• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഞങ്ങളുടെ പെൺമക്കളെ അസഭ്യം പറയാൻ നിങ്ങളുടെ പൊലീസിന് എന്തധികാരം'; വിഡി സതീശൻ

'ഞങ്ങളുടെ പെൺമക്കളെ അസഭ്യം പറയാൻ നിങ്ങളുടെ പൊലീസിന് എന്തധികാരം'; വിഡി സതീശൻ

കേരളാ പൊലീസ് 50 വർഷം മുൻപുള്ള കുട്ടൻപിള്ള പൊലിസായെന്നും വി.ഡി.സതീശൻ

 പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

  • Last Updated :
  • Share this:
തിരുവനന്തപുരം: "ഞങ്ങളുടെ പെൺമക്കളെ അസഭ്യം പറയാനും അവർക്കെതിരെ കള്ളക്കേസെടുക്കാനും നിങ്ങളുടെ പൊലീസിന് ആര് അധികാരം നൽകിയെന്ന് സർക്കാരിനോട് പ്രതിപക്ഷനേതാവ്. പൊലീസിന് എന്തും ചെയ്യാനുള്ള ലൈസൻസാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ് നൽകുന്നത്. പുറത്തിറങ്ങുന്ന ആരേയും തടുത്തു നിർത്താനും അവരിൽ നിന്ന് ഫൈൻ ഈടാക്കാനും പൊലീസിന് എല്ലാ അധികാരവും നൽകുന്ന ഉത്തരവാണിത്.

പൊലീസ് കടന്നുകയറ്റത്തിന്റെ നിരവധി പരാതികളുണ്ട്, പറഞ്ഞാൽ ഒടുങ്ങാത്ത പരാതികൾ. എടിഎം കാർഡുമായി ക്യൂവിൽ നിന്ന പെൺകുട്ടിക്കും പെറ്റി എഴുതിക്കൊടുത്തു. പെൺകുട്ടിയെ അസഭ്യം പറയുകയും പാൻഡമിക് ആക്ട് അനുസരിച്ച് കേസെടുക്കുകയും ചെയ്തു. ഈ നാട്ടിലെ പെൺകുട്ടികൾ ഓരോ ആവശ്യത്തിന് റോഡിലിറങ്ങുമ്പോൾ അവരെ അസഭ്യം പറയാനും അവർക്കെതിരെ കള്ളക്കേസെടുക്കാനും നിങ്ങളുടെ പൊലീസിന് ആരാണ് അധികാരം നൽകിയത്?

പെൺകുട്ടികൾക്കെതിരെ പൊലീസിനെ കയറൂരി വിട്ടിരിക്കുന്നു. തൊഴിലെടുത്തു പോലും ജീവിക്കാനാകാത്ത സാഹചര്യമാണ്. ലാത്തി കൊണ്ടും തെറി അഭിഷേകം കൊണ്ടും വഴിയിൽ നിൽക്കുന്നവനെ മെക്കിട്ടു കയറിയുമാണോ കോവിഡിനെ പ്രതിരോധിക്കുന്നത്? കോവിഡ് ക്രമസമാധാന പ്രശ്നമാണോ? കോവിഡ് ആരോഗ്യ പ്രശ്നമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇപ്പോൾ പൊലീസിനെ ജനത്തിന് പേടിയാണ്. 40-50 വർഷം മുൻപത്തെ സിനിമയിലുള്ള കണ്ണു ചുമപ്പിച്ച കുടവയറുള്ള കുട്ടൻ പിള്ള പൊലീസിനെ പോലെയാണ് ഇപ്പോഴത്തെ പൊലീസ്. 50 കൊല്ലം മുൻപുള്ള കുട്ടൻ പിള്ള പൊലീസിന്റെ കാലത്തേക്ക് ഈ സർക്കാർ കേരളാ പൊലീസിനെ മടക്കി കൊണ്ടു പോയി. അത്രമാത്രം ഫൈനാണ്. ജനങ്ങളെ പീഡിപ്പിക്കുകയാണ്.

ആളുകളെ ബുദ്ധിമുട്ടിക്കുകയാണ്. ചീഫ് സെക്രട്ടറിയുടെ ഉത്തരവ് മുഖ്യമന്ത്രി വായിച്ചു നോക്കണം. പുറത്തിറങ്ങാനും ജോലിക്കു പോകാനും കഴിയില്ല. കടയിൽ കയറണമെങ്കിൽ 500 രൂപയുടെ ആർടിപിസിആർ എടുക്കണമെന്നാണ് പറയുന്നത്. സാമൂഹിക മാധ്യമങ്ങളിൽ പ്രശസ്തരായ വ്യക്തികളുടെ വിമർശനം കാണണം.
Also Read- കരിപ്പൂർ വിമാന ദുരന്തത്തിന് ഒരാണ്ട്; വലിയ വിമാനങ്ങൾക്കുള്ള നിയന്ത്രണം ഇപ്പോഴും തുടരുന്നു

പുറത്തിറങ്ങാൻ കഴിയാത്ത ആളുകൾ എങ്ങനെ കടയിൽ പോകും. 150 പെറ്റി കിട്ടിയ റിയാസ് എന്ന യുവാവിന്റെ അനുഭവവും കാണണം. ചരിത്രത്തിൽ പെറ്റി സർക്കാരെന്ന പേരാകും ഈ സർക്കാരിന് വരിക. ഇങ്ങനെയാണോ കോവിഡ് പ്രതിരോധിക്കുന്നത്. മുഖ്യമന്ത്രി ഇതു തിരുത്തണം. ഇല്ലെങ്കിൽ കോവി‍ഡിന്റെ പേരിൽ കേരളത്തിലെ പൊലീസ് ജനങ്ങളെ പീഡിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മന്ത്രിയുടേത് നിഷേധാത്മക നിലപാടാണെന്നും മന്ത്രി ആരോപിച്ചു.

സർക്കാർ ജനങ്ങളെ കളിയാക്കുകയാണ്. പരിസഹസിക്കുകയാണ്. ഇതിനു മുൻപുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുമെന്ന് പ്രഖ്യാപിക്കുകയും ഇതിനു മുൻപ് ഉള്ളതിനെക്കാൾ നിയന്ത്രണങ്ങൾ കൊണ്ടുവരികയുമാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഒരു ഡോസ് വാക്സിനും ആർടിപിസിആർ സർട്ടിഫിക്കറ്റും കോവിഡ് ഒരുമാസം മുൻപ് വന്നവർക്കും മാത്രമേ കടകളിൽ പോകാൻ കഴിയൂ.

57.86 ശതമാനം ആളുകൾക്ക് കടയിൽ പോകണമെങ്കിൽ 500 രൂപ കൊടുത്ത് ആർടിപിസിആർ സർട്ടിഫിക്കറ്റ് എടുക്കണം. എന്തു നിയന്ത്രണമാണിത്. 45 വയസ്സിനു മുകളിലുള്ളവർക്കാണ് കൂടുതൽ വാക്സിൻ എടുത്തത്. 60 വയസ്സിനു മുകളിലുള്ളവർക്ക് റിവേഴ്സ് ക്വാറന്റൈൻ നിർദേശിച്ചിട്ടുണ്ട്.

ഇപ്പോഴത്തെ വിചിത്ര ഉത്തരവ് അനുസരിച്ചാൽ 60 വയസ്സിനു മുകളിലുള്ളവർ കടയിൽ പോകുകയും 45വയസ്സിൽ താഴെയുള്ളവർ വീട്ടിൽ ഇരിക്കുകയും വേണം. ആര് ആലോചിച്ചും ആരോടും സംസാരിച്ചുമാണ് ഇതു ചെയ്തതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
Published by:Naseeba TC
First published: