കോട്ടയം: സംസ്ഥാനത്തെ ആദ്യ അതിവേഗ ദീര്‍ഘദൂര എ.സി യാത്രാബോട്ടായ 'വേഗ 120 ' വൈക്കത്തെത്തി. നവംബര്‍ നാലിന് കന്നിയാത്ര വൈക്കം- എറണാകുളം ജലപാതയില്‍ സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായാണ് ബോട്ട് വൈക്കത്തെത്തിച്ചത്.
ശീതികരിച്ച കാബിന് ഉള്‍പ്പെടെ ആധുനിക സൗകര്യങ്ങള്‍ എല്ലാം കൂട്ടിയിണക്കിയാണ് വേഗ 120 എന്ന് പേരിട്ടിരിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ അതിവേഗദീര്ഘദൂര യാത്രാബോട്ട് നിര്‍മ്മിച്ചിരിക്കുന്നത്. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് യാത്രയിലെ മടുപ്പകറ്റാന്‍ ലഘുഭക്ഷണശാല, സ്ത്രീകള്‍ക്കും, പുരുഷന്മാര്ക്കും പ്രത്യേക ശുചിമുറികള്‍, ആധുനിക നിലവാരത്തിലുള്ള സീറ്റുകള്‍ തുടങ്ങിയവയും, ബോട്ടിലൊരുക്കിയിട്ടുണ്ട്.
സാധാരണ ബോട്ടുകളുടെ വേഗത മണിക്കൂറില്‍ 14 കി.മീ ആണ്, എന്നാല്‍ 'വേഗ 120 'ക്ക് മണിക്കൂറില്‍ 25 കി.മീ. ദൂരം താണ്ടുവാന്‍ സാധിക്കും. 12 നോട്ടിക്കല്‍ മൈലാണ് ബോട്ടിന്റെ പരമാവധി വേഗത. നാല് ജീവനക്കാര്‍ സദാസമയം ബോട്ടിലുണ്ടാകും. രണ്ട് എന്‍ജിനുകളുള്ള ബോട്ടില്‍ ഹൈഡ്രോളിക് സ്റ്റിയറിംഗ് സംവിധാനവും, ഇലക്ട്രിക് സ്റ്റിയറിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
എ.സി, നോണ്‍ എ.സി കമ്പാര്‍ട്ട്മെന്റുകളിലായി ഒരേ സമയം 120 പേര്‍ക്ക് സഞ്ചരിക്കാനാകും. ആദ്യ ദിനങ്ങളില്‍ രാവിലെയും വൈകിട്ടും രണ്ട് സര്‍വീസുകളാണ് 'വേഗ 120 ' നടത്തുന്നത്. വൈക്കത്ത് നിന്നാരംഭിക്കുന്ന ബോട്ട് സര്‍വ്വീസ് എറണാകുളത്തെ സുഭാഷ് പാര്ക്കിന് സമീപത്തെ ബോട്ട് ജെട്ടിയില്‍ യാത്ര അവസാനിപ്പിക്കും.
യാത്രക്കാരുടെ സുരക്ഷക്കാവശ്യമായ എല്ലാ ക്രമീകരണങ്ങളും ബോട്ടില്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി. നായര്‍ പറഞ്ഞു. ഒന്നേമുക്കാല്‍ മണിക്കൂര്‍ കൊണ്ട് എറണാകുളത്തെത്താനാകും. വൈക്കത്ത് നിന്ന് യാത്ര ആരംഭിക്കുന്ന ബോട്ടിന് ആലപ്പുഴ ജില്ലയിലെ പെരുമ്പളം സൗത്ത്, പാണാവള്ളി, അരൂര്‍, എറണാകുളം ജില്ലയിലെ തേവര ഫെറി എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ട്. എ.സിക്ക് 80 രൂപയും, നോണ്‍ എ.സിക്ക് 40 രൂപയുമാണ് നിരക്ക്.
സര്‍വീസ് സമയം
വൈക്കത്ത് നിന്ന് 7.30-ന് പുറപ്പെടും. 9.30-ന് എറണാകുളത്ത് എത്തും. വൈകീട്ട് 5.30-ന് പുറപ്പെട്ട് 7.30-ന് വൈക്കത്ത് എത്തും. രാവിലെ എറണാകുളത്ത് എത്തിയശേഷം വൈകിട്ട് വരെ അവിടെ സര്‍വീസ് നടത്തും.
നാല് കണക്ഷന് സര്‍വീസുകളും ഉണ്ട്. വൈക്കത്ത് നിന്ന് തവണക്കടവിലേക്കും തേവര ഫെറിയില്‍ നിന്ന് കാക്കനാട്ടേക്കും വൈറ്റിലയ്ക്കും പിന്നെ പെരുമ്പളം സൗത്തില്‍ നിന്ന് പൂത്തോട്ടയ്ക്കുമാണ് ബോട്ട് സര്‍വീസ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Vaikkom-ernakulam ac boat service, Vega 120, എ.സി ബോട്ട് സർവ്വീസ്, വൈക്കം-എറണാകുളം ബോട്ട്