത്തി ചർച്ച നടത്തി. സെമി കേഡർ പ്രഖ്യാപനമടക്കമുള്ള സംഘടനാപരമായ മാറ്റങ്ങളൊന്നും നേതാക്കളെ അറിയിച്ചില്ല. മുതിർന്ന അംഗമായിട്ടും തനിക്ക് നേരിടേണ്ടി വന്ന അവഗണനകൾ സുധീരൻ സതീശനെ അറിയിച്ചു. വീഴ്ചകൾ അംഗീകരിച്ച് സുധീരനെ അനുനയിപ്പിക്കാൻ പ്രതിപക്ഷ നേതാവ് ശ്രമിച്ചിട്ടും സുധീരൻ വഴങ്ങിയില്ല. രാഷ്ട്രീയ കാര്യസമിതിയിൽ ഇനി പ്രവർത്തിക്കാനില്ലെന്നും സാധാരണ പ്രവർത്തകനായി തുടർന്നോളാമെന്നുമാണ് സുധീരന്റെ നിലപാട്.
പുതിയ നേതൃത്വവും ഗ്രൂപ്പുകളുടെ വഴിയെ
പുതിയ നേതൃത്വവും ഗ്രൂപ്പുകളുടെ അതേ പാതയിലാണെന്നാണ് സുധീരന്റെ പരാതി. ഗ്രൂപ്പിന് അതീതമായി നിലവിൽ വന്ന പുതിയ നേതൃത്വത്തെ ആദ്യം തന്നെ സ്വാഗതം ചെയ്ത വ്യക്തിയാണ് താൻ. കൂടിയാലോചനകളില്ലാതെ ഡിസിസി അദ്ധ്യക്ഷൻമാരെ നിശ്ചയിച്ചപ്പോൾ താൻ പ്രതിഷേധം അറിയിച്ചിരുന്നു. ഇത്തരം വീഴ്ചകളുണ്ടാകില്ലെന്ന് കെ സുധാകരൻ നേരിട്ടെത്തി അറിയിച്ചു. എന്നാൽ ഇത് പാലിക്കപ്പെട്ടില്ലെന്നാണ് സുധീരന്റെ ആരോപണം.
ഗ്രൂപ്പ് നേതാക്കളായ ഉമ്മൻചാണ്ടിയോടും രമേശ് ചെന്നിത്തലയോടും ചർച്ച നടത്തുന്നതിനോട് തനിക്ക് വിരേധമില്ലെന്നാണ് സുധീരന്റെ നിലപാട്. പക്ഷേ ഈ ചർച്ചയുടെ മാത്രം അടിസ്ഥാനത്തിൽ തീരുമാനമെടുക്കുന്നതാണ് സുധീരൻ ചൂണ്ടിക്കാട്ടുന്നത്. പിന്നെന്തിന് രാഷ്ട്രീയ കാര്യസമിതിയെന്നാണ് വിഎം സുധീരന്റെ ചോദ്യം. അടുത്തിടെ കെപിസിസി തീരുമാനങ്ങളെടുത്ത ശൈലിയിൽ സുധീരന് അതൃപ്തിയുണ്ട്. കെപിസിസി ഭാരവാഹികൾക്ക് മാനദണ്ഡം നിശ്ചയിച്ചതും പ്രവർത്തക മാർഗരേഖ പ്രഖ്യാപിച്ചതുമെല്ലാം ചർച്ചയില്ലാതെയാണെന്നാണ് സുധീരൻ ചൂണ്ടിക്കാട്ടിയത്.
വീഴ്ച ഏറ്റുപറഞ്ഞ് സതീശൻ
താൻ അടക്കമുള്ള കെപിസിസി നേതൃത്വത്തിന് സുധീരനെ പരിഗണിക്കുന്നതിൽ വീഴ്ചപറ്റിയെന്ന് വിഡി സതീശൻ മാധ്യമങ്ങളോട് തുറന്ന് പറഞ്ഞു. 'നേതൃത്വത്തിന് വീഴ്ചപറ്റിയെന്ന് സുധീരനുമായുള്ള സന്ദർശനത്തിൽ വ്യക്തമായി. തനിക്കും വീഴ്ച സംഭവിച്ചു. ക്ഷമിക്കണമെന്ന് അദ്ദേഹത്തോട് അഭ്യത്ഥിച്ചു. എടുത്ത തീരുമാനത്തിൽ നിന്ന് സുധീരനെ പിൻവലിപ്പിക്കുക എളുപ്പമല്ല. താൻ ശ്രമിച്ചാൽ അത് സാദ്ധ്യമാവുകയുമില്ല'. തങ്ങളോട് അദ്ദേഹം ക്ഷമിക്കുമെന്നാണ് പ്രതീക്ഷയെന്നും കൂടികാഴ്ചക്ക് ശേഷം വിഡി സതീശൻ പ്രതികരിച്ചു.
കെപിസിസി നേതൃത്വവുമായി ഉടക്കി നിൽക്കുന്ന സുധീരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരും. കെ സുധാകരനും താരിഖ് അൻവറും വിഎം സുധാരനമായി ചർച്ച നടത്താനാണ് സാദ്ധ്യത.
പരസ്യ പ്രതികരണത്തിന് തയ്യാറാവാതെ സുധീരൻ
ഡിസിസി പുനസംഘടന മുതൽ വിഎം സുധീരന് അതൃപ്തിയുണ്ടെങ്കിലും ഇതുവരെ അദ്ദേഹം പരസ്യ പ്രതികരണം നടത്തിയിട്ടില്ല. വിഡി സതീശനുമായുളള കൂടികാഴ്ചക്ക് ശേഷവും ഇതേ നിലപാടാണ് സ്വീകരിച്ചത്. പാർട്ടി നേതൃത്വത്തിനെതിരെ സുധീരൻ പരസ്യ പ്രതികരണത്തിന് തയ്യാറായാൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും. ഇതൊഴിവാക്കാനാണ് നേതൃത്വത്തിന്റെ ശ്രമങ്ങൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Congress, Kpcc, V D Satheesan, V m sudheeran