'അവിശുദ്ധ കൂട്ടുകെട്ടുകള്‍ക്ക് ഇതൊരു താക്കീത്'; മരട് ഫ്ളാറ്റ് പൊളിക്കണമെന്ന സുപ്രീംകോടതിവിധിയെ സ്വാഗതം ചെയ്ത് വി എസ്

'നിയമലംഘനത്തിന് കൂട്ടുനിന്നവരെല്ലാം തന്നെയാണ് ഫ്ളാറ്റുടമകളുടെ നഷ്ടം നികത്തിക്കൊടുക്കേണ്ടത്'

news18-malayalam
Updated: September 6, 2019, 6:16 PM IST
'അവിശുദ്ധ കൂട്ടുകെട്ടുകള്‍ക്ക് ഇതൊരു താക്കീത്'; മരട് ഫ്ളാറ്റ് പൊളിക്കണമെന്ന സുപ്രീംകോടതിവിധിയെ സ്വാഗതം ചെയ്ത് വി എസ്
വി.എസ് അച്യുതാനന്ദൻ
  • Share this:
തിരുവനന്തപുരം: മരടിലെ ഫ്ളാറ്റുകൾ പൊളിക്കണമെന്ന സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി എസ് അച്യുതാനന്ദൻ. തടയണ കെട്ടിയും കുന്നിടിച്ചും വയൽ നികത്തിയും തീരദേശം നശിപ്പിച്ചും ജനങ്ങളുടെ ആവാസ വ്യവസ്ഥ തകർക്കുന്ന അവിശുദ്ധ കൂട്ടുകെട്ടുകൾക്ക് സുപ്രീംകോടതി വിധി താക്കീതാണെന്നും ഫേസ്ബുക്ക് കുറിപ്പിൽ വി എസ് വ്യക്തമാക്കി.

മാധ്യമങ്ങളും എക്സിക്യൂട്ടീവും പരാജയപ്പെടുമ്പോള്‍ ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്ന തീര്‍പ്പാണിത്. ഇവിടെ വഞ്ചിക്കപ്പെട്ടത് ഫ്ലാറ്റുടമകളാണ്. എല്ലാ നിയമങ്ങളും ലംഘിച്ച് ഫ്ലാറ്റുകള്‍ കെട്ടിപ്പൊക്കാന്‍ സര്‍ക്കാരിന്റെ പിന്തുണയുണ്ടല്ലോ എന്ന ആശ്വാസത്തിലായിരിക്കണം, അവര്‍ ഫ്ലാറ്റുകള്‍ സ്വന്തമാക്കിയത്. നിയമലംഘനത്തിന് കൂട്ടുനിന്നവരെല്ലാം തന്നെയാണ് അവരുടെ നഷ്ടം നികത്തിക്കൊടുക്കേണ്ടതെന്നും വി എസ് കുറിച്ചു.

Also Read- മരട് ഫ്‌ളാറ്റ് കേസില്‍ സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

വി എസ് അച്യുതാനന്ദന്റെ കുറിപ്പ്

ചിലര്‍ വരുമ്പോള്‍ നിയമങ്ങള്‍ വഴിമാറുന്നത് അംഗീകരിക്കാനാവില്ല എന്ന് സുപ്രീംകോടതി അസന്നിഗ്ധമായി വ്യക്തമാക്കിയത് മരടിലെ ഫ്ലാറ്റുകളുടെ കാര്യത്തില്‍ ആവര്‍ത്തിക്കപ്പെട്ടു.

ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ക്ക് പരാതിയുണ്ട്. അത് സുപ്രീംകോടതിയെ അറിയിക്കുകയും ചെയ്തു. നഗരസഭാ സെക്രട്ടറിക്ക് സുപ്രീംകോടതിയുടെ വിധിയില്‍ സന്തോഷമുണ്ടെന്ന് വ്യക്തമാക്കപ്പെട്ടു. ഇവിടെ വാദി തീരദേശ പരിപാലന അഥോറിറ്റിയാണ്. വിശദമായ വാദങ്ങള്‍ കേട്ട ശേഷമാണ് ബഹുമാനപ്പെട്ട സുപ്രീംകോടതി ഒരു മാസത്തിനകം ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ടത്. കഴിഞ്ഞ പ്രളയത്തില്‍ ആവാസം നഷ്ടപ്പെട്ട പാവങ്ങളെ സംബന്ധിച്ചിടത്തോളം, സുപ്രീംകോടതിയുടെ നിരീക്ഷണം വലിയ ആശ്വാസമാണ്. ഇനിയുമൊരു പ്രളയം താങ്ങാന്‍ കേരളത്തിന് കെല്‍പ്പില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

നിലവിലുള്ള നിയമങ്ങള്‍ തലനാരിഴ കീറി പരിശോധിച്ചാണ് ഇന്നത്തെ സ്ഥിതിയിലേക്ക് കാര്യങ്ങളെ സുപ്രീംകോടതി എത്തിച്ചത്. മെയ് മാസത്തില്‍ എല്ലാ ഫ്ലാറ്റുകളും പൊളിച്ചു നീക്കാനാണ് സുപ്രീംകോടതി വിധി പറഞ്ഞത്. ഫ്ലാറ്റുടമകള്‍ സമര്‍പ്പിച്ച റവ്യൂ ഹര്‍ജിയില്‍ ബഹു. സുപ്രീം കോടതി വിധിച്ചത്, ഫ്ലാറ്റുകള്‍ ആറാഴ്ച്ചത്തേക്ക് പൊളിക്കേണ്ടതില്ല എന്നായിരുന്നു. അത് ജൂണ്‍ മാസത്തിലായിരുന്നു.

സെപ്തംബറായപ്പോഴേക്ക് കാര്യങ്ങള്‍ മാറി. ഫ്ലാറ്റുകള്‍ പൊളിക്കാത്ത വിഷയത്തില്‍ ബഹു. സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. മരട് മുനിസിപ്പാലിറ്റി വിശദീകരണം നല്‍കണമെന്നായിരുന്നു കോടതിയുടെ നിലപാട്.

ഒടുവില്‍ ഇന്ന് സുപ്രീംകോടതിയുടെ അന്തിമ തീര്‍പ്പ് വന്നിരിക്കുന്നു. മാധ്യമങ്ങളും എക്സിക്യൂട്ടീവും പരാജയപ്പെടുമ്പോള്‍ ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്ന തീര്‍പ്പാണത്. തടയണ കെട്ടിയും കുന്നിടിച്ചും വയല്‍ നികത്തിയും തീരദേശം നശിപ്പിച്ചും ജനങ്ങളുടെ ആവാസവ്യവസ്ഥ തകര്‍ക്കുന്ന അവിശുദ്ധ കൂട്ടുകെട്ടുകള്‍ക്ക് ഇതൊരു താക്കീതുമാണ്.

ഇവിടെ വഞ്ചിക്കപ്പെട്ടത് ഫ്ലാറ്റുടമകളാണ്. എല്ലാ നിയമങ്ങളും ലംഘിച്ച് ഫ്ലാറ്റുകള്‍ കെട്ടിപ്പൊക്കാന്‍ സര്‍ക്കാരിന്‍റെ പിന്തുണയുണ്ടല്ലോ എന്ന ആശ്വാസത്തിലായിരിക്കണം, അവര്‍ ഫ്ലാറ്റുകള്‍ സ്വന്തമാക്കിയത്. നിയമലംഘനത്തിന് കൂട്ടുനിന്നവരെല്ലാം തന്നെയാണ് അവരുടെ നഷ്ടം നികത്തിക്കൊടുക്കേണ്ടത്.

First published: September 6, 2019, 6:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading