തിരുവനന്തപുരം: പതിനായിരങ്ങളെ കുടിയൊഴിപ്പിച്ചല്ല കേന്ദ്രസർക്കാർ വികസനം കൊണ്ടുവരുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. സിൽവർലൈനും വന്ദേഭാരതും തമ്മിലുള്ള വ്യത്യാസം ആണ് കേന്ദ്രവും കേരള സർക്കാരും തമ്മിലുള്ളത്. സിൽവർ ലൈൻ അപ്രയോഗികം എന്നത് ഒരിക്കൽ കൂടി അരക്കിട്ടുറപ്പിക്കുന്നതാണ് വന്ദേഭാരതിന്റെ വരവെന്ന് കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. വന്ദേഭാരത് സംസ്ഥാനത്തിന് ഇല്ലെന്ന പ്രചാരണം നടത്തി നരേന്ദ്രമോദി സർക്കാരിന്റെ ജനക്ഷേമ ഇടപെടലുകളെ തെറ്റിദ്ധരിപ്പിക്കാൻ മുഖ്യമന്ത്രി അടക്കം കൂട്ടുനിന്നെന്നും മുരളീധരൻ ആരോപിച്ചു.
വന്ദേഭാരത് കേരളത്തിന് അനുവദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും ആദ്യമേ തന്നെ ഞാൻ നന്ദി രേഖപ്പെടുത്തുന്നുവെന്ന് പറഞ്ഞാണ് ആരംഭിച്ചത് . പ്രധാനമന്ത്രി എല്ലാത്തവണയും കേരളം സന്ദർശിക്കുമ്പോൾ കേരളത്തിനായി വലിയ പദ്ധതികൾ പ്രഖ്യാപിക്കാറുണ്ട്. കഴിഞ്ഞ തവണ അദ്ദേഹം എറണാകുളം സന്ദർശിച്ചപ്പോൾ 4500 കോടി രൂപയുടെ പദ്ധതികളാണ് കേരളത്തിനായി പ്രഖ്യാപിച്ചത്. ഇത്തവണ അദ്ദേഹം കേരളത്തിലെത്തുമ്പോഴും അതുപോലെയുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകും എന്നാണ് പ്രതീക്ഷ. കേരളത്തിൽ ഈ അതിവേഗ തീവണ്ടി വരുമ്പോൾ, അത് കേരളത്തിന്റെ വികസനത്തിന്റെയും വേഗത കൂട്ടും എന്നുള്ള കാര്യത്തിൽ സംശയമില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
എനിക്ക് മറ്റൊരു കാര്യം പറയാനുള്ളത്, രണ്ടാഴ്ച മുൻപാണ് കേരളത്തിന്റെ മുഖ്യമന്ത്രി ഇവിടേക്ക് വന്ദേഭാരത് ട്രെയിൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചത്. കാള പെറ്റു എന്നു കേട്ടപ്പോൾ കയറെടുത്ത് ഓടിയ ചില മാധ്യമപ്രവർത്തകരുടെ വാക്കുകൾ കേടിട്ടാണ് മുഖ്യമന്ത്രി ഇത്തരത്തിൽ പ്രസ്താവന നടത്തിയതെന്നാണ് എനിക്കു തോന്നുന്നത്. വന്ദേ മെട്രോയുമായി ബന്ധപ്പെട്ട് പാർലമെന്റിൽ ഉയർന്ന ചോദ്യത്തിന് നൽകിയ മറുപടി, കേരളത്തിലെ മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്ത് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു കത്തെഴുതുന്ന നിലയിലേക്കു വരെ എത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിനായി നടത്തുന്ന ജനക്ഷേമ പ്രവർത്തനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ ജനങ്ങളിലേക്ക് എത്തിക്കുന്നത് എങ്ങനെ എന്നതിന്റെ ഉദാഹരണമാണിത്. എന്തായാലും ആ പ്രചാരണത്തിന് അധികം ആയുസുണ്ടായില്ല. കേരളത്തിന് വന്ദേഭാരത് അനുവദിച്ചു എന്ന വാർത്ത രണ്ടാഴ്ചയ്ക്കകം പുറത്തുവന്നിരിക്കുന്നതെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.