• HOME
 • »
 • NEWS
 • »
 • kerala
 • »
 • Mansiya | 'പരിപാടി വിലക്കിയത് കലാ സംസ്കാരത്തിന് എതിരായ തീരുമാനം'; മന്‍സിയയ്ക്ക്‌ പിന്തുണയുമായി വിശ്വ ഹിന്ദു പരിഷത്ത്

Mansiya | 'പരിപാടി വിലക്കിയത് കലാ സംസ്കാരത്തിന് എതിരായ തീരുമാനം'; മന്‍സിയയ്ക്ക്‌ പിന്തുണയുമായി വിശ്വ ഹിന്ദു പരിഷത്ത്

ഇടത് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ദേവസ്വം ബോർഡാണ് മൻസിയയുടെ നൃത്ത പരിപാടി വിലക്കിയതെന്നും ഇത് കലാ സംസ്കാരത്തിനെതിരായ തീരുമാനമാണെന്നും വിശ്വ ഹിന്ദു പരിഷത്ത് വിമർശിച്ചു

 • Share this:
  കൂടൽമാണിക്യം ക്ഷേത്രത്തിലെ നൃത്തോൽസവത്തിൽനിന്ന് മതത്തിന്‍റെ പേരിൽ ഒഴിവാക്കപ്പെട്ട ഭരതനാട്യം നർത്തകി മൻസിയയെ (Mansiya) പിന്തുണച്ച് വിശ്വ ഹിന്ദു പരിഷത്ത്. സംഘടനയുടെ സംസ്ഥാന പ്രസിഡന്റായ വിജി തമ്പിയും സെക്രട്ടറി വി ആർ രാജശേഖരനുമാണ് മൻസിയയുടെയും കൂടൽമാണിക്യം ക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വ്യക്തമാക്കിയത്.

  ഇടത് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ദേവസ്വം ബോർഡാണ് മൻസിയയുടെ നൃത്ത പരിപാടി വിലക്കിയതെന്നും ഇത് കലാ സംസ്കാരത്തിനെതിരായ തീരുമാനമാണെന്നും വിശ്വ ഹിന്ദു പരിഷത്ത് വിമർശിച്ചു. മൻസിയയ്ക്ക് പിന്തുണ അറിയിച്ചതിനോടൊപ്പം തന്നെ അവർക്ക് നൃത്തം അവതരിപ്പിക്കാനുള്ള അവസരം നൽകുമെന്നും വിഎച്ച്പി അറിയിച്ചു. സംഘടനയുടെ നിയന്ത്രണത്തിലുള്ള കലൂർ പാവക്കുളം ശിവ ക്ഷേത്രത്തിൽ മൻസിയക്ക് സ്വീകരണം നൽകാനും നൃത്തം അവതരിപ്പിക്കാൻ അവസരം നൽകുവാൻ തീരുമാനമുണ്ടെന്നും വിഎച്ച്പി അറിയിച്ചു. വേണ്ടി വന്നാൽ സംഘടനയ്ക്ക് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും മൻസിയയ്ക്ക് നൃത്തം അവതരിപ്പിക്കാൻ അവസരം നൽകുമെന്നും ദേവസ്വം ബോർഡിന്റെ നടപടിയിൽ ദുരൂഹതയുണ്ടെന്നും വിശ്വ ഹിന്ദു പരിഷത്ത് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

  മലപ്പുറം ജില്ലയിലെ വള്ളുവമ്പ്രത്തു നിന്നുള്ള മന്‍സിയയ്ക്ക് ക്ഷേത്ര കലകൾ പഠിച്ചുവെന്നതിന്റെ പേരിൽ മുസ്ലിം പള്ളിക്കമ്മിറ്റിയില്‍ നിന്നും മതനേതാക്കളില്‍ നിന്നും ഊരുവിലക്ക് നേരിട്ടതിനു പിന്നാലെയാണ് നൃത്തം അവതരിപ്പിക്കാൻ കഴിയില്ലെന്ന് കാട്ടി ക്ഷേത്രോത്സവകമ്മിറ്റിയും മൻസിയയ്ക്ക് എതിരെ രംഗത്തെത്തുന്നത്. ഒറ്റപ്പെടുത്തലുകൾക്കിടയിലും രക്ഷിതാക്കളുടെ പിന്തുണയുടെ ബലത്തിലാണ് മൻസിയ പിടിച്ചുനിന്നത്.

  Also read - Mansiya | 'അവർ മതഭ്രാന്തൻമാരായ താലിബാനിസ്റ്റുകൾ'; മൻസിയയെ പിന്തുണച്ച് BJP വക്താവ്

  ഇതിന് പിന്നാലെ അഹിന്ദു ആയതിനാലാണ് കൂടൽ മാണിക്യം ഉത്സവത്തോട് അനുബന്ധിച്ചുള്ള നൃത്തോത്സവത്തിൽ മുൻകൂട്ടി തീരുമാനിച്ച പരിപാടിയായിരുന്നിട്ടും കൂടി അവസരം നിഷേധിച്ചത്. ഏപ്രിൽ 21 ന് നടക്കേണ്ടിയിരുന്ന ഭരതനാട്യം അവതരിപ്പിക്കാൻ നോട്ടീസിൽ പേര് അച്ചടിച്ചിരുന്നെങ്കിലും ഇതിന് ശേഷവും ക്ഷേത്ര ഭാരവാഹികൾ പരിപാടി റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു.

  Also read- നൃത്തപഠനം ഇസ്ലാമിക വിരുദ്ധമെന്ന പേരിൽ ഊരുവിലക്കിയ നർത്തകിയെ അഹിന്ദുവായതിനാൽ ക്ഷേത്രപരിപാടിയിൽ നിന്നൊഴിവാക്കി

  'ഫോൺ വിളിച്ച് ഒരു സ്റ്റേറ്റ്മെൻ്റ് പോലെ ആണ് അവർ ഇക്കാര്യം അറിയിച്ചത്. അഹിന്ദുക്കൾക്ക് പ്രവേശനം ഇല്ല, മൻസിയ ഹിന്ദുവാണോ എന്ന് ചോദിച്ചു.' - മൻസിയ പറയുന്നു. സമാന കാരണം മൂലം ഗുരുവായൂരിൽ അവസരം നിഷേധിക്കപ്പെട്ടതും മൻസിയ തന്റെ ഫേസ്‌ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

  മൻസിയയുടെ ഫേസ്ബുക്ക്‌ കുറിപ്പ്‌:

  കൂടൽമാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള "നൃത്തോൽസവത്തിൽ" ഏപ്രിൽ 21 വൈകീട്ട് 4 to 5 വരെ ചാർട്ട് ചെയ്‌ത എന്റെ പരിപാടി നടത്താൻ സാധിക്കില്ല എന്ന വിവരം പറഞ്ഞുകൊണ്ട് ക്ഷേത്രഭാരവാഹികളിൽ ഒരാൾ എന്നെ വിളിച്ചു. അഹിന്ദു ആയതു കാരണം അവിടെ കളിക്കാൻ സാധിക്കില്ലത്രേ.

  നല്ല നർത്തകി ആണോ എന്നല്ല മതത്തിന്റെ അടിസ്ഥാനത്തിൽ ആണ് എല്ലാ വേദികളും. വിവാഹം കഴിഞ്ഞതോടെ ഹിന്ദു മതത്തിലേക്ക് convert ആയോ എന്നൊരു ചോദ്യവും വന്നു കേട്ടോ. ഒരു മതവുമില്ലാത്ത ഞാൻ എങ്ങോട്ട് convert ആവാൻ.. ഇത് പുതിയ അനുഭവം ഒന്നുമല്ല. വർഷങ്ങൾക്ക് മുൻപ് ഗുരുവായൂർ ഉത്സവത്തിനോടനുബന്ധിച്ച് എനിക്ക് തന്ന അവസരവും ഇതേ കാരണത്താൽ ക്യാൻസൽ ആയി പോയിരുന്നു. കലകളും കലാകാരരും മതവും ജാതിയുമായി കെട്ടിമറഞ്ഞു കൊണ്ടേയിരിക്കും. അതൊരു മതത്തിനു നിഷിദ്ധമാകുമ്പോൾ മറ്റൊരു മതത്തിന്റെ കുത്തക ആവുന്നു.

  മതേതര കേരളം

  Nb: ഇതിലും വലിയ മാറ്റിനിർത്തൽ അനുഭവിച്ചു വന്നതാണ്. ഇതെന്നെ സംബന്ധിച്ച് ഒന്നുമല്ല. ഇവിടെ കുറിക്കുന്നത് കാലം ഇനിയും മാറിയില്ല എന്നു മാത്രമല്ല വീണ്ടും വീണ്ടും കുഴിയിലേക്കാണ് പോക്കെന്ന് സ്വയം ഓർക്കാൻ വേണ്ടി മാത്രം..
  Published by:Naveen
  First published: