• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'CPM പീഡനത്തില്‍ പ്രവാസികള്‍ ആത്മഹത്യ ചെയ്തപ്പോള്‍ പിണറായി എവിടെയായിരുന്നു?' വി.ഡി സതീശന്‍

'CPM പീഡനത്തില്‍ പ്രവാസികള്‍ ആത്മഹത്യ ചെയ്തപ്പോള്‍ പിണറായി എവിടെയായിരുന്നു?' വി.ഡി സതീശന്‍

യാഥാര്‍ത്ഥത്തില്‍ പൊലീസിനെയും സ്വന്തം പാര്‍ട്ടിക്കാരെയും കൊണ്ട് കണ്ണില്‍ ചോരയില്ലാത്ത കാര്യങ്ങള്‍ ചെയ്യിപ്പിച്ചത് മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു

  • Share this:
    സി.പി.എം പീഡനത്തില്‍ പ്രവാസികള്‍ ആത്മഹത്യ ചെയ്തപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നീതിബോധം എവിടെയായിരുന്നു എന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ലോക കേരളസഭയില്‍ പങ്കെടുക്കാത്ത യു.ഡി.എഫ് നടപടി കണ്ണില്‍ചോരയില്ലാത്തതാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. യാഥാര്‍ത്ഥത്തില്‍ പൊലീസിനെയും സ്വന്തം പാര്‍ട്ടിക്കാരെയും കൊണ്ട് കണ്ണില്‍ ചോരയില്ലാത്ത കാര്യങ്ങള്‍ ചെയ്യിപ്പിച്ചത് മുഖ്യമന്ത്രിയാണ്.

    കെ.പി.സി.സി ഓഫീസ് തകര്‍ക്കാനും കോണ്‍ഗ്രസ് ഓഫീസുകള്‍ അടിച്ച് തകര്‍ക്കാനും ബോംബ് എറിയാനും പ്രവര്‍ത്തകരുടെ തല അടിച്ച് പൊട്ടിക്കാനും പ്രതിപക്ഷ നേതാവിന്റെ വീട്ടിലേക്ക് ക്രിമിനലുകളെ അയക്കാനും മുഖ്യമന്ത്രി തീരുമാനിച്ചതാണ് കണ്ണില്‍ ചോരയില്ലാത്ത നടപടി. ഇപ്പോള്‍ വലിയ പ്രവാസി സ്‌നേഹം പറയുകയാണ്.

    മാര്‍ക്സിസ്റ്റ് പാര്‍ട്ടി കാരണം പ്രവാസികള്‍ ആത്മഹത്യ ചെയ്തല്ലോ. അപ്പോള്‍ എവിടെയായിരുന്നു മുഖ്യമന്ത്രിയുടെ നീതി ബോധം. അന്നൊന്നും കാണാത്ത നീതിബോധമാണല്ലോ ഇപ്പോള്‍ കാണിക്കുന്നത്. പ്രവാസികളോടുള്ള സ്നേഹം പ്രവാസികളിലെ സമ്പന്നരോട് മാത്രം കാണിച്ചാല്‍ പോര. പാവങ്ങളായ പ്രവാസികളോടും കാട്ടണമെന്ന് സതീശന്‍ വിമര്‍ശിച്ചു.

    ഭരണത്തില്‍ അവതാരങ്ങള്‍ ഉണ്ടാകില്ലെന്നായിരുന്നു മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്തപ്പോള്‍ പിണറായി പ്രഖ്യാപിച്ചത്. ഷാജ് കിരണിന് പിന്നാലെ അനിതാ പുല്ലയില്‍ കൂടി വന്നതോടെ പിണറായിയുടെ ഭരണത്തില്‍ ദശാവതാരങ്ങളായി. അവതാരങ്ങളെ മുട്ടി നടക്കാന്‍ വയ്യാത്ത അവസ്ഥയാണ്. ലോകകേരള സഭയിലെ പ്രതിനിധി അല്ലാത്ത അനിത പുല്ലയില്‍ എങ്ങനെയാണ് അതീവസുരക്ഷാ മേഖലയായ നിയമസഭാ സമുച്ചയത്തില്‍ കയറിയത്? സി.പി.എം നേതാക്കള്‍ക്ക് ഇത്തരം ആളുകളുമായി ബന്ധമുണ്ട്.

    Also Read- 'ഭരണത്തില്‍ അവതാരം ഉണ്ടാവില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്, ഇപ്പോള്‍ ഷാജ് കിരണുള്‍പ്പെടെ ദശാവതാരം ആയി'; വിഡി സതീശന്‍

    രണ്ട് ദിവസമായി ഇവര്‍ നിയമസഭയില്‍ ഉണ്ടായിരുന്നു. മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മാത്രമാണ് അവരെ പുറത്താക്കിയത്. അവതാരങ്ങള്‍ക്ക് എവിടെയും കയറി പോകാന്‍ സാധിക്കും. എല്ലാ കച്ചവടങ്ങളുടെയും പിന്നില്‍ ഓരോ അവതാരങ്ങളുണ്ട്. വന്‍ കമ്മീഷന്‍ കിട്ടുന്ന പദ്ധതികളുമായി വരുന്ന എല്ലാ അവതാരങ്ങളെയും സര്‍ക്കാര്‍ സ്വീകരിക്കും. ഇപ്പോള്‍ സ്വപ്നയെ എതിര്‍ക്കുകയാണ്. യോഗ്യത ഇല്ലാതിരുന്നിട്ടും ലക്ഷങ്ങള്‍ ശമ്പളം നല്‍കി കൊണ്ടു നടന്നതും ഇതേ സര്‍ക്കാരാണ്. ഇഷ്ടമില്ലാതായപ്പോള്‍ കേസെടുക്കുകയും അവരെ ഭീഷണിപ്പെടുത്തുകയുമാണ്. അതിജീവിത കേസിലും സി.പി.എമ്മിലെ പ്രമുഖ നേതാക്കളായിരുന്നു ഇടനിലക്കാരെന്നും സതീശന്‍ ആരോപിച്ചു.

    സംസ്ഥാനത്ത് വ്യാപകമായി സി.പി.എം കലാപത്തിന് ആഹ്വാനം ചെയ്യുകയാണ്. എല്ലാ നിയമങ്ങളും ലംഘിച്ച് ഭരണകക്ഷി അഴിഞ്ഞാടുന്നത് കേരള ചരിത്രത്തില് ആദ്യമായാണ്.



    വാ തുറന്നാല്‍ അബദ്ധം മാത്രം പറയുന്ന ജയരാജന്‍ യു.ഡി.എഫിന്റെ ഐശ്വര്യമാണ്. തൃക്കാക്കരയിലെ സ്ഥാനാര്‍ഥിയുടെ അശ്ലീല വീഡിയോ ഇറക്കിയത് പ്രതിപക്ഷ നേതാവാണെന്ന ആരോപണത്തില്‍ നിയമ നടപടിയുണ്ടാകും. കണ്‍വീനര്‍ സ്ഥാനത്ത് ഇരുന്നു കൊണ്ടാണ് ഇക്കാര്യം പറഞ്ഞത്. അതുകൊണ്ട് തന്നെ നിയമപരമായി നേരിടും. കാര്യങ്ങള്‍ മാറ്റി മാറ്റി പറയാനും യു.ഡി.എഫിന് അനുകൂലമായി കാര്യങ്ങള്‍ തിരിച്ച് കൊണ്ട് വരാനും ജയരാജനെ പോലെ ഒരാള്‍ വേണം. തൃക്കാക്കര തെരഞ്ഞെടുപ്പ് കാലത്ത് കൊമ്പ് കുലുക്കി വന്ന ജയരാജന്‍ കാല്‍ ലക്ഷത്തിന്റെ ഭൂരിപക്ഷവുമായാണ് മടങ്ങിയത്. അതിന്റെ ക്ഷീണം മാറ്റാന്‍ ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കുമെന്നും സതീശന്‍ പറഞ്ഞു.

    Published by:Arun krishna
    First published: