കണ്ണൂരിലെ സിപിഎം പ്രവർത്തകനായ ഹരിദാസിന്റെ കൊലപാതകത്തിൽ ആണ് സംശയം പ്രകടിപ്പിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ (V Muraleedharan) രംഗത്ത് വന്നത്. സംഭവത്തിൽ പോലീസ് സ്വീകരിക്കുന്ന നടപടിയെ വി മുരളീധരൻ വിമർശിച്ചു. കിഴക്കമ്പലത്ത് ട്വന്റി 20 പ്രവർത്തകനായ ദീപു കൊല്ലപ്പെട്ടതിനു പിന്നാലെ കണ്ണൂരിൽ സിപിഎമ്മിന് രക്തസാക്ഷി കിട്ടിയത് യാദൃശ്ചികം ആണോ എന്ന് സംശയമാണ് വി മുരളീധരൻ മുന്നോട്ടുവെക്കുന്നത്. ഇക്കാര്യത്തിൽ സിപിഎം നേതൃത്വത്തെ സംശയത്തിന്റെ നിഴലിൽ ആക്കുകയാണ് കേന്ദ്രമന്ത്രി.
കണ്ണൂർ കൊലപാതകത്തിൽ ബിജെപി നേതാക്കൾക്ക് പങ്കുണ്ടെന്ന് എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു വി മുരളീധരൻ. കണ്ണൂരിൽ ബിജെപി കൗൺസിൽ അടക്കം അറസ്റ്റിലായ സാഹചര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് വി മുരളീധരൻ മറുപടി പറഞ്ഞത്. സംസ്ഥാനത്ത് കേട്ടുകേൾവി പോലുമില്ലാത്ത സംഭവമാണ് കണ്ണൂരിൽ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. കേസിൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആരെയും അറസ്റ്റ് ചെയ്യാതെ അതിനുമുമ്പുതന്നെ ഗൂഢാലോചനയിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യുന്നത് വിചിത്ര നടപടിയാണ്. കൃത്യത്തിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യാതെ എങ്ങനെയാണ് ഗൂഢാലോചനയിൽ പങ്കെടുത്തവരെ കണ്ടെത്തുകയെന്ന് ചോദിക്കുന്നു. ഇക്കാര്യത്തിൽ രാഷ്ട്രീയ പ്രേരിതമായ അറസ്റ്റുകൾ ആണ് കണ്ണൂരിൽ ഉണ്ടായിരിക്കുന്നത് എന്ന് വി മുരളീധരൻ ആരോപിച്ചു.
കണ്ണൂരിൽ അറസ്റ്റിലായ കൗൺസിലറുടെ വിവാദ പ്രസംഗത്തെ കുറിച്ച് ചൂണ്ടിക്കാട്ടിയപ്പോൾ ഇത്തരത്തിൽ നൂറുകണക്കിന് പ്രസംഗങ്ങളിൽ കണ്ണൂരിൽ രാഷ്ട്രീയ നേതാക്കൾ നടത്തിയിട്ടുണ്ട് എന്നാണ് വി മുരളീധരൻ മറുപടി പറയുന്നത്. സിപിഎം നേതാക്കളടക്കം ഇത്തരത്തിൽ പ്രസംഗങ്ങൾ നടത്താറുണ്ട്. അങ്ങനെയെങ്കിൽ സിപിഎം നേതാക്കൾക്കെതിരെ എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തത് എന്നും വി മുരളീധരൻ ചോദിക്കുന്നു. ഗൂഢാലോചനയിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്യുന്നത് മാത്രമാണ് ഉണ്ടാക്കുന്നത്. ഭാവിയിൽ ഇവരെല്ലാം പിന്നീട് പുറത്തിറങ്ങുന്ന സാഹചര്യമുണ്ടാകും. കോടതി ഇവരെ വെറുതെ വിടുകയാണ് പതിവ്. അപ്പോൾ മാധ്യമങ്ങൾ ആരും അതിനെ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യില്ല എന്നും വി മുരളീധരൻ വിമർശിച്ചു.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകത്തിൽ ആർഎസ്എസും ബിജെപിക്കും ആണ് പങ്ക് എന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ആരോപിച്ചിരുന്നു. ആർഎസ്എസ് നടത്തുന്ന ഐടിസി ശാഖകൾ വഴി പരിശീലനം നൽകിയ ശേഷമാണ് കൊലപാതകം നടത്തിയത് എന്ന് ആണ് സിപിഎം ആരോപിക്കുന്നത്. മുൻപ് സിപിഎം നേതാക്കളെ കൊന്നപ്പോഴും സമാനമായ രീതിയിൽ ആർഎസ്എസ് ക്യാമ്പുകൾ നടന്നിരുന്നു എന്നും എം വി ജയരാജൻ ആരോപിച്ചു. ക്യാമ്പുകൾ വഴി ക്രിമിനൽ പരിശീലനമാണ് ആർഎസ്എസ് നൽകുന്നത് എന്നും സിപിഎം ആരോപിക്കുന്നു. ഏതായാലും സംസ്ഥാനത്ത് ഉടനീളം ക്രമസമാധാനനില തകർന്നതായി കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. സമീപ ദിവസങ്ങളിൽ നടന്ന കൊലപാതകങ്ങൾ ചൂണ്ടിക്കാട്ടി കൊണ്ടാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ അടക്കം ഈ വിഷയം നിയമസഭയിൽ ആയുധമാക്കുന്നത്. തുടർച്ചയായി നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ സർക്കാരും പ്രതിസന്ധിയിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cpm, Kannur, Martyred, Political murder, Twenty20, V muraleedharan