• HOME
  • »
  • NEWS
  • »
  • kerala
  • »
  • Fuel Price Hike | 'ആഗോളതലത്തിൽ 50 ശതമാനം കൂടിയപ്പോൾ ഇന്ത്യയിൽ കൂടിയത് 5 ശതമാനം'; ഇന്ധന വിലക്കയറ്റത്തെ ന്യായീകരിച്ച് വി മുരളീധരൻ

Fuel Price Hike | 'ആഗോളതലത്തിൽ 50 ശതമാനം കൂടിയപ്പോൾ ഇന്ത്യയിൽ കൂടിയത് 5 ശതമാനം'; ഇന്ധന വിലക്കയറ്റത്തെ ന്യായീകരിച്ച് വി മുരളീധരൻ

വിലക്കയറ്റത്തെ നിയന്ത്രിച്ചു നിർത്താനായി കേന്ദ്ര സർക്കാർ തീരുവ കുറച്ചു. എന്നാൽ കേന്ദ്രം കുറച്ചതിന് ആനുപാതികമായി കേരളത്തിലെ സർക്കാർ കുറച്ചില്ലെന്നും മന്ത്രി ആരോപിച്ചു.

വി മുരളീധരൻ

വി മുരളീധരൻ

  • Share this:
    രാജ്യത്തെ ഇന്ധന വിലക്കയറ്റത്തെ (Fuel price hike) ന്യായീകരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ (V Muraleedharan). ആഗോള തലത്തിൽ ഇന്ധന വിലയിൽ 50 ശതമാനം വർദ്ധനവുണ്ടായപ്പോൾ ഇന്ത്യയിൽ 5 ശതമാനം വര്‍ധനവ് മാത്രമാണുണ്ടായത്. രാജ്യത്ത് ഇന്ധനവിലയിൽ വലിയ വര്‍ധനവ് ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ മന്ത്രി വിലക്കയറ്റം നിയന്ത്രിച്ച് നിർത്താനായി കേന്ദ്ര സർക്കാർ പല നടപടികളും കൈക്കൊണ്ടിരുന്നുവെന്നും വ്യക്തമാക്കി.

    വിലക്കയറ്റത്തെ നിയന്ത്രിച്ചു നിർത്താനായി കേന്ദ്ര സർക്കാർ തീരുവ കുറച്ചു. എന്നാൽ കേന്ദ്രം കുറച്ചതിന് ആനുപാതികമായി കേരളത്തിലെ സർക്കാർ കുറച്ചില്ലെന്നും മന്ത്രി ആരോപിച്ചു. രാജ്യത്തെ ഇന്ധനവില, പാചകവാതക വില എന്നിവയിലുള്ള പ്രതിദിന വര്‍ധനവിന് കേന്ദ്ര സർക്കാരിനെ മുഖ്യമന്ത്രി പിണറായി വിജയൻ (Chief Minister Pinarayi Vijayan) രൂക്ഷ വിമർശനം ഉയർത്തിയതിന് പിന്നാലെയാണ് മുരളീധരൻ വിലക്കയറ്റത്തെ ന്യായീകരിച്ച് രംഗത്ത് എത്തിയത്.

    നേരത്തെ, ഒരു നിയന്ത്രണവുമില്ലാതെ ദിവസേനയുള്ള വിലവര്‍ധനവ് സാധാരണക്കാരന് താങ്ങാവുന്നതിലും അപ്പുറമാണ്. കോണ്‍ഗ്രസ് തുടങ്ങിവെച്ച വഴിയില്‍ കൂടുതല്‍ ജനദ്രോഹ നടപടികളുമായി ബിജെപി മുന്നോട്ട് പോകുകയാണെന്നുമാണ് മുഖ്യമന്ത്രി വിമർശിച്ചത്. ഇന്നു ദിനംപ്രതി ഇന്ധന വിലവർധനവുണ്ടാകുന്ന സാഹചര്യത്തിനു തുടക്കമിട്ടത് കോണ്‍ഗ്രസാണ്. അതിനെ കയറൂരി വിട്ടുകൊണ്ട് ജനജീവിതം ദുസ്സഹമാക്കിയത് ബിജെപി ആണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

    Also read- Fuel Price Hike | കോണ്‍ഗ്രസ് തുടങ്ങിവെച്ച വഴിയില്‍ കൂടുതല്‍ ജനദ്രോഹ നടപടികളുമായി ബിജെപി മുന്നോട്ട്; വിമര്‍ശിച്ച് മുഖ്യമന്ത്രി

    അതേസമയം, തുടരെ 13-ാ൦ ദിവസത്തിലും ഇന്ധവിലയിൽ വീണ്ടും വർധനവുണ്ടായി. 137 ദിവസങ്ങൾ മാറ്റമില്ലാതെ തുടർന്ന ശേഷം മാർച്ച് 22 നാണ് ഇന്ധനവിലയിൽ വർധനവുണ്ടായത്. അന്ന് ഉയരാൻ തുടങ്ങിയ ഇന്ധനവിലയിൽ 11-ാമത്തെ നിരക്ക് പരിഷ്കരണമാണ് ഇന്നുമുണ്ടായത്. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസൽ ലിറ്ററിന് 85 പൈസയും നിരക്ക് വർധിപ്പിച്ചതോടെ 13 ദിവസങ്ങൾക്കുള്ളിൽ പതിനൊന്ന് വില പരിഷ്‌കരണങ്ങളിലായി (fuel price revision) ലിറ്ററിന് ഏകദേശം 8.00 രൂപയുടെ വർധനവാണുണ്ടായത്.

    Also read- Petrol Diesel prices | ഇന്ധനവില വീണ്ടും ഉയർന്നു; 13 ദിവസങ്ങൾ കൊണ്ട് കൂടിയത് എട്ട് രൂപ

    കൊച്ചിയിൽ ഞായറാഴ്ച പെട്രോളിന് 113.02 രൂപയാണ് വില. ഡീസലിന് 99.98 രൂപയായി. തിരുവനന്തപുരത്ത് പെട്രോളിന് 115.01 രൂപയും ഡീസലിന് 101.83 രൂപയുമാണ്. കോഴിക്കോട്ട് ഇത് യഥാക്രമം 113.2 രൂപയും 100.18 രൂപയുമാണ്.

    രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഇപ്പോൾ പെട്രോൾ വില ലിറ്ററിന് 103.41 രൂപയും ഡീസൽ ലിറ്ററിന് 94.67 രൂപയുമാണ്. മുംബൈയിൽ പെട്രോൾ, ഡീസൽ വില യഥാക്രമം 84 പൈസ ഉയർന്ന് 118.41 രൂപയായും ഡീസൽ വില 85 പൈസ ഉയർന്ന് 102.64 രൂപയായും എത്തി.

    ചെന്നൈയിൽ പെട്രോൾ, ഡീസൽ വില ലിറ്ററിന് 108.21 രൂപയും 99.04 രൂപയുമാണ് (യഥാക്രമം 75 പൈസയും 76 പൈസയും വർദ്ധിച്ചു). കൊൽക്കത്തയിൽ പെട്രോളിന് 113.03 രൂപയും (84 പൈസ വർധിച്ചു) ഡീസലിന് 97.82 രൂപയുമാണ് (80 പൈസ വർധിച്ചത്). ബെംഗളൂരുവിൽ ഒരു ലിറ്റർ പെട്രോളിന് 108.99 രൂപയും ഒരു ലിറ്റർ ഡീസലിന് 92.83 രൂപയുമാണ് വില.
    Published by:Naveen
    First published: