മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ (K Sudhakaran) കേസെടുത്തതിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ (V.D Satheesan). സുധാകരനെതിരായ കേസ് കോടതി വരാന്തയില്‍ പോലും നില്‍ക്കില്ലെന്ന് സതീശന്‍ പറഞ്ഞു.
നികൃഷ്ടജീവി, പരനാറി, കുലംകുത്തി എന്നൊക്കെ വിളിച്ച പിണറായിക്കെതിരെ കേസില്ല. കേരള രാഷ്ട്രീയത്തിൽ ഏറ്റവും മോശം പദപ്രയോഗങ്ങൾ നടത്തിയത് പിണറായി വിജയനാണ്. യുഡിഎഫ് നേതാക്കൾ ആരും ഇത്തരം പദപ്രയോഗങ്ങൾ നടത്താറില്ലെന്നു വി.ഡി.സതീശൻ പറഞ്ഞു.
വര്‍ഗീയ പരാമര്‍ശം നടത്തിയതിന് അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങി ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ട് പോലും പി.സി ജോര്‍ജിനെതിരേ മിണ്ടുന്നില്ല. മിണ്ടാന്‍ കഴിയില്ലെന്നും തൃക്കാക്കരയില്‍ മത്സരിക്കുന്നത് അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിയാണെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.
Also Read- മുഖ്യമന്ത്രിക്കെതിരായ തൃക്കാക്കരയിലെ പരാമര്‍ശം; കെ സുധാകരനെതിരെ കേസ്
കൊച്ചി കോർപറേഷൻ ഭരണം നഷ്ടപ്പെടാതിരിക്കാൻ സിപിഎം ബിജെപിയെ സഹായിച്ചെന്നും വി.ഡി.സതീശൻ ആരോപിച്ചു. എൽഡിഎഫ് സ്ഥാനാർഥിക്കു കഴിഞ്ഞവട്ടം സ്വതന്ത്രയായി മത്സരിച്ചതിനേക്കാൾ 78 വോട്ട് അധികം കിട്ടിയതായും സതീശൻ പറഞ്ഞു.
തൃപ്പൂണിത്തുറയില്‍ ബിജെപിക്ക് വോട്ട് മറിച്ചത് സി.പി.എം ആണ്. അത് വോട്ട് നില പരിശോധിച്ചാല്‍ മനസ്സിലാവും. യു.ഡി.എഫിന് നഗരത്തില്‍ വോട്ട് വര്‍ധിക്കുകയാണ് ചെയ്തത്. ബി.ജെ.പി അട്ടിമറി നടത്തിയ വാർഡിൽ ഞങ്ങള്‍ ജയിച്ചിരുന്നുവെങ്കില്‍ തൃപ്പൂണിത്തുറയില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടപ്പെടുമായിരുന്നു. അത് മുന്നില്‍ കണ്ടാണ് ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വോട്ട് മറിച്ച് നല്‍കിയതെന്നും സതീശന്‍ കുറ്റപ്പെടുത്തി.
'തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ കോൺഗ്രസ് വിറച്ചു പോയി': ഇ പി ജയരാജൻ
കണ്ണൂർ: തൃക്കാക്കരയിൽ (Thrikkakara)എൽഡിഎഫ് (LDF)സ്ഥാനാർത്ഥി വന്നതിനു പിന്നാലെ കോൺഗ്രസ് വിറച്ചു പോയെന്ന് ഇപി ജയരാജൻ. തെരഞ്ഞെടുപ്പിൽ സംഘർഷം ഉണ്ടാക്കി ജയിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ആം ആദ്മിക്ക് മുന്നിൽ കോൺഗ്രസ് സഹായം അഭ്യർത്ഥിച്ച് നിൽക്കുകയാണ്.
സുധാകരന്റെ പ്രതികരണത്തിൽ എഐസിസി എന്ത് നിലപാടെടുക്കുമന്നും ഇപി ജയരാജൻ ചോദിച്ചു. ആരെയും എന്തും പറയാൻ എന്ന പോലെയായി. എന്തും പറയാനുള്ള അധികാരമാണോ ഉദയ്പൂർ ശിബിരം നൽകിയത്?
മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നത് കേരളത്തിനെ ആക്ഷേപിക്കുന്നതിന് തുല്യമാണ്. നിയമത്തെ വെല്ലുവിളിക്കാൻ സുധാകരനെ അനുവദിക്കില്ല. നീതിന്യായ വ്യവസ്ഥയെ അടിസ്ഥാനപ്പെടുത്തി ഗവ. നടപടി സ്വീകരിക്കും.
ആം ആദ്മി മുന്നിൽ കോൺഗ്രസ് സഹായം അഭ്യർത്ഥിച്ച് നിൽക്കുകയാണെന്നും ഇപി ജയരാജൻ പറഞ്ഞു. തിരഞ്ഞെടുപ്പിൽ സംഘർഷം ഉണ്ടാക്കി ജയിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. തൃപ്പൂണിത്തറയിൽ കോൺഗ്രസ് ബി ജെ പിയ്ക്ക് വോട്ട് മറിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസിനെ ജനങ്ങൾക്ക് വിശ്വസിക്കാൻ കഴിയില്ല.
തൃക്കാക്കരയിൽ ട്വന്റി 20 നിലപാട് വ്യക്തമാക്കട്ടെയെന്നും വോട്ട് ആരുടെയും പോക്കറ്റിലല്ലെന്നും ഇപി ജയരാജൻ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chief Minister Pinarayi Vijayan, K sudhakaran, Opposition leader VD Satheesan