തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ വാഹന ഉടമ വഫ ഫിറോസിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. മോട്ടോർ വാഹന വകുപ്പാണ് നടപടിയെടുത്തത്. തുടർച്ചയായി ഗതാഗത നിയമങ്ങൾ ലംഘിച്ചതിനാണ് നടപടി. മൂന്ന് മാസത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു.
തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ മരണത്തിനിടയായ അപകടം നടക്കുമ്പോൾ ശ്രീറാമിനൊപ്പം വഫയും ഉണ്ടായിരുന്നു. വഫയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു വാഹനം. അപകടത്തിന് മുൻപേ മൂന്നു തവണ വഫ ഫിറോസിന് അമിത വേഗത്തിന് പിഴ ചുമത്തിയിരുന്നു. എന്നാൽ ഈ പിഴ അടച്ചിരുന്നില്ല. വഫയുടേയും ശ്രീറാമിന്റേയും ലൈസൻസ് റദ്ദാക്കുമെന്ന് നേരത്തേ സൂചനകളുണ്ടായിരുന്നെങ്കിലും നടപടി ഇപ്പോഴാണ് ഉണ്ടായത്. ലൈസൻസ് റദ്ദാക്കുന്നത് വൈകുന്നതുമായി ബന്ധപ്പെട്ട് വാർത്തകൾ പുറത്തുവന്നിരുന്നു.
ശ്രീറാം കേസിൽ ഡോക്ടർമാരെ പഴിചാരിക്കൊണ്ടുള്ള പൊലീസിന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസം തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ സമർപ്പിച്ചിരുന്നു. രക്തപരിശോധന നടത്താൻ ആവർത്തിച്ച് പറഞ്ഞിട്ടും ഡോക്ടർമാർ തയാറായില്ലെന്നായിരുന്നു ആരോപണം. ഇതിനെതിരെ ഡോക്ടർമാരുടെ സംഘടനയും രംഗത്തെത്തി. രക്തപരിശോധന പൊലീസ് ആവശ്യപ്പെട്ടില്ലെന്നാണ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎയുടെ വിശദീകരണം. ശ്രീറാം വെങ്കിട്ടരാമന്റെ ആരോഗ്യ പരിശോധന നടത്താൻ മാത്രമാണ് പൊലീസ് ആവശ്യപ്പെട്ടതെന്നും കേസിൽ ഡോക്ടർമാർ നിയമപ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കെജിഎംഒഎ വ്യക്തമാക്കിയിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.