തിരുവനന്തപുരം: കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വന്ദേഭാരത് എക്സ്പ്രസ് സർവീസ് ആരംഭിച്ചിരിക്കുന്നു. എന്നാൽ വന്ദേഭാരത് സർവീസിന് വേണ്ടി മറ്റ് ട്രെയിനുകൾ പിടിച്ചിടേണ്ടിവരുന്നത് യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കേണ്ടിവരുന്നതായി ആക്ഷേപം ഉയരുന്നു. വന്ദേഭാരത് കൃത്യസമയം പാലിക്കാൻവേണ്ടി മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നത് സമയക്രമം തെറ്റാൻ ഇടയാക്കുന്നതായാണ് പരാതി.
വന്ദേഭാരത് സംസ്ഥാനത്ത് സർവീസ് ആരംഭിച്ച് ഒരു ആഴ്ച പിന്നിടുമ്പോൾ ട്രെയിനുകൾ വൈകുന്നെന്ന വ്യാപകമായ പരാതിയാണ് ഉയരുന്നത്. തിരുനെൽവേലി-പാലക്കാട് പാലരുവി, തിരുവനന്തപുരം-ഷൊർണൂർ വേണാട്, എറണാകുളം-ബാംഗ്ലൂർ ഇന്‍റർസിറ്റി, തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി തുടങ്ങിയ ട്രെയിനുകൾ വന്ദേഭാരത് കാരണം വൈകുന്നതായാണ് യാത്രക്കാർ ആരോപിക്കുന്നത്.
തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വേണാട് എക്സ്പ്രസിലെ യാത്രക്കാരാണ് വന്ദേഭാരത് കാരണം ആദ്യം വലയുന്നത്. പുലര്‍ച്ചെ അഞ്ച് പതിനഞ്ചിന് തിരുവനന്തപുരത്തു നിന്ന് എടുത്തിരുന്ന ട്രെയിന്‍ വന്ദേഭാരതിന് അഞ്ചുമിനിറ്റ് പിന്നിലാണിപ്പോള്‍ വേണാട് യാത്ര തുടങ്ങുന്നത്. ഇതോടെ എറണാകുളത്ത് ഈ ട്രെയിൻ എത്തുന്ന സമയം വൈകി. ഓഫീസ് സമയത്തിൽ എത്തിയിരുന്ന യാത്രക്കാർ ദുരിതത്തിലായി.
കൊല്ലത്തു നിന്ന് പുലര്‍ച്ചെ യാത്ര തുടരുന്ന പാലരുവി എക്സ്പ്രസും 20 മിനിറ്റുവരെ പിടിച്ചിടുന്നുണ്ട്. എറണാകുളത്ത് 8.30ഓടെ എത്തിച്ചേർന്നിരുന്ന പാലരുവി ഇപ്പോൾ ഒമ്പത് മണിയോടെയാണ് നോർത്ത് സ്റ്റേഷനിൽ എത്തുന്നത്. പാലരുവി വൈകാൻ തുടങ്ങിയതോടെ എറണാകുളം ജങ്ഷൻ സ്റ്റേഷനിൽനിന്ന് എടുക്കുന്ന ബാംഗ്ലൂർ ഇന്‍റർസിറ്റിയും തിരുവനന്തപുരത്ത് നിന്ന് 9.15ന് എത്തുന്ന കോഴിക്കോടേക്കുള്ള ജനശതാബ്ദിയും വൈകാൻ തുടങ്ങി. തൃശൂർ വരെ പാലരുവിക്ക് പിന്നിൽ ഇഴഞ്ഞ് പോകേണ്ട അവസ്ഥയാണ് ഇന്‍റർസിറ്റിക്കും ജനശതാബ്തിക്കുമുള്ളത്.
ഏറനാട് എക്സ്പ്രസും വന്ദേഭാരതിന് വഴിയൊരുക്കി പിടിച്ചിടേണ്ട അവസ്ഥയാണുള്ളത്. വന്ദേഭാരതിന്‍റെ തിരികെയുള്ള യാത്രയിൽ ഡൽഹിയിൽനിന്നുള്ള തിരുവന്തപുരം കേരള എക്സ്പ്രസും പിടിച്ചിടേണ്ടിവരുന്നു. കഴിഞ്ഞ ദിവസം ഇടപ്പള്ളിയില്‍ കേരള എക്സ്പ്രസ് നിര്‍ത്തിയിട്ടത് 50 മിനിറ്റോളമാണ്.
ഇത്രയേറെ ട്രെയിനുകൾ പിടിച്ചിട്ടിട്ടും വന്ദേഭാരതിന് കൃത്യമായ സമയത്ത് സർവീസ് നടത്താനാകുന്നില്ലെന്ന് യാത്രക്കാർ ആരോപിക്കുന്നു. രാവിലെ പുറപ്പെടുന്ന വന്ദേഭാരത് കാസർകോട്ട് കൃത്യസമയത്ത് എത്തിച്ചേരുന്നുണ്ട്. തിരികെ തിരുവനന്തപുരത്തും വൈകാതെ വന്ദേഭാരത് എത്തിച്ചേരുന്നു. എന്നാൽ ഇടയ്ക്കുള്ള സ്റ്റേഷനുകളിൽ വന്ദേഭാരത് വൈകുന്നതാണ് യാത്രക്കാരെ വലയ്ക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.