news18
Updated: September 25, 2019, 3:30 PM IST
അരൂരില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയായി പരിഗണിക്കപ്പെടുന്ന ഷാനിമോള്‍ ഉസ്മാന് വിജയസാധ്യതയില്ലെന്നും വെള്ളാപ്പള്ളി
- News18
- Last Updated:
September 25, 2019, 3:30 PM IST
ആലപ്പുഴ: അടൂര്‍ പ്രകാശ് എംപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സ്വന്തം ഉയര്‍ച്ചയ്ക്ക് വേണ്ടി അടൂര്‍ പ്രകാശ് സമുദായത്തെ കുരുതി കൊടുത്തുവെന്നും സമുദായത്തിലെ കുലംകുത്തിയാണ് അടൂര്‍ പ്രകാശെന്നും വെള്ളാപ്പള്ളി പറഞ്ഞു. 'സ്വന്തം കാര്യം വരുമ്പോള്‍ അടൂര്‍പ്രകാശ് മതേതരത്വം പറയാറില്ല. മതേതരത്വം പറയുന്ന അടൂര്‍ പ്രകാശിനോട് കോണ്‍ഗ്രസിനകത്ത് ഒരൊറ്റ ഈഴവനുണ്ടോ എംഎല്‍എയായിട്ട് എന്ന് ഞാന്‍ ചോദിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ കപടമുഖമാണ് അഴിഞ്ഞു വീഴുന്നത്. സ്വന്തം കാര്യം വരുമ്പോള്‍ മതം പറയുകയും മറ്റുള്ളവരുടെ കാര്യത്തില്‍ മതേതരത്വം പറയുന്ന രണ്ട് മുഖങ്ങളാണ് അദ്ദേഹത്തിനുള്ളത്'- വെള്ളാപ്പള്ളി നടേശൻ ആലപ്പുഴയിൽ പറഞ്ഞു.
സമുദായിക സന്തുലനം നോക്കി വേണം സ്ഥാനാർഥിയെ നിശ്ചയിക്കേണ്ടതെങ്കിലും അതു തുറന്നു പറയാനുള്ള മടി കാണിച്ച് വേറെയാരെയോ സുഖിപ്പിക്കാന്‍ അടൂര്‍ പ്രകാശ് ശ്രമിക്കുന്നത് ആത്മഹത്യപരമാണ്. സമുദായത്തിലെ കുലംകുത്തിയായി അടൂര്‍പ്രകാശ് മാറിയെന്ന് ഞാന്‍ പറഞ്ഞാല്‍ അതു നിഷേധിക്കാന്‍ സമുദായത്തിലുള്ളവര്‍ക്ക് പറ്റില്ല - വെള്ളാപ്പള്ളി പറഞ്ഞു.
അരൂരില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയായി പരിഗണിക്കപ്പെടുന്ന ഷാനിമോള്‍ ഉസ്മാന് വിജയസാധ്യതയില്ലെന്നും അരൂരില്‍ ഭൂരിപക്ഷസമുദായത്തില്‍ നിന്നുള്ള സ്ഥാനാർഥി തന്നെ വേണമെന്നും വെള്ളാപ്പള്ളി ആവര്‍ത്തിച്ചു. വനിതകളെയടക്കം അരൂരില്‍ പരിഗണിക്കണം. അങ്ങനെയുള്ളവര്‍ മണ്ഡലത്തില്‍ തന്നെയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ ചെറുപ്പക്കാരേയും വിദ്യാഭ്യാസമുള്ളവരേയും സ്ഥാനാർഥികളായി പരിഗണിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
First published:
September 25, 2019, 3:30 PM IST