നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • VD Satheesan|'പാർട്ടിയെ 16 കൊല്ലം നയിച്ചത് പിണറായി വിജയൻ'; വികസന വിരോധിയുടെ തൊപ്പി ചേരുക അദ്ദേഹത്തിനെന്ന് വിഡി സതീശൻ

    VD Satheesan|'പാർട്ടിയെ 16 കൊല്ലം നയിച്ചത് പിണറായി വിജയൻ'; വികസന വിരോധിയുടെ തൊപ്പി ചേരുക അദ്ദേഹത്തിനെന്ന് വിഡി സതീശൻ

    ഏറ്റവും കൂടുതൽ വികസന വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള പാർട്ടി സിപിഎം ആണ്.

    vd-satheesan

    vd-satheesan

    • Share this:
    കൊച്ചി: പ്രതിപക്ഷം വികസനവിരോധികളെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ (Pinarayi Vijayan)ആരോപണങ്ങൾക്ക് മറുപടിയുമായി വിഡി സതീശൻ(V. D. Satheesan). ഏറ്റവും കൂടുതൽ വികസന വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള പാർട്ടി സിപിഎം (CPM)ആണ്. ആ പാർട്ടിയെ 16 കൊല്ലക്കാലം നയിച്ചത് പിണറായി വിജയനാണ്. ഏറ്റവും വലിയ വികസനവിരോധി പിണറായി വിജയനാണ്. വികസന വിരോധിയുടെ തൊപ്പി കൂടുതൽ ചേരുക പിണറായി വിജയൻ ആണെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു.

    സിപിഎം എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടായിരുന്നു വികസന വിഷയങ്ങളിൽ പ്രതിപക്ഷ പാർട്ടികളുടെ നിലപാടിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചത്. ഇതിനെതിരെയാണ് വി ഡി സതീശൻ രംഗത്തെത്തിയത്. സിൽവർ ലൈൻ പദ്ധതിയുടെ പേരിൽ സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണ്. പരിസ്ഥിതി ആഘാത പഠനം പോലും നടത്തിയിട്ടില്ല. പദ്ധതിയെക്കുറിച്ച് അലോക് വർമ്മ പറഞ്ഞ കാര്യങ്ങൾ ഞെട്ടിക്കുന്നതാണ്. തട്ടിക്കൂട്ടിയ സർവ്വേ ആണെന്ന പ്രതിപക്ഷ ആരോപണം ഇതോടെ ശരിയാണെന്ന് തെളിഞ്ഞു. ഇനിയെങ്കിലും പദ്ധതിയിൽനിന്ന് സർക്കാർ പിന്മാറണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു

    കണ്ണൂർ വൈസ് ചാൻസലർ ആയി പ്രൊഫസർ ഗോപിനാഥ് രവീന്ദ്രൻ നിയമിക്കുന്നതിൽ ഇടപെട്ട ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു ഉടൻ രാജിവെക്കണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു. വി സിയുടെ നിയമനത്തിൽ മന്ത്രിയുടെ ഇടപെടൽ നിയമവിരുദ്ധമാണ്. ഇതിന് തെളിവാണ് ആർ ബിന്ദു ഗവർണർ ആരിഫ് മുഹമ്മദ് ഖാന് അയച്ച കത്തുകൾ.

    Also Read-VD Satheesan | സത്യപ്രതിജ്ഞാ ലംഘനം നടത്തി; ആർ. ബിന്ദു മന്ത്രിസ്ഥാനം ഒഴിയണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ

    മന്ത്രിസ്ഥാനത്ത് തുടരുന്നതിന് ആർ ബിന്ദുവിന് അർഹത നഷ്ടപ്പെട്ടതായും വി ഡി സതീശൻ പറഞ്ഞു. കണ്ണൂർ വി സിയെ പുനർനിയമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. അതുകൊണ്ടാണ് നിയമനത്തെക്കുറിച്ച് മന്ത്രി ആർ ബിന്ദു പ്രതികരിക്കാത്തതെന്നും വി ഡി സതീശൻ പറഞ്ഞു. സർവ്വകലാശാല വി സി നിയമനങ്ങളിൽ സമരം യുഡിഎഫ് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു.

    Also Read-Ramesh Chennithala | വിസി നിയമന വിവാദം; ഉന്നത വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല

    ഗവർണർമാരെ സർവ്വകലാശാല വി സി സ്ഥാനത്തുനിന്ന് മാറ്റണമെന്ന യുഡിഎഫ് സർക്കാരിന്റെ കാലത്തെ ശുപാർശയിൽ കൃത്യമായ മറുപടി പറയാൻ വി ഡി സതീശൻ തയ്യാറായില്ല. ഇക്കാര്യത്തിൽ അക്കാദമിക് ചർച്ച നടക്കട്ടെ. യുഡിഎഫ് അതിനുശേഷം ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സർക്കാർ ശുപാർശയെക്കുറിച്ച് ഇപ്പോൾ ഉയർത്തിക്കൊണ്ടു വരുന്നത് നിലവിലെ പ്രശ്നങ്ങൾ വഴിതിരിച്ചുവിടാൻ ആണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

    വൈസ് ചാൻസലർമാരുടെ നിയമന കാര്യത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിച്ച നിലപാടും തെറ്റാണ്. ഗവർണർ തെറ്റ് ചെയ്താലും അതിനെ വിമർശിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. കൂടുതൽ സർവകലാശാലകളിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നിൽകണ്ടാണ് ഇപ്പോൾ ഇതിനെക്കുറിച്ച് പ്രതികരിക്കാൻ ഗവർണർ തയ്യാറായത് എന്ന് സംശയിക്കുന്നതായും വി ഡി സതീശൻ പറഞ്ഞു.
    Published by:Naseeba TC
    First published:
    )}