• HOME
  • »
  • NEWS
  • »
  • kerala
  • »
  • Syro Malabar Church | സിറോ മലബാർ സഭയിലെ കുർബാന എകീകരണം: വൈദികരുടെ സമരത്തിനെതിരെ വത്തിക്കാൻ

Syro Malabar Church | സിറോ മലബാർ സഭയിലെ കുർബാന എകീകരണം: വൈദികരുടെ സമരത്തിനെതിരെ വത്തിക്കാൻ

ഏകീകൃത കുർബാനയ്ക്ക് ഇളവ് നൽകിയ ഉത്തരവ് അടിയന്തിരമായി പിൻവലിക്കണമെന്നും സിനഡ് അംഗീകരിച്ച കുർബാന പിന്തുടരാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നും വത്തിക്കാൻ ഓർമ്മിപ്പിച്ചു

syro-malabar-church

syro-malabar-church

  • Share this:
കൊച്ചി: സിറോ മലബാർ സഭയിലെ കുർബാന എകീകരണത്തിൽ വൈദികരുടെ സമരത്തിനെതിരെ വത്തിക്കാൻ. സഭയ്ക്ക് നിരക്കാത്ത സമര മാർഗങ്ങൾ സ്വീകരിക്കുന്ന വൈദികരെ നിലയ്ക്കു നിർത്തണമെന്ന് വത്തിക്കാൻ നല്കിയ നിർദ്ദേശത്തിൽ പറയുന്നു. സമരത്തിലും കുർബാന ഏകീകരത്തിലും ബിഷപ്പ് ആന്റണി കരിയിലിന് വത്തിക്കാൻ  അന്ത്യശാസന നല്കി. ഏകീകൃത കുർബാനയ്ക്ക് ഇളവ് നൽകിയ ഉത്തരവ് അടിയന്തിരമായി പിൻവലിക്കണമെന്നും സിനഡ് അംഗീകരിച്ച കുർബാന പിന്തുടരാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നും വത്തിക്കാൻ ഓർമ്മിപ്പിച്ചു. സഭയുടെ നിർദേശങ്ങൾ അംഗീകരിക്കുമെന്ന പ്രതിജ്ഞയുടെ ലംഘനമാണ് സിനഡ് തീരുമാനത്തെ എതിർക്കുന്നതിലൂടെ സംഭവിക്കുന്നത്. സഭയ്ക്ക് നിരക്കാത്ത സമര മാർഗങ്ങൾ സ്വീകരിക്കുന്ന വൈദികരെ ബിഷപ്പ്  ആന്റണി കരിയിൽ നിയന്ത്രിക്കണമെന്നും വത്തിക്കാൻ പൗരസ്ത്യ കാര്യാലയം പറയുന്നു.

ഇതോടെ സിറോ മലബാർ സഭയിലെ കുർബാന ഏകീകരണം  സംബന്ധിച്ച് എറണാകുളം അങ്കമാലി അതിരൂപതയിൽ തർക്കം രൂക്ഷമായി. ഏകീകരണം നടപ്പാക്കില്ലെന്ന് ഒരു വിഭാഗം വൈദികരും വിശ്വാസികളും വീണ്ടും പ്രഖ്യാപിച്ചു.  തുടർ സമരപരിപാടികൾ ഉടൻ ഉണ്ടാകും. പ്രതിഷേധം കർദിനാർ ജോർജ് ആലഞ്ചേരിക്കെതിരെ തിരിക്കാനാണ് പുതിയ നീക്കം.
വത്തിക്കാൻ  നിർദ്ദേശിച്ചാലും കുർബാന ഏകീകരണം നടപ്പാക്കില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയതോടെ  എറണാകുളം-അങ്കമാലി അതിരൂപതയിൽ കാര്യങ്ങൾ കൈവിടുകയാണ്. പൗരസ്ത്യ തിരുസംഘം വത്തിക്കാനെ തെറ്റിദ്ധരിപ്പിച്ച് ഉണ്ടാക്കിയ ഉത്തരവാണ് ഇപ്പോൾ വന്നതെന്നാണ് വിമത വിഭാഗത്തിൻറെ പുതിയ വാദം.സീറോ മലബാര്‍ സിനഡിനോടും വത്തിക്കാനിലെ പൗരസ്ത്യ കാര്യാലയത്തോടും സമരം ചെയ്യാനാണ്  അല്മായ മുന്നേറ്റത്തിന്‍റെ തീരുമാനം. സമരപരിപാടികൾക്ക് ഉടനെ രൂപം നല്കും.

കര്‍ദിനാള്‍ ആലഞ്ചേരിയെ ഇനി അതിരൂപതയിലെ  ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ലെന്ന് വിമതപക്ഷം നേരത്തെ പ്രഖ്യാപിച്ചിരുന്നു .പന്ത്രണ്ടു ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മേജര്‍ ആര്‍ച്ചുബിഷപ്പിന്‍റെ ഭൂമിയിടപാടിന്‍റെ സകല കള്ളത്തരങ്ങളും കെ.പി.എം.ജി റിപ്പോര്‍ട്ടിലൂടെ അറിഞ്ഞിട്ടും കാനോന്‍ നിയമത്തിന്‍റെ പഴുതകള്‍ ഉപയോഗിച്ച് കര്‍ദിനാളിനെ സംരക്ഷിക്കുന്ന പൗരസ്ത്യ കാര്യാലയമാണ് ഇപ്പോള്‍ കാനോനിക നിയമം 1538 പ്രകാരം പ്രത്യേക പ്രതിസന്ധിയില്‍ ഒരു രൂപതാദ്ധ്യക്ഷന് പൊതുനിയമത്തില്‍ നിന്നു നല്കാവുന്ന ഒഴിവിനു വളച്ചൊടിച്ച വ്യാഖ്യാനങ്ങള്‍ നല്കി  അതിരൂപതയിലെ സമാധാനം നഷ്ടപ്പെടുത്തി  തെരുവിലേക്ക് വലിച്ചിഴയ്ക്കുന്നതെന്നാണ് വിമത വിഭാഗത്തിന്റ വാദം. ഐക്യത്തെ നശിപ്പിച്ച് കുര്‍ബാന അര്‍പ്പണത്തില്‍ ഐകരൂപ്യം അടിച്ചേല്പിക്കരുതെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനത്തെ അവഗണിച്ച് മനഃപൂര്‍വം  ഇടവകകളില്‍ വിഭാഗീയതയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുകയാണെന്നും ഇതിന് കാരണക്കാരനായ കര്‍ദിനാള്‍ ആലഞ്ചേരിയെ ഇനി എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരിടവകയിലും കടക്കാന്‍  സമ്മതിക്കില്ലെന്നും വൈദിക പട്ടം കൊടുക്കാനും മറ്റും  ഇടവകകളില്‍ വരുന്ന കര്‍ദിനാളിനെ എന്തു വിലകൊടുത്തും  തടയുമെന്നും അല്മായ മുന്നേറ്റം പറയുന്നു.

ജനാഭിമുഖ കുര്‍ബാനയ്ക്കു വിരുദ്ധമായി നിലപാടെടുത്ത് സിനഡ് കുര്‍ബാന അര്‍പ്പിക്കുവാന്‍  വികാരിയച്ചന്മാരെയോ മറ്റു സന്ന്യാസവൈദികരെയോ  അനുവദിക്കില്ല. ആവശ്യമില്ലാത്ത സംഘര്‍ഷങ്ങള്‍ക്ക് ഇടനല്കാതെ ഇപ്പോള്‍ അതിരൂപതയില്‍ നിലനില്‍ക്കുന്ന ജനാഭിമുഖ കുര്‍ബാന തന്നെ എല്ലായിടത്തും നടത്താന്‍ മാര്‍പാപ്പയുടെ നിര്‍ദ്ദേശ പ്രകാരം മെത്രാപ്പോലീത്തന്‍ വികാരി നല്കിയിരിക്കുന്ന അനുവാദത്തെ എല്ലാവരും മാനിക്കണമെന്നും  ഇനിമുതല്‍ ജനാഭിമുഖ കുര്‍ബാനയോട് പുറംതിരിഞ്ഞ് നില്ക്കുന്ന സിനഡ് പിതാക്കന്മാരെയും തങ്ങൾ ആദരിക്കുകയോ അംഗീകരിക്കുകയോ ചെയ്യില്ലെന്നും എറണാകുളം അങ്കമാലി അതിരൂപതയിലെ വിശ്വാസി കൂട്ടായ്മായ അല്മായ മുന്നേറ്റം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Published by:Anuraj GR
First published: