• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'സർക്കാർ എന്ന് കേട്ടാലേ അഴിമതിയാണെന്ന് കരുതുന്നുവെങ്കിൽ നിങ്ങൾക്ക് ജനാധിപത്യ സംവിധാനത്തിന്റെ കിടപ്പ് ശരിയ്ക്ക് മനസിലായിട്ടില്ല എന്ന് വേണം മനസിലാക്കാൻ'

'സർക്കാർ എന്ന് കേട്ടാലേ അഴിമതിയാണെന്ന് കരുതുന്നുവെങ്കിൽ നിങ്ങൾക്ക് ജനാധിപത്യ സംവിധാനത്തിന്റെ കിടപ്പ് ശരിയ്ക്ക് മനസിലായിട്ടില്ല എന്ന് വേണം മനസിലാക്കാൻ'

ഫേസ് ബുക്ക് പോസ്റ്റിലാണ് വൈശാഖൻ തമ്പി റിലീഫ്, റെസ്ക്യു, റീ ബിൽഡ് പ്രവർത്തനങ്ങളെക്കുറിച്ചും സർക്കാരിന്‍റെ ഇടപെടലിനെക്കുറിച്ചും വ്യക്തമാക്കുന്നത്.

news18

news18

 • Last Updated :
 • Share this:
  തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതിനെതിരെ പ്രചാരണം നടത്തുന്നവർക്ക് എതിരെ ശക്തമായ പ്രതിരോധവുമായി സോഷ്യൽ മീഡിയ. സർക്കാർ എന്ന് കേട്ടാലേ അഴിമതിയാണെന്ന് കരുതുന്നുവെങ്കിൽ നിങ്ങൾക്ക് ജനാധിപത്യ സംവിധാനത്തിന്‍റെ കിടപ്പ് ശരിയ്ക്ക് മനസിലായിട്ടില്ല എന്ന് വേണം മനസിലാക്കാനെന്ന് എഴുത്തുകാരൻ വൈശാഖൻ തമ്പി. ഫേസ് ബുക്ക് പോസ്റ്റിലാണ് വൈശാഖൻ തമ്പി റിലീഫ്, റെസ്ക്യു, റീ ബിൽഡ് പ്രവർത്തനങ്ങളെക്കുറിച്ചും സർക്കാരിന്‍റെ ഇടപെടലിനെക്കുറിച്ചും വ്യക്തമാക്കുന്നത്.

  വൈശാഖൻ തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

  ഒരേ സമയം ഈ രണ്ടിലൊരു ഓപ്ഷൻ തെരെഞ്ഞെടുക്കേണ്ടി വന്നാൽ നിങ്ങൾ ഏതെടുക്കും?

  1. ഒരു ക്യാൻസർ രോഗിയുടെ ചികിത്സയ്ക്ക് 2000 രൂപ സഹായം നൽകുക.

  2. ഒരു ക്യാൻസർ ആശുപത്രി തുടങ്ങാൻ 2000 രൂപ സംഭാവന കൊടുക്കുക.

  ഒന്നാമത്തേതാകാനാണ് സാധ്യത കൂടുതൽ. അവിടെ ഒരു രോഗിയുടെ സൗഖ്യമാണ് വിഷയം. എന്നാൽ നാളെ അനവധി രോഗികൾക്ക് ഗുണകരമാകാൻ പോകുന്ന ഒരു സംവിധാനമാണ് രണ്ടാമത്തെ വിഷയം. ആ യുക്തിയിൽ രണ്ടാമത്തേതാണ് കൂടുതൽ പ്രയോജനകരമായ പ്രവൃത്തി എന്ന് കാണാമെങ്കിലും, ആദ്യത്തേതിന് തന്നെയാകും കൂടുതൽ പേരും മുൻഗണന നൽകുക. കാരണം അതാണ് നമ്മെ വൈകാരികമായി കൂടുതൽ തൃപ്തിപ്പെടുത്തുക. മറ്റുള്ളവരെ സഹായിക്കുമ്പോൾ മസ്തിഷ്കത്തിലെ ആഹ്ലാദ സംബന്ധിയായ കേന്ദ്രങ്ങൾ ഉദ്ദീപിപ്പിക്കപ്പെടുന്നതായി ശാസ്ത്രീയ പഠനങ്ങൾ തന്നെയുണ്ട്. വിശപ്പും ലൈംഗിക താത്പര്യവുമൊക്കെ ശമിപ്പിക്കുമ്പോൾ തോന്നുന്നതിന് സമാനമാണത്. അതായത്, Altruism എന്നത് മനുഷ്യന്റെ ജനിതകത്തിൽ തന്നെയുള്ളതാണ്. അത് ഏറിയും കുറഞ്ഞും എല്ലാവരിലുമുണ്ട്.

  പക്ഷേ തൊട്ടുമുന്നിലല്ലാത്ത ദുരിതങ്ങൾക്ക് വികാരങ്ങളെ അത്രത്തോളം സ്വാധീനിക്കാൻ കഴിഞ്ഞേക്കില്ല. അവിടെ വ്യക്തിത്വം, സ്വാധീനിച്ച ആശയങ്ങൾ, എന്നിങ്ങനെ വിവരക്കേട് കൊണ്ട് തൊണ്ടതൊടാതെ വിഴുങ്ങിയ നുണകൾ വരെ അതിന് മുകളിൽ നിൽക്കും. ഇത്തവണത്തെ പ്രളയം കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് കുറച്ച് പ്രദേശങ്ങളെ മാത്രമേ ബാധിച്ചിട്ടുള്ളൂ. മഴയുടെ പാറ്റേണും അത്രത്തോളം അപകടകരമായിരുന്നില്ല. അതിന്റെ പാർശ്വഫലം എന്ന് കരുതണം, ഇത്തവണ കൂടുതൽ സംഘികൾ കരയിലുണ്ടായിരുന്നു. അവർ തങ്ങളെക്കൊണ്ട് കൂട്ടിയാൽ കൂടുന്ന ഏക ഇന്റലക്ച്വൽ ഫീറ്റായ കുത്തിത്തിരിപ്പിൽ തന്നെയാണ് ഇത്തവണയും ഫോക്കസ് ചെയ്തത്.

  പക്ഷേ അത് വിലപ്പോയ മട്ടല്ല. ആദ്യമൊക്കെ കളക്ഷൻ സെന്ററുകൾ മന്ദഗതിയിലായിരുന്നു എങ്കിലും ഇപ്പോൾ അതല്ല അവസ്ഥ. കഴിഞ്ഞ വർഷം എല്ലാവരെ സംബന്ധിച്ചും അടുപ്പമുള്ള ആരെങ്കിലുമൊക്കെ അപകടത്തിലായിരുന്നു. ആ ഒരു വൈകാരിക സമ്മർദ്ദം ഇത്തവണ ഇല്ലാതിരുന്നതാകാം ആദ്യത്തെ തണുപ്പൻ മട്ടിന് കാരണം. പക്ഷേ സംഘി ആശയങ്ങൾക്ക് പൂർണമായും വഴങ്ങിയിട്ടില്ലാത്ത ഒരു പൊതുബോധം കേരളത്തിനുണ്ട്. അതാണ് ഈ നാടിനെ ഇന്നും വേറിട്ട് നിർത്തുന്നത്.

  കാലാവസ്ഥാ പാറ്റേണുകൾ ആഗോളതലത്തിൽ തന്നെ മാറിവരികയാണ്. അസാധാരണമായ അതിതീവ്രമഴകൾ ലോകത്ത് പലയിടങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇന്ന് കരയിലിരിക്കുന്നവരാകാം നാളെ വെള്ളത്തിൽ നിൽക്കേണ്ടി വരുന്നത്. നമുക്കെല്ലാം പരസ്പരം ആവശ്യമുണ്ട്. അതുകൊണ്ട് അവരവരാലാകുന്നത് ചെയ്യാം. നേരിട്ട് ദുരന്തമുഖത്ത് സഹായമാകാൻ എല്ലാവർക്കും സാധിക്കില്ല. നമ്മുടെ സഹായം വിശ്വാസമുള്ള ചാനലുകളിലൂടെ അവിടെയെത്തിക്കാൻ ശ്രമിക്കുന്നതാണ് ഉചിതം. നിയമത്തോടും ജനത്തോടും അക്കൗണ്ടബിളായ സർക്കാരിനോളം വിശ്വസ്തമായ മറ്റൊരു ഏജൻസി ഉണ്ടെന്ന് തോന്നാത്തതിനാൽ ഞാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ തെരെഞ്ഞെടുക്കുന്നു.

  സർക്കാർ എന്ന് കേട്ടാലേ അഴിമതിയാണെന്ന് കരുതുന്നുവെങ്കിൽ നിങ്ങൾക്ക് ജനാധിപത്യ സംവിധാനത്തിന്റെ കിടപ്പ് ശരിയ്ക്ക് മനസിലായിട്ടില്ല എന്ന് വേണം മനസിലാക്കാൻ. രാഷ്ട്രീയക്കാരിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നുമൊക്കെ വേറിട്ട ഒരു അസ്തിത്വം അതിനുണ്ട്. അഴിമതി വാർത്തകൾ പുറത്തുവരുന്നത് തന്നെ ആ സംവിധാനത്തിന്റെ ശക്തി കൊണ്ടാണ്. അതുകൊണ്ട് മണ്ണും പിണ്ണാക്കും തിരിച്ചറിയാത്ത വിഡ്ഢികളുടെ കുപ്രചരണങ്ങളിൽ വീഴാതിരിക്കുക. (മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ സംശയമില്ലാന്ന് അവരുടെ നേതാവ് വ്യക്തമാക്കി കഴിഞ്ഞു) ദുരന്തനിവാരണത്തിലെ Rescue, Relief എന്നീ ഘട്ടങ്ങളിൽ നിരവധിപേർക്ക് പങ്കുണ്ടെങ്കിലും, Rehabilitation എന്നത് ഏതാണ്ട് പൂർണമായും സർക്കാരിന്റെ മാത്രം ജോലിയാണെന്ന് ഓർക്കണം. പൊളിഞ്ഞ പാലങ്ങളും തകർന്ന റോഡുകളുമൊക്കെ ശരിയാക്കാൻ സർക്കാരിന് മാത്രമേ കഴിയൂ. അതുകൊണ്ട് വിവേകത്തോടെ പെരുമാറുക. ആവർത്തിക്കുന്നു, നമുക്കെല്ലാം പരസ്പരം ആവശ്യമുണ്ട്.

  First published: