കൊല്ലം: കേരളത്തെ ഞെട്ടിച്ച ഉത്രവധക്കേസില്‍ നാളെ കോടതി വിധി പറയും. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുക. 2020 മെയ് ആറിനാണ് സൂരജ് ഭാര്യ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നത്. പാമ്പിനെ നല്കിയ സുരേഷിനെ കേസില്‍ മാപ്പുസാക്ഷിയാക്കിയിരുന്നു. ഉത്രയെ കൊലപ്പെടുത്താനായി രണ്ടു തവണ പാമ്പിനെക്കൊണ്ട് കടിപ്പിച്ച ക്രൂരകൃത്യം തെളിഞ്ഞത് പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിലൂടെയാണ്.
ശാസ്ത്രീയ തെളിവുകള്‍ നിരത്തിയാണ് ഉത്ര വധക്കേസ് പ്രതി സൂരജിനെതിരെ കോടതിയിലെ പ്രോസിക്യൂഷന്റെ അന്തിമ വാദം നടന്നത്. ഉത്രയുടെ അതേ തൂക്കത്തിലുള്ള ഡമ്മിയെ ഉപയോഗിച്ച് കൊലപാതക ദൃശ്യങ്ങള്‍ അന്വേഷണ സംഘം പുനരാവിഷ്കരിച്ചിരുന്നു.
സാമ്പത്തികനേട്ടം മാത്രം ലക്ഷ്യമാക്കി വിവാഹംചെയ്ത സൂരജ് ഭിന്നശേഷിക്കാരിയായ ഉത്രയെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കുറ്റപത്രം.
സൂരജ് മാത്രമാണ് കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് ഉത്രയെ അഞ്ചലിലെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ബന്ധുക്കള്‍ തീരുമാനിച്ചു. ഉത്രയ്ക്ക് സ്ത്രീധനമായി നല്കിയ സ്വര്‍ണവും പണവും തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇതാണ് ഉത്രയെ കൊലപ്പെടുത്താനുള്ള തീരുമാനത്തിലേക്ക് സൂരജിനെ എത്തിച്ചത്.
മെയ് ഏഴിനാണ് അഞ്ചല്‍ സ്വദേശിനിയായ ഉത്രയെ വീട്ടിലെ കിടപ്പു മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അന്വേഷണത്തില്‍ മുറിക്കുള്ളില്‍ നിന്ന് പാമ്പിനെ കണ്ടെത്തിയിരുന്നു.
എസിയുള്ള മുറിയുടെ കതകും ജനാലയും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്ത് കയറി എന്ന സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. അന്വേഷണത്തില്‍ നേരത്തെയും സൂരജ് ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതായി കണ്ടെത്തി.
സൂരജിന്റെ മറ്റ് ബന്ധുക്കളെ കൂടി പ്രതിയാക്കിയ ഗാര്‍ഹിക പീഡന കുറ്റപത്രം ആയിരത്തിലധികം പേജുകള്‍ ഉള്ളതാണ്. 217 സാക്ഷിമൊഴികളും 303 തെളിവുകളും ഉള്‍പ്പെടുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.