തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ ഇടതു മുന്നണി നില മെച്ചപ്പെടുത്തുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൽഡിഎഫ് നല്ല ശക്തിയാണ്. ശബരിമല വിഷയം ആറിത്തണുത്തു. സിപിഎമ്മും ബിജെപിയും ഒത്തുകളി എന്ന ആരോപണം അരി ആഹാരം കഴിക്കുന്നവർ വിശ്വസിക്കില്ല. ബിജെപിയുടെ സ്ഥാനാർഥി നിർണയം പാളി. ബിജെപിക്ക് കേരളത്തിൽ വളക്കൂറില്ല. ഏത് മുന്നണിയുടെ ഭാഗമാകണം എന്ന് തീരുമാനിക്കേണ്ടത് ബിഡിജെഎസ് നേതൃത്വം ആണെന്നും വെള്ളാപ്പള്ളി ന്യൂസ് 18 നോട് പറഞ്ഞു.
ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവചനത്തിന് തയ്യാറല്ലെന്ന് വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. ഇടതുമുന്നണിയുടെ വോട്ട് ശതമാനം വര്‍ധിക്കും. കഴിഞ്ഞ തവണത്തെ നില മെച്ചപ്പെടുത്താൻ എൽഡിഎഫിന് സാധിക്കും. ശക്തമായ ത്രികോണമത്സരത്തിനുള്ള സാധ്യതയുണ്ട്. സാധാരണ യുഡിഎഫും എല്‍ഡിഎഫും മാത്രമാണ് മത്സരത്തിൽ ശക്തമായി ഉണ്ടാകുക. എല്‍ഡിഎഫ് നല്ല ശക്തിയാണ്. യുഡിഎഫ് ഒട്ടും പുറകിലല്ല. എന്‍ഡിഎയും മുന്നോട്ടു കയറുന്നുവെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
ഇത്തവണ ബിജെപിയുടെ സ്ഥാനാർഥിനിർണയം പാളിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. മഞ്ചേശ്വരത്ത് സുരേന്ദ്രന്‍ കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തു വന്നു. വട്ടിയൂര്‍ക്കാവില്‍ കുമ്മനം രണ്ടാം സ്ഥാനത്തു വന്നു. കോന്നിയിലും ബിജെപിക്ക് നല്ല മുന്നേറ്റമുണ്ടായിരുന്നു.
സുരേന്ദ്രന്‍ മഞ്ചേശ്വരത്തു നിന്നെങ്കില്‍ പാട്ടുംപാടി ജയിച്ചേനെ. അദ്ദേഹത്തെ എന്തിന് കോന്നിയില്‍ നിര്‍ത്തി എന്നറിയില്ല. ശബരിമലയുടെ പിന്‍ബലത്തില്‍ വോട്ടു കിട്ടുമെന്ന പ്രതീക്ഷയായിരുന്നു. എന്നാല്‍ ശബരിമല ആറിത്തണത്തു. കഴിഞ്ഞ തെരഞ്ഞെടുപ്പു പോലെ ശബരിമലയുടെ പിന്‍ബലത്തില്‍ വലിയ വോട്ടു കോന്നിയില്‍ കിട്ടില്ല. എന്തുകൊണ്ട് മഞ്ചേശ്വരത്ത് സുരേന്ദ്രനെ മത്സരിപ്പിച്ചു എന്നറിയില്ല. വട്ടിയൂര്‍ക്കാവില്‍ കുമ്മനം ജയിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. അദ്ദേഹത്തെ ഇവിടെ നിര്‍ത്തി ജയിപ്പിക്കാനുള്ള ആര്‍ജവം കാട്ടിയില്ല. പക്ഷേ കൈവിട്ടു. ഇപ്പോള്‍ വെറെ ആളെ നിര്‍ത്തി. ഉപ്പിനോളം വരില്ല, ഉപ്പിലിട്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സിപിഎം-ബിജെപി ഒത്തുകളി ഒരിക്കലും നടക്കാത്ത കാര്യമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. അങ്ങനെ നടക്കണമെങ്കില്‍ സൂര്യന്‍ പടിഞ്ഞാറുദിക്കും. അത് വെറും രാഷ്ട്രീയ ആരോപണം മാത്രമാണ്. വോട്ടുകച്ചവടമെന്നു പറയുന്നത് അനൗചിത്യം. ബിജെപിയും കമ്മ്യൂണിസ്റ്റുകാരും വോട്ടു കച്ചവടം നടത്തുന്നെന്നു പറഞ്ഞാല്‍ അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Anchodinch, Bdjs, Bjp, By elections, Cpm, Sndp, Vellappally natesan