• HOME
  • »
  • NEWS
  • »
  • kerala
  • »
  • VD SATHEESAN REACHED PUTHUPPALLY AND HELD DISCUSSIONS WITH OOMMEN CHANDY JK TV

കോണ്‍ഗ്രസില്‍ നിര്‍ണായക നീക്കം; വിഡി സതീശന്‍ പുതുപ്പള്ളിയില്‍; 'കോണ്‍ഗ്രസ് ഫസ്റ്റ് ഗ്രൂപ്പ് സെക്കന്‍ഡ്'; ഉമ്മന്‍ചാണ്ടി

പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ വീട്ടിലെത്തിയാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ചർച്ചകൾക്ക് തുടക്കം കുറിച്ചത്.

ഉമ്മന്‍ ചാണ്ടി, വി ഡി സതീശന്‍

ഉമ്മന്‍ ചാണ്ടി, വി ഡി സതീശന്‍

  • Share this:
കോട്ടയം: കോൺഗ്രസിൽ ഒരാഴ്ചയിലധികമായി നടക്കുന്ന നേരിട്ടുള്ള ഏറ്റുമുട്ടലിനിടെ ആണ് നിർണായക സമവായ നീക്കങ്ങൾ നടന്നത്. പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ വീട്ടിലെത്തിയാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ചർച്ചകൾക്ക് തുടക്കം കുറിച്ചത്. ഒരു മണിക്കൂറോളം നീണ്ട ചർച്ചകളാണ് പുതുപ്പള്ളിയിൽ നടന്നത്. ഉമ്മൻചാണ്ടിയും വി ഡി സതീശനും മാത്രമായിരുന്നു അടച്ചിട്ട മുറിയിലെ ചർച്ചയിൽ പങ്കെടുത്തത്. തുടർന്ന് പുറത്തെത്തിയ ഇരുനേതാക്കളും മാധ്യമങ്ങളെ കണ്ട നിലപാടുകൾ വ്യക്തമാക്കി.

പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമം നടത്തുമെന്ന് നേരത്തെ തന്നെ താനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും വ്യക്തമാക്കിയതായി വിഡി സതീശൻ ചൂണ്ടിക്കാട്ടുന്നു. അതിന്റെ ഭാഗമായാണ് ചർച്ചകൾക്ക് തുടക്കം കുറിച്ചത്. ഉമ്മൻചാണ്ടിയിൽ നിന്ന് തന്നെ ചർച്ചകൾ ആരംഭിക്കണമെന്നത്  തന്റെ ആഗ്രഹം ആയിരുന്നുവെന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ ഇന്നുള്ളതിൽ ഏറ്റവും തലമുതിർന്ന കോൺഗ്രസ് നേതാവ് എന്ന നിലയിലാണ് ഉമ്മൻചാണ്ടിയിൽ നിന്ന് ചർച്ച തുടങ്ങാൻ തീരുമാനിച്ചത്.

കോൺഗ്രസിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകും എന്ന് വിശ്വസിക്കുന്നു. പ്രശ്നങ്ങൾ ഇല്ല എന്നു പറഞ്ഞാൽ കണ്ണടച്ച് ഇരുട്ടാക്കൽ ആകും എന്നും സതീശൻ പറയുന്നു.നേതൃത്വം ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കും. ഒരു കാരണവശാലും നേതാക്കൾക്ക് പ്രശ്നങ്ങൾ ഉണ്ടാകാൻ പാടില്ല എന്നതാണ് തങ്ങളുടെ നിലപാട്.

മുതിർന്ന നേതാക്കളെ എല്ലാവരെയും വീടുകളിൽ പോയി കാണും എന്നും വിഡി സതീശൻ പുതുപ്പള്ളിയിൽ മാധ്യമങ്ങളോട് പറഞ്ഞു.നേതാക്കളുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് കോൺഗ്രസ് മുന്നോട്ടുപോകും എന്നും അദ്ദേഹം വ്യക്തമാക്കി.

ചർച്ചക്കായി വിഡി സതീശൻ പുതുപ്പള്ളിയിൽ എത്തിയതിനു ഉമ്മൻചാണ്ടി സ്വാഗതം ചെയ്തു. ചർച്ചയിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും  എന്നതാണ് കോൺഗ്രസിലെ രീതി എന്നും ഉമ്മൻചാണ്ടി പറഞ്ഞു. ഗ്രൂപ്പുകൾ ഇനിയും ഉണ്ടാകുമോ എന്ന് ഇരു നേതാക്കളും നിർത്തി മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ഉമ്മൻചാണ്ടിയാണ് മറുപടി പറഞ്ഞത്.കോൺഗ്രസ് ആണ് ഫസ്റ്റ്

ഗ്രൂപ്പ് സെക്കൻഡ് എന്നായിരുന്നു ഉമ്മൻചാണ്ടിയുടെ മറുപടി. ചർച്ചകൾ തുടരുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞതിനെ  അദ്ദേഹം സ്വാഗതം ചെയ്തു.

അതേസമയം രമേശ് ചെന്നിത്തലയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് വിഡി സതീശൻ കൃത്യമായി ഉത്തരം പറയാൻ തയ്യാറായില്ല. സിപിഎമ്മും ബിജെപിയും ഉന്നയിക്കുന്ന ആരോപണങ്ങൾക്ക്  നേരിട്ട് മറുപടി പറയുന്നതുപോലെ കോൺഗ്രസ് നേതാക്കളുടെ പ്രതികരണങ്ങൾക്ക് മറുപടി പറയില്ല എന്നായിരുന്നു വിഡി സതീശൻ വ്യക്തമാക്കിയത്. രമേശ് ചെന്നിത്തല എപ്പോൾ കാണും എന്ന് ചോദ്യത്തിനും വിഡി സതീശൻ മൗനം പാലിച്ചു. മുതിർന്ന നേതാവായി ഒതുക്കാൻ ശ്രമിക്കുന്നതായി ഉള്ള ചെന്നിത്തലയുടെ ആരോപണത്തിനും സതീശൻ മറുപടി നൽകിയില്ല. പിണക്കങ്ങൾ ഉണ്ടാകുമ്പോൾ പിണക്കങ്ങൾക്ക് ഇഴ അടുപ്പം കൂടി വരുമെന്നും വിഡി സതീശൻ വ്യക്തമാക്കി. കമ്മ്യൂണിക്കേഷൻ ഗ്യാപ്പ് മൂലമാണ് പല പ്രശ്നങ്ങളും ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ചിലര് സംസാരിച്ച കഴിഞ്ഞാലും മനസ്സിലാകാത്ത സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട് എന്നും വിഡി സതീശൻ വ്യക്തമാക്കി. ഏതായാലും സതീശൻ നേരിട്ട് ചർച്ച നടത്തിയെങ്കിലും പ്രശ്നങ്ങൾ പൂർണമായും അവസാനിച്ചു എന്ന് പറയാൻ വയ്യ. കോൺഗ്രസിൽ ഇനി തുടർ ചർച്ചകളുടെ കാലമാണ്.
Published by:Jayesh Krishnan
First published:
)}