HOME » NEWS » Kerala » VALLIKKUNNU APP READY CANDIDATES NOW INTERACT DIGITALLY WITH VOTERS RV TV

വള്ളിക്കുന്ന് ആപ്പ് റെഡി; സ്ഥാനാര്‍ഥിയ്ക്ക് വോട്ടര്‍മാരോട് ഇനി ഡിജിറ്റലായി സംവദിക്കാം

സ്ഥാനാര്‍ഥിയുടെ പ്രചാരണ വീഡിയോ, ചിത്രങ്ങള്‍, വാര്‍ത്തകള്‍ എല്ലാം ആപ്പിലൂടെ അറിയാം.

News18 Malayalam | news18-malayalam
Updated: March 20, 2021, 12:47 PM IST
വള്ളിക്കുന്ന് ആപ്പ് റെഡി; സ്ഥാനാര്‍ഥിയ്ക്ക് വോട്ടര്‍മാരോട് ഇനി ഡിജിറ്റലായി സംവദിക്കാം
vallikkunnu app
  • Share this:
കോഴിക്കോട്: കോവിഡ് കാലമാണ്. ജനസമ്പര്‍ക്കം പരമാവധി കുറച്ചുകൊണ്ട് എങ്ങനെ വോട്ടര്‍മാരെ സ്വാധീനിക്കാമെന്നാണ് ഓരോ സ്ഥാനാര്‍ഥികളും ആലോചിക്കുന്നത്. വള്ളിക്കുന്ന് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രൊഫ. എ പി അബ്ദുല്‍ വഹാബ് കുറച്ചു സ്മാര്‍ട്ടായാണ് വോട്ടര്‍മാരെ സമിക്കുന്നത്. സ്മാര്‍ട്ടെന്ന് പറഞ്ഞാല്‍ ഡിജിറ്റല്‍ പ്രചാരണത്തിന്റെ പുത്തന്‍ വഴികളിലൂടെ. അതിനുള്ള ആപ്പ് തയ്യാറായിക്കഴിഞ്ഞു. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് വോട്ടര്‍മാരുമായി സംവദിക്കാനും പ്രചാരണം നടത്താനും ഒരു സ്ഥാനാര്‍ഥി ആപ്പ് തയ്യാറാക്കുന്നത്. സ്ഥാനാര്‍ഥിയുടെ പ്രചാരണ വീഡിയോ, ചിത്രങ്ങള്‍, വാര്‍ത്തകള്‍ എല്ലാം ആപ്പിലൂടെ അറിയാം.

സ്ഥാനാര്‍ഥിക്ക് വീടു വീടാന്തരം കയറി എല്ലാവരോടും അവരുടെ പ്രശ്നങ്ങള്‍ ചോദിച്ചറിയുക പ്രയാസം. പ്രചാരണ പരിപാടികള്‍ക്കും സമയം വളരെ കുറവാണ്. ഈ ഘട്ടത്തില്‍ സ്ഥാനാര്‍ഥിയോട് വോട്ടര്‍മാര്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ ഉണര്‍ത്തിക്കാനുള്ള നൂതന ഡിജിറ്റല്‍ സംവിധാനമായി സ്മാര്‍ട്ട് വള്ളിക്കുന്ന് ആപ്പ് മാറും.

ആപ്പിലെ നിര്‍ദേശങ്ങള്‍ എന്ന ബട്ടണിലൂടെ ഓരോ വോട്ടര്‍ക്കും അവരുടെ പ്രാദേശിക വിഷയങ്ങള്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി പ്രൊഫ . എ പി അബ്ദുല്‍ വഹാബിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സാധിക്കും. ലിങ്കിലൂടെയും ക്യുആര്‍ കോഡ് സംവിധാനത്തിലൂടെയും ആപ് ഡൗണ്‍ലോഡ് ചെയ്യാം. ആപ് സംവിധാനത്തിലൂടെ ഓരോ വ്യക്തിക്കും സ്ഥാനാര്‍ഥിയോട് എപ്പോഴും ആശയ വിനിമയം സാധ്യമാകും. ഇത് സാമൂഹിക അകലത്തിന്റെ കാലത്ത് ഡിജിറ്റല്‍ അടുപ്പം സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

Also Read- ശബരിമല: കാനത്തിന്റെ നിലപാടിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കോവിഡ് പ്രതിരോധത്തില്‍ ലോകത്തിന് മാതൃകയായ കേരള സര്‍ക്കാരിന്റെ ജിഒകെ ആപ്പിന്റെ അണിയറയിലുള്ള ക്യുകോപിയാണ് സ്മാര്‍ട്ട് വള്ളിക്കുന്ന് ആപ്പ് നിര്‍മിച്ചിരിക്കുന്നത്. നിപ, പ്രളയം എന്നി അടിയന്തര ഘട്ടങ്ങളിലും കേരള സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള ഡിജിറ്റല്‍ സംഘമാണ് കോഴിക്കോട് ആസ്ഥാനമായുള്ള ക്യുകോപി. വള്ളിക്കുന്ന് നിയോജക മണ്ഡലം സ്ഥാനാര്‍ഥി പ്രൊഫ. എ പി അബ്ദുല്‍ വഹാബിന്റെ സ്മാര്‍ട്ട് വള്ളിക്കുന്ന് മൊബൈല്‍ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ലോഞ്ച് ചെയ്തു. സാമൂഹിക അകലം പാലിക്കേണ്ട കാലഘട്ടത്തില്‍ മണ്ഡലത്തിലെ ജനങ്ങളുടെ വികസന ആശയങ്ങളെ കുറിച്ചറിയാനും സംവദിക്കാനുമുള്ള ഡിജിറ്റല്‍ വേദിയാണ് സ്മാര്‍ട്ട് വള്ളിക്കുന്ന് ആപ്പ് എന്ന മുഖ്യമന്ത്രി പറഞ്ഞു.

പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കുറഞ്ഞ സമയം മാത്രമാണ് മുന്നിലുള്ളത്. പരമാവധി വോട്ടര്‍മാരെ നേരില്‍ കാണുകയും അവരുടെ പ്രയാസങ്ങളും വിഷമതകളും മനസിലാക്കുകയും വെല്ലുവിളിയാണ്. ഈ പ്രതിബന്ധത്തെ വളരെ സ്മാര്‍ട്ടായി മറികടക്കാന്‍ ആപ്പിലൂടെ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അബ്ദുല്‍ വഹാബ്. വ്യത്യസ്ത ഡിജിറ്റല്‍ രീതിയില്‍ പ്രചരണം നടത്തുന്ന സംസ്ഥാനത്തെ ആദ്യ നിയമ സഭാ മണ്ഡലമാണ് വള്ളിക്കുന്ന്.

കോവിഡ് കാലത്ത് വീടുകള്‍ കയറിയും കുടുംബസദസുകളില്‍ പങ്കെടുത്തും പൊതുയോഗങ്ങളില്‍ വേദി പങ്കിട്ടും സ്ഥാനാര്‍ഥികള്‍ വിശ്രമമില്ലാതെ ഓടുമ്പോള്‍ ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ വലിയ ആശ്വാസമാകുമെന്ന് സ്ഥാനാര്‍ഥി അബ്ദുല്‍ വഹാബ് പറഞ്ഞു.
Published by: Rajesh V
First published: March 20, 2021, 12:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories