ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയം സിപിമ്മിനെക്കാളും ഇടതുമുന്നണിയെക്കാളും പിണറായി വിജയന്റെ വ്യക്തി പ്രഭാവത്തിന്റെ വിജയമാണെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രാഷ്ട്രീയവും വ്യക്തിപരവുമായ പ്രതിസന്ധികളുടെ കയങ്ങളിൽ നിന്ന് ചാട്ടുളിപോലെ ഉയർന്ന നേതാവാണ് പിണറായി. കർക്കശമായ നിലപാടുകളും വിട്ടുവീഴ്ചയില്ലാത്ത സമീപനവും കൊണ്ട് നിശ്ചയിച്ച കാര്യങ്ങൾ നടപ്പാക്കാനുള്ള ആർജവം അദ്ദേഹം എന്നും തെളിയിച്ചിട്ടുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
മുഖപ്രസംഗത്തിന്റെ പൂർണരൂപം
ചെത്തുകാരന്റെ മകൻ പിണറായി വിജയൻ ഇതാ കേരളത്തിന്റെ ക്യാപ്ടനായി, രണ്ടാമതും മുഖ്യമന്ത്രിയാകുന്നു. നിയമസഭാ തെഞ്ഞെടുപ്പിലെ ഈ മിന്നുന്ന വിജയം സിപിഎമ്മിനേക്കാൾ, ഇടതുമുന്നണിയേക്കാൾ പിണറായി വിജയന്റെ വ്യക്തി പ്രഭാവത്തിന്റെ വിജയമാണ്. നിലപാടുകളുടെ, സമീപനങ്ങളുടെ, ഇച്ഛാശക്തിയുടെ വിജയമാണ്. രാഷ്ട്രീയവും വ്യക്തിപരവുമായ പ്രതിസന്ധികളുടെ കയങ്ങളിൽ നിന്ന് ചാട്ടുളിപോലെ ഉയർന്ന നേതാവാണ് പിണറായി. കർക്കശമായ നിലപാടുകളും വിട്ടുവീഴ്ചയില്ലാത്ത സമീപനവും കൊണ്ട് നിശ്ചയിച്ച കാര്യങ്ങൾ നടപ്പാക്കാനുള്ള ആർജവം എന്നും തെളിയിച്ചിട്ടുണ്ട് അദ്ദേഹം.
സ്വന്തം പാർട്ടിയിൽ പോലും ആ നിലപാടാണ് കൈക്കൊണ്ടത്. ആരെയും സുഖിപ്പിക്കാനോ പ്രീണിപ്പിക്കാനോ അദ്ദേഹം തുനിഞ്ഞിട്ടില്ല. വീൺവാക്കുകൾ പറഞ്ഞിട്ടില്ല. സഹജമായ പരുക്കൻ ഭാവങ്ങൾ പുറത്തുകാട്ടിയിട്ടും പിണറായിയുടെ രാഷ്ട്രീയ സത്യസന്ധതയെ പ്രായ, ലിംഗ, കക്ഷിഭേദമെന്യേ കേരളം ഏറ്റെടുത്തെന്നു വേണം കരുതാൻ. കേരള രാഷ്ട്രീയത്തിന്റെ വലിയൊരു പരിണാമത്തിന്റെ തുടക്കമായി വേണം ഈ തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തേണ്ടത്. ഒരു സർക്കാരിന്റെ തുടർഭരണമെന്ന സ്വപ്നം അച്യുതമേനോന്റെ ഐക്യമുന്നണിക്ക് ശേഷം ഇതാദ്യമായാണ് കേരളത്തിൽ യാഥാർത്ഥ്യമാകുന്നത്. എസ്എൻഡിപി മുഖപത്രമായ യോഗനാദത്തിലെഴുതിയ മുഖുപ്രസംഗത്തിലാണ് വെള്ളാപ്പള്ളി നടേശൻ പിണറായി വിജയനെ പ്രശംസിക്കുന്നത്.
Also Read- തൃപ്പൂണിത്തുറയിൽ കെ ബാബു ജയിച്ചത് BJP വോട്ടുകൊണ്ടെന്നു ബിജെപി സ്ഥാനാർഥി ഡോ. കെ എസ് രാധാകൃഷ്ണൻ
ഇത്രയേറെ പ്രതിസന്ധികളെ നേരിട്ട സർക്കാർ കേരളത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. ഓഖി ദുരന്തവും രണ്ട് പ്രളയങ്ങളും കേരളത്തെ തളർത്തി. ശബരിമല വിവാദം വലിയൊരു വിഭാഗത്തിന്റെ വിമർശനത്തിന് വിധേയമാക്കി. നിപ്പയും കഴിഞ്ഞ് കോവിഡ് മഹാമാരി സൃഷ്ടിച്ച ഭീകരമായ അവസ്ഥ ഇപ്പോഴും നിലനിൽക്കുകയാണ്. അഴിമതി ആരോപണങ്ങളുടെ സുനാമി തന്നെ സർക്കാരിനെതിരെ ഉയർന്നു. കടൽ സമ്പത്ത് വിദേശികൾക്ക് വിറ്റുതുലച്ചുവെന്ന ആരോപണങ്ങളുടെ പേരിൽ തീരദേശത്തെ ന്യൂനപക്ഷ സമൂഹങ്ങളുടെ മനസിൽ തീകോരിയിട്ടു മതനേതൃത്വങ്ങൾ. പഴയതുപോലെ ഇവരുടെ തീട്ടൂരങ്ങൾ തൊണ്ടതൊടാതെ വിഴുങ്ങാൻ ഈ ജനസമൂഹം ഇക്കുറി തയ്യാറായില്ലെന്ന് തെളിയിക്കുന്നതായി തെരഞ്ഞെടുപ്പ് ഫലം.
അവസാനകാലത്ത് സർക്കാരിനോട് ഒത്തുനിന്ന് കിട്ടാവുന്നത്ര ആനുകൂല്യങ്ങൾ കവർന്നെടുത്തശേഷം മത, സവർണശക്തികൾ സർക്കാരിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. പക്ഷേ സവർണ നേതാക്കളുടെയും മതമേലദ്ധ്യക്ഷന്മാരുടെയും ജല്പനങ്ങൾ അനുയായികൾ പൂർണമായും അംഗീകരിച്ചില്ലെന്ന് വ്യക്തമാണ്. അതേസമയം പിന്നാക്ക, അധഃസ്ഥിത സമൂഹം ഈ സർക്കാരിന് പിന്നിൽ പാറപോലെ ഉറച്ചുനിന്നു.രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ പ്രതിസന്ധികളിൽ ഭരണവും സംസ്ഥാനവും ഉലഞ്ഞിട്ടും പിണറായി വിജയൻ ഉലയാതെ നിന്നു. ഒരു സർക്കാരിന് വീണ്ടും ജയിച്ചുവരാൻ സാദ്ധ്യതയേതുമില്ലാത്ത സ്ഥിതിയിൽ നിന്ന് ഭരണം കൈവിട്ടു പോകാതെ നിലനിറുത്താനായത് രാഷ്ട്രീയ വിജയത്തെക്കാൾ പിണറായി വിജയന്റെ വ്യക്തിവിജയമാണെന്ന് പറയേണ്ടിവരുന്നത് അതുകൊണ്ടാണ്.
നിലവിലെ എം.എൽ.എമാരിൽ 42 പേരെ മാറ്റി പുതിയ മുഖങ്ങളെ അവതരിപ്പിക്കാനുള്ള പിണറായിയുടെയും സിപിഎമ്മിന്റെയും ചങ്കൂറ്റത്തെ അംഗീകരിക്കുക തന്നെ വേണം. ഓരോമണ്ഡലങ്ങളിൽ പതിറ്റാണ്ടുകളായി അട്ടിപ്പേറുകിടക്കുന്ന നേതാക്കളുള്ള യുഡിഎഫിന് ഇത് കണ്ട് പഠിക്കാനുള്ള പാഠം കൂടിയാകുന്നു. വോട്ടുബാങ്കുകളുടെ പിന്നാലെ പാഞ്ഞപ്പോൾ പുറമ്പോക്കിലും ചെറ്റക്കുടിലുകളിലും ലക്ഷംവീടു കോളനികളിലും ജീവിക്കുന്ന വലിയൊരു ജനസമൂഹം ഇവിടെയുണ്ടെന്ന കാര്യം അധികാരത്തിന്റെ സുഖശീതളിമയിൽ യുഡിഎഫ് മറന്നുപോയി. അതിനാലാണ് കഴിഞ്ഞവട്ടം അവർക്ക് അധികാരം നഷ്ടമായത്. എന്നിട്ടും കോൺഗ്രസ് ഇക്കുറി തദ്ദേശ, നിയമസഭാ സ്ഥാനാർത്ഥിത്വം വീതംവച്ചപ്പോൾ ന്യൂനപക്ഷങ്ങൾക്കും സവർണർക്കും മാത്രമായിരുന്നു സ്ഥാനം. പിന്നാക്ക ജനങ്ങളുടെ വിശ്വാസമാർജിക്കാതെ കേരളത്തിൽ ബിജെപിയ്ക്കും എൻഡിഎയ്ക്കും സ്ഥാനമില്ലെന്നും തെരഞ്ഞെടുപ്പ് ഫലം ഒരിക്കൽ കൂടി തെളിയിക്കുന്നു.
ഇടതുമുന്നണിയുടെ ഈ ചരിത്രവിജയത്തിന് പിന്നിലെ അടിസ്ഥാനം കേരളത്തിലെ പിന്നാക്ക, അധഃസ്ഥിതവർഗത്തിന്റെ പിന്തുണയാണെന്നും അവരുടെ സ്വപ്നങ്ങൾ സഫലമാക്കാനുള്ള ബാദ്ധ്യത തങ്ങൾക്കുണ്ടെന്നുമുള്ള കാര്യം പിണറായി വിജയനും സിപിഎമ്മും മറക്കരുത്. നവകേരള സൃഷ്ടിക്കായി പുതിയ സർക്കാരിനും പിണറായി വിജയനും എല്ലാഭാവുകങ്ങളും നേരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chief Minister Pinarayi Vijayan, Kerala Assembly Election Result 2021, Sndp, Vellappalli Natesan