H-145 D3 Airbus | ചരിത്രം കുറിച്ച് ഹെലികോപ്റ്ററിന് വാഹനപൂജ; ഗുരുവായൂരിലെ പൂജ രവി പിളളയുടെ എച്ച് –145 ഡി 3 എയർ ബസിന്
H-145 D3 Airbus | ചരിത്രം കുറിച്ച് ഹെലികോപ്റ്ററിന് വാഹനപൂജ; ഗുരുവായൂരിലെ പൂജ രവി പിളളയുടെ എച്ച് –145 ഡി 3 എയർ ബസിന്
നൂറു കോടിയോളം രൂപ മുടക്കി കഴിഞ്ഞ ദിവസം രവി പിള്ള വാങ്ങിയ എച്ച് –145 ഡി 3 എയർ ബസ് വ്യാഴാഴ്ച വൈകിട്ട് മൂന്നിനാണ് അരിയന്നൂർ ശ്രീകൃഷ്ണ കോളജിലെ ഹെലിപാഡിൽ ലാൻഡ് ചെയ്തത്.
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ (Guruvayur Temple) ദിവസവും നിരവധി പേരാണ് വാഹന പൂജ നടത്താനെത്തുന്നത്. ക്ഷേത്ര നടയിൽ വാഹനമെത്തിച്ച് പൂജ നടത്തി മാലയുമണിഞ്ഞ് മടങ്ങുകയാണ് പതിവ്. ഇരുചക്ര വാഹനങ്ങൾ മുതൽ ബസുകൾ വരെ ഇത്തരത്തിൽ പൂജയ്ക്കായി എത്തിക്കാറുണ്ട്. എന്നാല്‍ വ്യാഴാഴ്ച ഏറെ വ്യത്യസ്തമായ ഒരു വാഹന പൂജ നടന്നു. ആർ പി ഗ്രൂപ്പ് ചെയർമാൻ ഡോ. ബി രവിപിള്ള (Ravi Pillai) വാങ്ങിയ ആഡംബര ഹെലികോപ്റ്ററിന് ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡിലാണ് വാഹനപൂജ നടന്നത്. ഇങ്ങനെയൊരു വാഹനപൂജ ഗുരുവായൂരിൽ ചരിത്രത്തിൽ ആദ്യം.
നൂറു കോടിയോളം രൂപ മുടക്കി കഴിഞ്ഞ ദിവസം ഇന്ത്യയിൽ ആദ്യമായി രവി പിള്ള വാങ്ങിയ എച്ച് –145 ഡി 3 എയർ ബസ് വ്യാഴാഴ്ച വൈകിട്ട് മൂന്നിനാണ് അരിയന്നൂർ ശ്രീകൃഷ്ണ കോളജിലെ ഹെലിപാഡിൽ ലാൻഡ് ചെയ്തത്. ക്ഷേത്രത്തിന് അഭിമുഖമായി നിർത്തിയ ഹെലികോപ്റ്ററിന് മുന്നിൽ നിലവിളക്കുകൾ കൊളുത്തിവച്ച് നാക്കിലയിൽ പൂജാദ്രവ്യങ്ങളുമായി ക്ഷേത്രം ഓതിക്കനും മുൻ മേൽശാന്തിയുമായ പഴയം സുമേഷ് നമ്പൂതിരി പൂജ നിർവഹിച്ചു. ആരതിയുഴിഞ്ഞ് മാല ചാർത്തി കളഭം തൊടീച്ച് വാഹനപൂജ പൂർത്തിയാക്കി.
രവി പിള്ള, മകൻ ഗണേഷ് രവി പിള്ള, പൈലറ്റുമാരായ ക്യാപ്റ്റൻ സുനിൽ കണ്ണോത്ത്, ക്യാപ്റ്റൻ ജി ജി കുമാർ, ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ജ്യോതിഷി പെരിങ്ങോട് ശങ്കരനാരായണൻ എന്നിവർ പങ്കെടുത്തു. കൊല്ലത്തുനിന്ന് ഗുരുവായൂർക്ക് പുറപ്പെട്ട എയർബസിൽ കൊച്ചി വരെ നടൻ മോഹൻലാലും ഉണ്ടായിരുന്നു.
അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടെയുള്ള ഹെലികോപ്റ്ററിൽ പൈലറ്റിനെ കൂടാതെ ഏഴുപേർക്ക് യാത്ര ചെയ്യാം. സമുദ്രനിരപ്പിൽ നിന്ന് 20,000 അടി ഉയരത്തിലുള്ള പ്രതലങ്ങളിൽ പോലും ഇറങ്ങാനും പറന്നുയരാനും ഹെലികോപ്റ്ററിന് കഴിയും. അപകടമുണ്ടായാൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന എനർജി ആഗിരണം ചെയ്യുന്ന സീറ്റുകളാണ് എച്ച് 145ന്റെ ഏറ്റവും വലിയ പ്രത്യേകത. ഇന്ധന ചോർച്ചയുടെ സാധ്യതയും കുറവാണ്. നൂതന വയർലെസ് ആശയവിനിമയ സംവിധാനവും H145-ൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.