• HOME
  • »
  • NEWS
  • »
  • kerala
  • »
  • VD Satheesan| സില്‍വര്‍ ലൈന്‍ കല്ലുകള്‍ പിഴുതെറിഞ്ഞ് യുഡിഎഫ് നേതാക്കാള്‍ ജയിലുകളിലേക്ക് പോകും: വി ഡി സതീശൻ

VD Satheesan| സില്‍വര്‍ ലൈന്‍ കല്ലുകള്‍ പിഴുതെറിഞ്ഞ് യുഡിഎഫ് നേതാക്കാള്‍ ജയിലുകളിലേക്ക് പോകും: വി ഡി സതീശൻ

'പാവപ്പെട്ടവരെ ജയിലിൽ അയയ്ക്കും എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചാൽ ജനങ്ങളെ പുറകിലേക്ക് മാറ്റിനിർത്തി ഞങ്ങൾ മുന്നോട്ടുവരും. കല്ലുകൾ പിഴുതെറിയുകയും ജയിലിൽ പോകുകയും ചെയ്യും'

വി.ഡി. സതീശൻ

വി.ഡി. സതീശൻ

  • Share this:
    തിരുവനന്തപുരം: സിൽവർ ലൈനെതിരായ (Silverline) സമരത്തിൽ പാവപ്പെട്ടവർക്ക് ജയിലിൽ പോകേണ്ടി വരില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കല്ലുകൾ പിഴുതെറിയുമെന്നും യുഡിഎഫ് പ്രവര്‍ത്തകര്‍ ജയിലില്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു. ''ഇതുവരെ ജനങ്ങളാണ് സമരം ചെയ്തത്. അവർക്ക് പിന്തുണയും ആത്മവിശ്വാസവും നൽകുകയാണ് ഞങ്ങൾ ചെയ്തത്. പാവപ്പെട്ടവരെ ജയിലിൽ അയയ്ക്കും എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചാൽ ജനങ്ങളെ പുറകിലേക്ക് മാറ്റിനിർത്തി ഞങ്ങൾ മുന്നോട്ടുവരും. കല്ലുകൾ പിഴുതെറിയുകയും ജയിലിൽ പോകുകയും ചെയ്യും''- വി ഡി സതീശൻ പറഞ്ഞു.

    സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പൊള്ളത്തരങ്ങള്‍ തുറന്നു കാട്ടുന്നതിനു വേണ്ടിയാണ് യുഡിഎഫ് നൂറ് ജനകീയ സദസുകള്‍ സംഘടിപ്പിക്കുന്നത്. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനമാണ് ചെങ്ങന്നൂരിലെ മുളക്കുഴയില്‍ നടന്നത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ആബാലവൃദ്ധം ജനങ്ങളാണ് സമരത്തില്‍ പങ്കാളികളാകുന്നത്. കേരളം ഇതുവരെ കാണാത്ത ജനകീയ സമരത്തിന്റെ തിരശീലയാണ് ഉയര്‍ന്നിരിക്കുന്നത്. കേരളത്തിന്റെ സമര ചരിത്രത്തിലെ ഐതിഹാസിക സംഭവമാകും സില്‍വര്‍ ലൈന്‍ വിരുദ്ധ സമരം. വാശിയും ധാര്‍ഷ്ട്യവുമായി മുഖ്യമന്ത്രി പോയാല്‍ നന്ദിഗ്രാമില്‍ സംഭവിച്ചതു തന്നെ കേരളത്തിലെ സിപിഎമ്മിനും സംഭവിക്കും- വി ഡി സതീശൻ ഓർമിപ്പിച്ചു.

    കല്ലുകള്‍ പിഴുതാല്‍ പൊതുമുതല്‍ നശിപ്പിച്ചതിന് കേസെടുത്ത് ജയിലില്‍ അടയ്ക്കുമെന്നാണ് ഭീഷണി. സമരത്തിനിറങ്ങുന്ന സാധാരണക്കാരെ ജയിലില്‍ അടയ്ക്കുമെന്ന ഭീഷണി വിലപ്പോകില്ല. യുഡിഎഫ് നേതാക്കള്‍ നേരിട്ടിറങ്ങി കല്ലുകള്‍ പിഴുതെറിയും. കേസില്‍ പ്രതികളായി യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും ജയിലില്‍ പോകും. പാവപ്പെട്ടവരെ ജയില്‍ അടയ്ക്കുമെന്ന് മുഖ്യമന്ത്രിയോ പാര്‍ട്ടിയോ തീരുമാനിച്ചാല്‍, അത് നടക്കില്ല.

    Also Read- CPM| ‘കേന്ദ്രമന്ത്രിക്കൊപ്പം ഒരു സമുദായ നേതാവും മാടപ്പള്ളിയിലെത്തി’; സിൽവർ ലൈനിനെതിരെ നടക്കുന്നത് രാഷ്ട്രീയ സമരമെന്ന് കോടിയേരി ബാലകൃഷ്ണൻ

    പദ്ധതിയെ കുറിച്ച് വ്യക്തത വരുത്താതെയാണ് കല്ലിടലുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. വിദേശ കടം വാങ്ങി കേരളത്തെ പണയപ്പെടുത്താനും പാരിസ്ഥിതികമായി തകര്‍ക്കാനുമുള്ള ശ്രമമാണ് നടക്കുന്നത്. സാമൂഹിക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഈ പദ്ധതിക്ക് പിന്നില്‍ വന്‍ അഴിമതിയുമുണ്ട്. ഈ കാര്യങ്ങള്‍ ഉന്നയിച്ചാണ് യുഡിഎഫ് സമരം ചെയ്യുന്നത്. ധാര്‍ഷ്ട്യത്തിന്റെയും അഹങ്കാരത്തിന്റെയും ഭാഷ ഉപയോഗിച്ചു കൊണ്ട് സമരം അടിച്ചമര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തിയാല്‍ അതിന് മുന്നില്‍ വഴങ്ങില്ല. കല്ലുകള്‍ പിഴുതെറിയണമെന്ന് തീരുമാനിച്ചപ്പോള്‍ ജനങ്ങള്‍ അത് ഏറ്റെടുക്കുകയായിരുന്നു. ജനങ്ങള്‍ കല്ല് പിഴുതെറിഞ്ഞ് നടത്തുന്ന സമരത്തെ ചെറുക്കാന്‍ സര്‍ക്കാര്‍ വിചാരിച്ചാല്‍ സാധിക്കില്ല. - വി ഡി സതീശൻ പറഞ്ഞു.

    പാര്‍ട്ടിയില്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കാനും വ്യാജ വാര്‍ത്ത പ്രചരിപ്പിക്കാനും ഒരു സംഘം പ്രവര്‍ത്തിക്കുന്നു

    മനഃപൂര്‍വമായി ഓരോ ദിവസവും കുത്തിരിപ്പുണ്ടാക്കാനും മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത വരുത്താനും സമൂഹ മാധ്യമങ്ങളില്‍ തെറ്റായ പ്രചരണം നടത്താനും ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുകയും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നത് ഇവരാണ്. ഇക്കാര്യം പാര്‍ട്ടി അച്ചടക്ക സമിതി പരിശോധിക്കും. കര്‍ശന നടപടി സ്വീകരിക്കും.

    ജി 23 നേതാക്കള്‍ പറഞ്ഞ കാര്യങ്ങള്‍ രണ്ടു വര്‍ക്കിംഗ് കമ്മിറ്റി പരിശോധിക്കുകയും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പുതിയ അധ്യക്ഷനുണ്ടാകുമെന്ന് പാര്‍ട്ടി അഖിലേന്ത്യാ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
    Published by:Rajesh V
    First published: