തിരുവനന്തപുരം: പാലക്കാട് തങ്കം ആശുപത്രിയ്ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശം. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ആശുപത്രിയ്ക്കെതിരെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമം ഉപയോഗിക്കുന്നത്.
കളക്ടര്‍ ചെയര്‍മാനും ഡിഎംഒ വൈസ് ചെയര്‍മാനുമായുള്ള ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റി സംഭവത്തെപ്പറ്റി കൃത്യമായി അന്വേഷിക്കാന്‍ മന്ത്രി നിര്‍ദേശം നല്കി. ചികിത്സാ പിഴവ് മൂലം രോഗികള്‍ തുടര്‍ച്ചയായി മരണമടയുന്നുവെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി.
ചിറ്റൂര്‍-തത്തമംഗലം ചെമ്പകശ്ശേരിയിലുള്ള എം രഞ്ജിത്തിന്റെ ഭാര്യ ഐശ്വരയും കുഞ്ഞുമാണ് പാലക്കാട് പടിഞ്ഞാറേയാക്കരയ്ക്ക് സമീപമുള്ള തങ്കം ആശുപത്രിയില്‍ മരിച്ചത്. ഞായറാഴ്ച്ചയാണ് പ്രസവത്തിനിടെ ഐശ്വര്യയുടെ കുഞ്ഞ് മരിച്ചത്. തിങ്കളാഴ്ച ഐശ്വര്യയും മരിച്ചു.
Also Read-
ഗർഭപാത്രം നീക്കം ചെയ്തത് ജീവൻ രക്ഷിക്കാൻ; നവജാതശിശുവും അമ്മയും മരിച്ചതിൽ ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി
സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് കുടുംബം വ്യക്തമാക്കി. ചികിത്സാപ്പിഴവില്ലെന്ന ആശുപത്രി അധികൃതരുടെ വിശദീകരണം കള്ളമാണെന്ന് ഐശ്വര്യയുടെ ഭർത്താവ് രഞ്ജിത് ആരോപിച്ചിരുന്നു. അമ്മയും കുഞ്ഞും മരിച്ചതിനെക്കുറിച്ച് വിദഗ്ധ സമിതി അന്വേഷിക്കണമെന്ന് മുൻ മന്ത്രി എ കെ ബാലൻ ആവശ്യപ്പെട്ടു. ചികിത്സാ പിഴവില്ലെന്ന ഐഎംഎയുടെ നിലപാടിനെയും എ കെ ബാലൻ വിമർശിച്ചു.
ചികിത്സാ പിഴവില്ലെന്ന ഐഎംഎയുടെ പ്രസ്താവന ശരിയായില്ലെന്നും അന്വേഷണം നടക്കുന്നതിന് മുൻപ് ഇതെങ്ങനെ പറയാനാകുമെന്നും എ കെ ബാലൻ ചോദിച്ചു.
Also Read-
പാലക്കാട് പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവം; ആശുപത്രിയെ ന്യായീകരിച്ച് IMA
ഇതിനിടയിൽ തങ്കം ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ ഭിന്നശേഷിക്കാരിയായ യുവതിയും മരിച്ചു. കോങ്ങാട് സ്വദേശി കാർത്തികയാണ് മരിച്ചത്. ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് കാർത്തികയുടെ കുടുംബവും ആശുപത്രിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
എന്നാൽ ചികിത്സാ പിഴവില്ലെന്നും അനസ്തേഷ്യ കൊടുക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായെന്നുമാണ് ആശുപതി അധികൃതരുടെ വിശദീകരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.