തിരുവനന്തപുരം: ശബരിമലയിൽ അയ്യപ്പഭക്തരെ പിടിച്ചുതള്ളിയ ജീവനക്കാരനെ സർക്കാർ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് വിശ്വഹിന്ദു പരിഷത്ത് ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ഹിന്ദുക്കളുടെ ആരാധനാലയങ്ങളില്‍ മാത്രം നടക്കുന്ന ഇത്തരം സംഭവങ്ങൾ ഇനി അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് സി. ബാബുക്കുട്ടൻ, അനന്തപുരി ഹിന്ദു ധർമ്മ പരിഷത്ത് അദ്ധ്യക്ഷൻ എം.ഗോപൻ, ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം സന്ദീപ് തമ്പാനൂർ, ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന പ്രചാർ പ്രമുഖ് ഷാജു വേണുഗോപാൽ, വിഎച്ച്പി ഗവേണിങ് കൗൺസിൽ അംഗം ജി സനൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
അതേസമയം, പൊലീസ് നിർദ്ദേശപ്രകാരം ഭക്തരെ വേഗത്തിൽ കടത്തിവിടുക മാത്രമാണ് ജീവനക്കാരൻ ചെയ്തതെന്നും ഭക്തരെ പിടിച്ചു തള്ളേണ്ട ഒരു സാഹചര്യവും ശബരിമലയിൽ ആർക്കുമില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ പറഞ്ഞു. കാണുന്നവർക്ക് അത് ഭക്തരെ പിടിച്ചുതള്ളിയതാണെന്ന് തോന്നിയിട്ടുണ്ടാകാം. വീഡിയോ ദൃശ്യങ്ങളിലൂടെ മാത്രമാണ് ഇക്കാര്യം കണ്ടത്.
ഹൈക്കോടതി പരാമർശത്തിന്റെ പശ്ചാത്തലത്തിൽ ആരോപണ വിധേയനായ അരുൺ കുമാറിനോട് ബോർഡ് വിശദീകരണം തേടിയിട്ടുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾത്തന്നെ ശബരിമലയിലെ ജോലിയിൽ നിന്ന് ജീവനക്കാരനെ ഒഴിവാക്കിയിരുന്നു. ഹൈക്കോടതി തീരുമാനത്തിന് അനുസരിച്ച് തുടർനടപടി ഉണ്ടാകുമെന്നും അനന്തഗോപൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.