തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിലെ വിധിക്കെതിരെ പരാതിക്കാരൻ ആർ എസ് ശശികുമാറിനെതിരെയുള്ള ലോകായുക്തയുടെ പരാമർശത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പരാതി നൽകിയ ഹർജിക്കാരനെ പേപ്പടിയോട് ഉപമിച്ചത് അംഗീകരിക്കാനാവില്ലെന്ന് വി ഡി സതീശൻ പറഞ്ഞു.
പരാമർശത്തിൽ ലോകായുക്ത മാപ്പ് പറയണം. ശശികുമാർ സത്യസന്ധനായ പൊതുപ്രവർത്തകനാണ്. ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം ലോകായുക്ത തിരിച്ചറിയണം. മുൻ മന്ത്രി നിശിതമായി വിമർശിച്ചിട്ടും ലോകായുക്ത ഒരക്ഷരം മിണ്ടിയില്ലെന്നും സതീശൻ പറഞ്ഞു.
Also Read- മുഖ്യമന്ത്രി സ്വാധീനിച്ചെന്ന ആരോപണത്തിന് തെളിവുണ്ടോ? ഹർജിക്കാരന് ലോകായുക്തയുടെ രൂക്ഷ വിമർശനം
കഴിഞ്ഞ ദിവസമായിരുന്നു ആർഎസ് ശശികുമാറിനെതിരെ ലോകായുക്ത കടുത്ത വിമർശനങ്ങൾ ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ ഇഫ്താർ പരിപാടിയിൽ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തതോടെ ലോകായുക്ത ബെഞ്ചിന്മേലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ശശികുമാർ പറഞ്ഞിരുന്നു.
Also Read- ‘പേപ്പട്ടിയുടെ വായിൽ കോലിട്ട് കുത്താതെ മാറി പോവുകയാണ് നല്ലത്’; പരാതിക്കാരനായ ആർ.എസ്. ശശികുമാറിനെ വിമർശിച്ച് ലോകായുക്ത
ഇതാണ് ലോകായുക്തയെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രി സ്വാധീനിച്ചത് അദ്ദേഹം കണ്ടിട്ടുണ്ടോ, അദ്ദേഹത്തിന്റെ സാനിധ്യത്തിലാണോ അത് നടന്നത്. ഞങ്ങളിൽ വിശ്വാസമില്ലെന്നു പറയുന്നു, ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. വിശ്വാസമില്ലെങ്കിൽ എന്തിനാണ് ഈ ബെഞ്ചിൽ വന്നിരിക്കുന്നത്, സ്വാധീനം ചെലുത്തിയതിന് തെളിവുണ്ടെങ്കിൽ പറയൂ എന്നും ലോകായുക്ത പറഞ്ഞു.
പേപ്പട്ടി ഒരു വഴിയിൽ നിൽക്കുമ്പോൾ അതിന്റെ വായിൽ കോലിട്ട് കുത്താതെ മാറി പോവുകയാണ് നല്ലത്, അതുകൊണ്ടാണ് കൂടുതലൊന്നും പറയാത്തതെന്നും ലോകായുക്ത രൂക്ഷമായി വിമർശിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.