• HOME
 • »
 • NEWS
 • »
 • kerala
 • »
 • Panakkad Thangal | പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മുന്‍തൂക്കം നല്‍കിയ വ്യക്തിത്വം: വി.ഡി സതീശന്‍

Panakkad Thangal | പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മുന്‍തൂക്കം നല്‍കിയ വ്യക്തിത്വം: വി.ഡി സതീശന്‍

 • Share this:
  മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ (Panakkad Sayed Hyderali Shihab Thangal) വേര്‍പാട് ഏറെ വേദനിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ (v.d satheeshan). ഒരു ആത്മീയ നേതാവ് എന്നതിനെക്കാളും രാഷ്ട്രീയ നേതാവ് എന്നതിനെക്കാളും ഉപരിയായി   ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം മുന്‍തൂക്കം നല്‍കിയിരുന്നതായി അദ്ദേഹം പറഞ്ഞു.  സാധാരണക്കാരന്‍റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളാണ് അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ ഉടനീളം ഉണ്ടായിരുന്നത്. പാണക്കാട് തങ്ങളുടെ നേതൃത്വത്തില്‍ അനേകം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ പലയിടങ്ങളിലായി നടന്നിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു.

  പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ പോലെ ഉദാത്തമായ  മതേതര കാഴ്ചപ്പാട് ഉയര്‍ത്തി പിടിച്ചിരുന്ന നേതാവ് കൂടിയായിരുന്നു അദ്ദേഹം എന്ന് വി.ഡി സതീശന്‍ അഭിപ്രായപ്പെട്ടു. ഇതൊരു ബഹുസ്വര സമൂഹമാണെന്നും ഇവിടെ എല്ലാവരും സാഹോദര്യത്തോടെ ജീവിക്കണമെന്നുമുള്ള മഹത്തായ ദര്‍ശനം എല്ലാക്കാലത്തും അദ്ദേഹം ഉള്‍ക്കൊണ്ടിരുന്നു. ആ കാഴ്ചപ്പാട് അദ്ദേഹത്തിന്‍റെ തീരുമാനങ്ങളിലും പ്രതിഫലിച്ചിരുന്നു, മൃദുഭാഷിയാണെങ്കിലും ദൃഢമായ തീരുമാനങ്ങള്‍ അദ്ദേഹത്തിന് ഇക്കാര്യങ്ങളില്‍ ഉണ്ടായിരുന്നെന്നും വി.ഡി സതീശന്‍ അനുസമരിച്ചു.

  പ്രതിപക്ഷ നേതാവായി തന്നെ തെരഞ്ഞെടുത്തപ്പോള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു, ഏറെ സന്തോഷത്തോടെയാണ് അദ്ദേഹം അന്ന് തന്നെ സ്വീകരിച്ചത്. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ പിന്തുണ നല്‍കിയിരുന്നെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

  read also- Panakkad Sayed Hyderali Shihab Thangal| മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു

  അസുഖ ബാധിതനായി അങ്കമാലിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. പാണക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നാളെ രാവിലെ 9 മണിക്കാണ് ഖബറടക്കം.

  പുതിയ മാളിയേക്കല്‍ സയ്യിദ് അഹമ്മദ് (പി.എം.എസ്.എ) പൂക്കോയ തങ്ങളുടെയും സയ്യിദത്ത് ആയിശ ചെറുകുഞ്ഞിബീവിയുടെയും മൂന്നാമത്തെ മകനായി 1947 ജൂണ്‍ 15 നാണ് ഹൈദരലി തങ്ങള്‍ ജനിച്ചത്. പാണക്കാട് ദേവധാര്‍ എല്‍.പി സ്‌കൂളില്‍ പ്രാഥമിക പഠനം.

  പിന്നീട് കോഴിക്കോട് എം.എം ഹൈസ്‌കൂളില്‍ വെച്ച് 1959 ല്‍ എസ്.എസ്.എല്‍.സി പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് തിരുന്നാവായക്കടുത്ത കോന്നല്ലൂരില്‍ മൂന്ന് വര്‍ഷം ദര്‍സ് പഠനം നടത്തി. പിന്നീട് പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം അറബി കോളജിലും അല്‍പകാലം പഠിച്ചു. പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിക്കോളേജില്‍ ചേര്‍ന്ന തങ്ങള്‍ 1974 ല്‍ മൗലവി ഫാസില്‍ ഫൈസി ബിരുദം കരസ്ഥമാക്കി. സൂഫിവര്യനായ ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരുടെ കൈകളില്‍ നിന്നായിരുന്നു സനദ് ഏറ്റുവാങ്ങി.

  read also- Panakkad Sayed Hyderali Shihab Thangal|നഷ്ടമായത് ഞങ്ങളുടെ തണൽമരം ഹൈദരലി ശിഹാബ് തങ്ങളെ അനുസ്മരിച്ച് എംകെ മുനീർ

  മര്‍ഹൂം ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍, കെ.സി ജമാലുദ്ധീന്‍ മുസ്ലിയാര്‍, തുടങ്ങിയ പ്രമുഖരാണ് ജാമിഅയിലെ ഉസ്താദുമാര്‍. 1973 ല്‍ സമസ്തയുടെ വിദ്യാര്‍ത്ഥി സംഘടന രൂപീകരിച്ചപ്പോള്‍ തങ്ങളായിരുന്നു പ്രഥമ പ്രസിഡന്റ്. തന്റെ സഹപാഠിയും ഇപ്പോള്‍ ചെമ്മാട് ദാറുല്‍ ഹുദാ യൂണിവേഴ്‌സിറ്റി വി.സി.യുമായ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ജനറല്‍ സെക്രട്ടറിയുമായിരുന്നു.

  കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഹല്ലുകളുടെ ഖാസി സ്ഥാനം വഹിക്കുന്നതും ഹൈദരലി ശിഹാബ് തങ്ങള്‍ 1994ല്‍ നെടിയിരുപ്പ് പോത്ത് വെട്ടിപ്പാറ മഹല്ലിലാണ് ആദ്യമായി ഖാസിയായി ചുമതലയേല്‍ക്കുന്നത്. 1977 ല്‍ പുല്‍പ്പറ്റ പഞ്ചായത്തിലെ പൂക്കൊളത്തൂര്‍ മഹല്ല് പള്ളിയുടെയും മദ്രസയുടെയും പ്രസിഡന്റായി സ്ഥാപനങ്ങളുടെ കാര്‍മികത്വം വഹിച്ചു തുടങ്ങി. ചെമ്മാട് ദാറുല്‍ ഹുദ, പട്ടിക്കാട് ജാമിഅ, കുണ്ടൂര്‍ മര്‍ക്കസ്, വളാഞ്ചേരി മര്‍ക്കസ്, കരുവാരക്കുണ്ട് ദാറുന്നജാത്ത് തുടങ്ങി കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങളുടെ പ്രസിഡന്റ് പദവികള്‍ വഹിച്ചു. 1990 ല്‍ മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റായി ചുമതലയേറ്റു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്ഥാനമൊഴിഞ്ഞ ഒഴിവിലായിരുന്നു അത്. 18 വര്‍ഷത്തോളം മുസ്ലിം ലീഗ് മലപ്പുറം ജില്ലാപ്രസിഡന്റായിരുന്ന ഹൈദരലി തങ്ങള്‍ ശിഹാബ് തങ്ങളുടെ നിര്യാണ ശേഷം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ അദ്ധ്യക്ഷ പദവിയിലെത്തി. മുസ്‌ലിംലീഗ് ഉന്നതാധികാര സമതി അംഗം, രാഷ്ട്രീയ കാര്യ സമിതി ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിക്കുന്നു. ഇതോടൊപ്പം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡണ്ട്, സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡണ്ട്, തുടങ്ങിയ സ്ഥാനങ്ങളും വഹിക്കുന്നു.

  സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റ്, സമസ്ത കേരളാ ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ട്രഷറര്‍
  വയനാട് ഖാസി, എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ്, എസ്.എം.എഫ് സംസ്ഥാന പ്രസിഡന്റ്, ജാമിഅ നൂരിയ്യ പ്രസിഡന്റ്
  നന്തി ജാമിഅ ദാറുസ്സലാം പ്രസിഡന്റ്, കൊഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളെജസ്(വാഫി,വഫിയ്യ) റെക്ടര്‍, ദാറുല്‍ ഹുദാ ചാന്‍സിലര്‍, എം.ഇ.എ എഞ്ചിനീയറിംങ് കോളെജ് പ്രസിഡന്റ്, സുപ്രഭാതം മുഖ്യരക്ഷാധികാരി, സുന്നീ അഫ്കാര്‍ വാരിക മാനേജിംങ് ഡയറക്ടര്‍

  കൊയിലാണ്ടിയിലെ അബ്ദുള്ള ബാഫഖിയുടെ മകള്‍ ശരീഫ ഫാത്തിമ സുഹ്‌റയെയാണ് തങ്ങള്‍ വിവാഹം ചെയ്തത്.

  മക്കള്‍: സയ്യിദ് നഈം അലി ശിഹാബ്, സയ്യിദ് മുഈന്‍ അലി ശിഹാബ്, സയ്യിദ സാജിദ, സയ്യിദ ശാഹിദ. മരുമക്കള്‍: സയ്യിദ് നിയാസ് അലി ജിഫ്രി കോഴിക്കോട്, സയ്യിദ് ഹബീബ് സഖാഫ് തിരൂര്‍. സഹോദരങ്ങള്‍: പരേതനായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദത്ത് ഖദീജ കുഞ്ഞിബീവി, മുല്ല ബീവി എന്നിവരാണ് സഹോദരങ്ങള്‍.
  Published by:Arun krishna
  First published: