തിരുവനന്തപുരം: വഴി തടഞ്ഞുള്ള ചക്രസ്തംഭന സമരത്തിൽ പങ്കെടുക്കാത്തിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോൺഗ്രസിന്റെ പെട്രോൾ വില വർദ്ധനവിനെതിരായ അടുത്തഘട്ട സമരം വഴിതടഞ്ഞുകൊണ്ടല്ല. എന്നാൽ തന്റെ നിലപാട് വഴി തടയൽ സമരത്തിന് എതിരാണ്.
ബന്ദിനും, ഹർത്താലിനും എതിരാണ്. 20 വർഷമായി തന്റെ നിലപാട് ഇതാണ്. നിലപാട് വ്യക്തിപരമാണ്. ഇപ്പോൾ പ്രതിപക്ഷ നേതാവും, യു.ഡി.എഫ്. ചെയർമാനും ആയതുകൊണ്ടാണ് തന്റെ നിലപാടിൽ പ്രസക്തി ഉള്ളത്. എന്നാൽ സ്വന്തം തീരുമാനം പാർട്ടിയിൽ അടിച്ചേൽപിക്കില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
എന്നാൽ അതുകൊണ്ടല്ല കോൺഗ്രസിന്റെ ചക്രസ്തംഭന സമരത്തിൽ പങ്കെടുത്തത്. അന്ന് നിയമസഭയിൽ മുല്ലപ്പെരിയാർ വിഷയത്തിൽ അടിയന്തര പ്രമേയമുള്ളതുകൊണ്ടാണ് സമരത്തിന് എത്താത്തത്. പാർട്ടിയാണ് എല്ലാത്തിലും വലുത്. അത് എന്തായാലും അംഗീകരിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 85-ാം വാർഷികത്തോടനുബന്ധിച്ച് ഭാരതീയ ദളിത് കോൺഗ്രസ് നേതാക്കൾക്കൊപ്പം പത്മനാഭ സ്വാമി ക്ഷേത്രത്തിൽ സന്ദർശനം നടത്തിയ ശേഷമായിരുന്നു പ്രതികരണം.
സി.എ.ജി. കണ്ടെത്തലുകൾ യു.ഡി.എഫ്. ആരോപണങ്ങൾ ശരിവയ്ക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രതിപക്ഷം നേരത്തെ ഉന്നയിച്ച കാര്യങ്ങളാണ് സി.എ.ജി. റിപ്പോർട്ടിലും ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഡാം മാനേജ്മെന്റിൽ ഉണ്ടായ ദയനീയമായ പരാജയമാണ് 2018ലെ പ്രളയത്തിന്റെ ആഘാതം ഇത്ര വലുതാക്കിയത്.
സി.എ.ജിയുടെ ചോദ്യങ്ങൾക്ക് സർക്കാർ കൊടുത്ത മറുപടിയിൽ ഡാം മാനേജ്മെന്റിൽ പരാജയം ഉണ്ടായെന്ന് സമ്മതിച്ചിരിക്കുകയാണ്. ഡാം മാനേജ്മെന്റിൽ കുഴപ്പമില്ലെന്ന് മുഖ്യമന്തി നിയമസഭയിലും പറഞ്ഞത് വിരോധാഭാസമാണ്. ഡാം മാനേജ്മെന്റിന്റെ എബിസിഡി അറിയാത്തവരാണ് സാഹചര്യം വഷളാക്കിയത്. എന്നിട്ടും അന്വേഷണം നടത്താൻ പോലും സർക്കാർ തയ്യാറായില്ല. കുറ്റക്കാരെ രക്ഷിക്കാനാണ് സർക്കാർ ശ്രമിച്ചത്. കടമെടുത്ത് കൂട്ടുന്നതിലെ അപകടവും പ്രതിപക്ഷം ചൂണ്ടികാണിച്ചിരുന്നു.
2020 ൽ യു.ഡി.എഫ്. പുറത്തിറക്കിയ ധവളപത്രത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തന്നെയാണ് സി.എ.ജി. റിപ്പോർട്ടിലും. ഇത്രയും വലിയ കടക്കെണിയിൽ സംസ്ഥാനം നിൽക്കുമ്പോഴാണ് 1.24 ലക്ഷം കോടി ചിലവാക്കി സിൽവർ ലൈൻ പദ്ധതി നടപ്പാക്കുമെന്ന് സർക്കാർ വാശി പിടിക്കുന്നത്. ഇത്രയും പണം എവിടെ നിന്ന് കണ്ടെത്തും?
1.24 ലക്ഷം കോടിയുടെ ബാധ്യത സംസ്ഥാനത്തിന്റെ തലയിൽ കെട്ടിവയ്ക്കാനുള്ള നീചമായ ശ്രമമാണ് സർക്കാർ നടത്തുന്നത്. സംഘപരിവാർ സർക്കാരിനെപ്പോലെ ആസൂത്രണത്തെ പിന്തള്ളി പദ്ധതിയുമായി മുന്നോട്ട് പോകുന്ന തീവ്ര വലതുപക്ഷ നിലപാടാണ് സർക്കാരിന്റേത്. ഇടതുപക്ഷത്തു നിന്നുള്ള നയവ്യതിയാനമാണിതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.