• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കിടുങ്ങാക്ഷിയമ്മ പ്രയോഗം' പി.കെ.ശ്രീമതിയുടേത് കലാപാഹ്വാനം; വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല: വി.ഡി.സതീശൻ

'കിടുങ്ങാക്ഷിയമ്മ പ്രയോഗം' പി.കെ.ശ്രീമതിയുടേത് കലാപാഹ്വാനം; വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല: വി.ഡി.സതീശൻ

ഇ.പി.ജയരാജന്റെയും പി.കെ.ശ്രീമതിയുടേയും വാക്കുകൾ കലാപത്തിനുള്ള ആഹ്വാനമായിരുന്നു. അത് തെറ്റായിപ്പോയെന്നാണ് പ്രസംഗത്തിൽ പറഞ്ഞതെന്ന് സതീശന്‍

  • Last Updated :
  • Share this:
    പി.കെ.ശ്രീമതിയെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. എ.കെ.ജി സെന്ററിലേക്കുള്ള പടക്കമേറിന് തൊട്ടു പിന്നാലെ അത് കോൺഗ്രസുകാർ ചെയ്തതാണെന്ന് ഇ.പി.ജയരാജൻ പറഞ്ഞതും ഇടിവെട്ടിനേക്കാൾ വലിയ ശബ്ദമുണ്ടായെന്നും കിടുങ്ങി പോയെന്നും പി.കെ.ശ്രീമതി പറഞ്ഞതുമാണ് മല്ലപ്പള്ളിയിലെ പ്രസംഗത്തിൽ പരാമർശിച്ചത്. എകെജി സെന്‍റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് പി.കെ ശ്രീമതിക്കെതിരെ നടത്തിയ 'കിടുങ്ങാക്ഷിയമ്മ പ്രയോഗം' വിവാദമായതോടെയാണ് പ്രതിപക്ഷ നേതാവിന്‍റെ വിശദീകരണം.

    ഇ.പി.ജയരാജന്റെയും പി.കെ.ശ്രീമതിയുടേയും വാക്കുകൾ കലാപത്തിനുള്ള ആഹ്വാനമായിരുന്നു. അത് തെറ്റായിപ്പോയെന്നാണ് പ്രസംഗത്തിൽ പറഞ്ഞത്. പരാമർശം പി.കെ.ശ്രീമതി ടീച്ചറെ വേദനിപ്പിച്ചുവെങ്കിൽ അത് പിൻവലിക്കുകയും മാപ്പ് പറയുകയും ചെയ്യും. സ്ത്രീ വിരുദ്ധ പരാമർശമോ വ്യക്തിപരമായ അധിഷേപമോ ഉണ്ടായാൽ അത് നിരുപാധികം പിൻവലിച്ച് മാപ്പ് പറയുമെന്നത് കോൺഗ്രസിന്റെ നിലപാടാണെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

    പത്തനംതിട്ട ജില്ല ‘ആസാദ് കി ഗൗരവ് യാത്ര’ മല്ലപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് സതീശൻ പി.കെ ശ്രീമതിക്കെതിരായ വിവാദ പരാമർശം നടത്തിയത്.

    ‘‘എകെജി സെന്ററിന് ഓലപ്പടക്കം എറിഞ്ഞു. എന്നിട്ട് ചിറ്റപ്പൻ വന്ന് എന്താണ് പറഞ്ഞത്? ഓലപ്പടക്കം വീഴുന്നതിനും അര മണിക്കൂർ മുൻപേ ചിറ്റപ്പൻ വിവരം അറിഞ്ഞു. രണ്ട് സ്റ്റീൽ ബോംബാണ് വീണത്. കോൺഗ്രസ്സുകാരാണ് എറിഞ്ഞത്. അപ്പോൾ മുകളിലിരുന്ന് ഒരു കിടുങ്ങാക്ഷിയമ്മ കസേരയിലിരുന്ന് കിടുങ്ങി. വായിച്ചുകൊണ്ടിരുന്നപ്പോൾ വീഴാൻ പോയെന്നാണ് അവർ പറഞ്ഞത്. ഇടിമുഴക്കത്തേക്കാൾ വലിയ ശബ്ദം കേട്ടെന്നും പറഞ്ഞു. ഇതെല്ലാം കേട്ട് കേരളത്തിലെ മാർക്സിസ്റ്റുകാർ കോൺഗ്രസ് ഓഫിസുകൾ തല്ലിത്തകർത്തു. അവർ രണ്ടു പേർക്കുമെതിരെ കലാപത്തിന് കേസെടുക്കേണ്ടതായിരുന്നു. എന്നിട്ടിപ്പോൾ മാർക്സിസ്റ്റുകാർക്ക് പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്. എല്ലാവരും ചോദിക്കുന്നത് ‘കിട്ടിയോ’ എന്നാണ്. അതുകൊണ്ട് അവർ വീട്ടിലൊളിക്കുകയാണ്’ എന്നായിരുന്നു സതീശന്റെ പരാമർശം.
    Published by:Arun krishna
    First published: