• HOME
  • »
  • NEWS
  • »
  • kerala
  • »
  • സംസ്ഥാനത്ത് പച്ചക്കറിക്ക് റെക്കോര്‍ഡ് വില; ട്രിപ്പിള്‍ സെഞ്ചുറിയടിച്ച് മുരിങ്ങക്ക; സെഞ്ചുറി ചുവപ്പില്‍ തക്കാളി

സംസ്ഥാനത്ത് പച്ചക്കറിക്ക് റെക്കോര്‍ഡ് വില; ട്രിപ്പിള്‍ സെഞ്ചുറിയടിച്ച് മുരിങ്ങക്ക; സെഞ്ചുറി ചുവപ്പില്‍ തക്കാളി

സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ പച്ചക്കറി വില വീണ്ടും മുകളിലേക്ക് കുതിക്കാൻ തന്നെയാണ് സാധ്യത.

  • Last Updated :
  • Share this:
കൊച്ചി: സംസ്ഥാനത്ത് പച്ചക്കറി റെക്കോർഡ് വിലയിൽ . മൊത്ത വിപണിയിൽ പലതിനും ഇരട്ടിയോളം വില കൂടി. മുരിങ്ങയ്ക്കായ്ക്ക് കിലോയ്ക്ക്  310 രൂപയാണ് വില . തമിഴ്നാട്ടിലെയും കർണാടകയിലെയും മൊത്ത വിപണിയിൽ  പച്ചക്കറി ക്ഷാമം രൂക്ഷമാണ് . വില കുറയ്ക്കാനുള്ള സർക്കാർ ഇടപെടലും ഫലം കണ്ടില്ല.

പച്ചമുളക്, സവാള, തക്കാളി , മുരിങ്ങക്ക തുടങ്ങി ഏത് പച്ചക്കറി തൊട്ടാലും കൈപൊള്ളും എന്നതാണ് സംസ്ഥാനത്തെ അവസ്ഥ. മൊത്തവിപണിയിലും ചില്ലറ വിപണിയിലുമെല്ലാം വില ഉയർന്നു. തിരുവനന്തപുരത്ത് മുരിങ്ങക്കയുടെ വില 170മുതൽ 350 വരെ എത്തി. വഴുതനയുടെ വില 120ആയി. തക്കാളി,വെള്ളരി എന്നിവയ്ക്ക് 80 രൂപയാണ് വില .

എറണാകുളത്തും സ്ഥിതി മറിച്ചല്ല. പച്ചക്കറികൾ കൊണ്ട് ഇനി വിഭവങ്ങൾ ഒരുക്കുക അത്ര എളുപ്പമല്ല, കാരണം അതു പോലെയാണ് ഓരോന്നിന്റെയും വില. മുരിങ്ങക്കയുടെ വില 300 കടന്നും വളരുമ്പോൾ തക്കാളി 120  തികച്ചതിന്റെ ചുവപ്പിലാണ്. പയർ, വെണ്ട, ബീൻസ്, ക്യാരറ്റ്, ബീറ്റ്റൂട്ട്, ക്യാബേജ്, പച്ചമുളക് എന്നിവയെല്ലാം ചില്ലറ വിപണിയിൽ എഴുപതിലെത്തി. നൂറ് രൂപയ്ക്ക്  ലഭിച്ചിരുന്ന മൂന്ന്  കിലോ സവാള , കിലോയ്ക്ക് ഇപ്പോൾ 40 രൂപയാണ് .

കാരണങ്ങൾ പഴയ പോലെ തമിനാട് തന്നെയാണ്. കോവിഡ് കാലവും ലോക്ഡൗണും ആയിരുന്നു ഇതിനു മുൻപ് പച്ചക്കറി വില വർദ്ധിക്കാനുള്ള കാരണമായി പറഞ്ഞിരുന്നത്. തമിഴ്നാട്ടിൽ നിന്ന് ആവശ്യത്തിന് പച്ചക്കറികൾ എത്താത്തത് ആയിരുന്നു അന്നത്തെ കാരണം.  ഇപ്പോൾ അത്  മാറി. എങ്കിലും ആവശ്യത്തിന്  പച്ചക്കറികൾ ഇന്നും എത്തുന്നില്ല. ഒപ്പം  ഇന്ധന വില വർധനവും  മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടുന്നു. ശക്തമായ മഴയും വെള്ളപ്പൊക്കവും  വിളവെടുപ്പിനെയും ബാധിച്ചു. ഇതിൻറെ എല്ലാം ദുരിതം ഏറ്റുവാങ്ങുന്നത് ഒരു കൃഷിയും ചെയ്യാതെ  അയൽ സംസ്ഥാനങ്ങളിലേക്ക് കൈ നീട്ടി ഇരിക്കുന്ന കേരളത്തെ തന്നെയാണ്.

Also read- കാലടി പാലത്തില്‍ ഗതാഗത നിരോധനം; ഈ മാസം 13 മുതല്‍ കാല്‍നട യാത്ര ഉള്‍പ്പെടെ ഗതാഗതം പൂര്‍ണമായി നിരോധിക്കും

വില കൂടിയതോടെ വാങ്ങാനെത്തുന്നവരുടെ എണ്ണവും വാങ്ങുന്നതിൻ്റെ അളവും കുറഞ്ഞു. കുടുംബ ബജറ്റിനെ ആണ് ഏറ്റവും കൂടുതലായി ഇത് ബാധിച്ചിരിക്കുന്നത്. പലരും പച്ചക്കറികൾ കൊണ്ട് ഉണ്ടാക്കുന്ന വിഭവങ്ങൾ പേരിന് മാത്രമായി ചുരുക്കിയിട്ടുണ്ട്. മലയാളിയുടെ പ്രിയപ്പെട്ട ഇനമായ സാമ്പാറിലും അവയിലിലും മുരിങ്ങക്ക അപ്രത്യക്ഷമായി കഴിഞ്ഞു. കിട്ടുന്ന പച്ചക്കറികൾ കൊണ്ട് ഉണ്ടാക്കുന്ന വിഭവങ്ങളാണ്  ഇപ്പോൾ അടുക്കളയിൽ വേവുന്നത്. ഹോട്ടൽ വിഭവങ്ങളെയും വിലക്കയറ്റം ബാധിച്ചു കഴിഞ്ഞു. വില കൂട്ടാതെ പിടിച്ചു നിൽക്കാനാവില്ലെന്നാണ് ഹോട്ടലുടമകൾ പറയുന്നത്.

Also read- കുർബാന ഏകീകരണം; സമരം കർദിനാളിനെതിരെ തിരിക്കാൻ വിമത വിഭാഗം

സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ പച്ചക്കറി വില വീണ്ടും മുകളിലേക്ക് കുതിക്കാൻ തന്നെയാണ് സാധ്യത. കുറച്ച് ദിവസത്തേക്കെങ്കിലും സംസ്ഥാനത്തെ പച്ചക്കറിയുടെ വില ഉയർന്ന് തന്നെ ഇരിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.
Published by:Naveen
First published: