തിരുവനന്തപുരം: പിസി ജോർജിനെ (PC George) തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത് സംഘ പരിവാർ നേതാക്കൾക്ക് അഭിവാദ്യം അർപ്പിക്കാനുള്ള അവസരത്തിനെന്ന് ആരോപിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഹിന്ദു സമ്മേളനത്തിന്റെ പേരിൽ നടക്കുന്നത് ഹൈന്ദവ വിശ്വാസത്തിനു വിരുദ്ധമായ കാര്യങ്ങളാണ്. വിദ്വേഷം വിളിച്ചുപറയുന്നത് അഭിപ്രായ സ്വാതന്ത്ര്യം അല്ല. പിസി ജോർജിനെ കൊണ്ട് ഇങ്ങനെ സംസാരിപ്പിക്കാൻ ഗൂഢാലോചന നടത്തിയവർക്ക് എതിരെ കേസെടുക്കണം. സംഘപരിവാർ നേതാക്കൾക്കെതിരെ കേസെടുക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
24 മണിക്കൂറിന് ശേഷമാണ് പി സി ജോർജിനെതിരെ പൊലീസ് നടപടി വന്നത്. അതും സ്വന്തം വാഹനത്തിലാണ് പി സി ജോർജിനെ പൊലീസ് കൊണ്ടുവന്നത്. ഇത് ദൌർഭാഗ്യകരമാണ്. പിന്നിൽ സംഘ പരിവാർ നേതാക്കളാണ്. പി സി ജോർജ് ഒരു ഉപകരണം മാത്രമാണ്. സിപിഎമ്മിനും മുഖ്യമന്ത്രിക്കും വർഗീയ പ്രീണന നയമാണുള്ളതെന്നും വി ഡി സതീശൻ പറഞ്ഞു.
ഇപ്പോഴത്തെ സംഭവങ്ങളിൽ പി സി ജോർജ് മാത്രമല്ല പ്രതി. പിന്നിൽ വൻ ഗൂഢാലോചനയുണ്ട്. പി സി ജോർജിനെക്കൊണ്ട് വിദ്വേഷ പരാമർശം നടത്താൻ ഗൂഢാലോചന നടത്തിയ സംഘപരിവാർ നേതാക്കൾക്കെതിരെയും കേസ് എടുക്കണം. വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുന്നതാണോ അഭിപ്രായ സ്വാതന്ത്ര്യമെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.
വിദ്വേഷ പ്രസംഗം നടത്തിയതിന് കേസെടുത്തതിന് പിന്നാലെ മുൻ എംഎൽഎ പി സി ജോർജിനെ (PC George) പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ഈരാറ്റുപേട്ടയിലെ വീട്ടിൽനിന്നാണ് പി സി ജോർജിനെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം ഫോർട്ട് പൊലീസാണ് (Kerala Police) ഈരാറ്റുപേട്ടയിലെത്തി പി സി ജോർജിനെ കസ്റ്റഡിയിലെടുത്തത്. പി സി ജോർജിനെ ഫോർട്ട് പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ട്.
Also Read-
'വര്‍ഗീയത പൊതുവേദികളില്‍ പ്രചരിപ്പിക്കുന്ന പി സി ജോര്‍ജിനെതിരെ കേസെടുക്കണം'; വിമര്‍ശിച്ച് ഷാഫി പറമ്പിലും വി ടി ബല്‍റാമും
മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയിൽ പി സി ജോർജിനെതിരെ കഴിഞ്ഞ ദിവസം രാത്രിയിലാണ് പൊലീസ് കേസെടുത്തത്. തിരുവനന്തപുരം ഫോർട്ട് പോലീസാണ് പി സി ജോർജിനെതിരെ കേസെടുത്തത്. ഡിജിപി അനിൽകാന്തിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. യൂത്ത് ലീഗ് ഉൾപ്പെടെ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
വിവാദ പരാമർശം: പി സി ജോർജിനെതിരെ ഡിജിപിക്ക് പരാതി നൽകി മുൻ എംഎസ്എഫ് നേതാവ്
വർഗീയ പ്രഭാഷണം നടത്തിയതുമായി ബന്ധപ്പെട്ട് മുൻ എംഎൽഎ പി.സി ജോർജിനെതിരെ ഡിജിപിക്ക് പരാതി നൽകി മുൻ എംഎസ്എഫ് നേതാവ്. എംഎസ്എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന പി പി ശൈജലാണ് പരാതി നൽകിയത്. ഹിന്ദു മഹാ പരിഷത്ത് തിരുവനന്തപുരത്ത് വെച്ച് നടത്തുന്ന 'അനന്തപുരി ഹിന്ദു മഹാസമ്മേളനം' ഉദ്ഘാടനം ചെയ്തു സംസാരിച്ച മുൻ എംഎൽഎ പിസി ജോർജ്, പ്രസംഗത്തിലുടനീളം മുസ്ലിം സമുദായത്തെ വർഗ്ഗീയമായി അധിക്ഷേപിക്കുകയും ബോധപൂർവ്വം വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. 'കച്ചവടം ചെയ്യുന്ന മുസ്ലിംകൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവ്വം കലർത്തുന്നു, മുസ്ലിംകൾ അവരുടെ ജനസംഖ്യ വർദ്ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു, മുസ്ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, തുടങ്ങി വളരെ ഗൗരവമായ നുണയാരോപണങ്ങളാണ് പ്രസംഗത്തിൽ ഉടനീളം പി സി ജോർജ് പറഞ്ഞതെന്നും പരാതിയിൽ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.