തിരുവനന്തപുരം: പത്മനാഭസ്വാമിക്ഷേത്രത്തിനു സമീപത്തെ തീർത്ഥപാദമണ്ഡപം സർക്കാർ ഏറ്റെടുത്തു. ഭൂമി കൈവശം വച്ചിരിക്കുന്ന വിദ്യാധിരാജ സഭയുടെ അവകാശവാദം തള്ളികൊണ്ടാണ് സർക്കാർ തീരുമാനം. ചട്ടമ്പിസ്വാമികളുടെ ക്ഷേത്രം ആവശ്യമെങ്കിൽ വിദ്യാധിരാജ സഭക്ക് വിട്ടുകൊടുക്കുമെന്നും റവന്യൂ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.

അതേസമയം ഏറ്റെടുക്കലിനെതിരെ പ്രതിഷേധവുമായി ബിജെപി-ഹിന്ദു ഐക്യവേദി പ്രവർത്തകര്‍ രംഗത്തെത്തി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ പൊലീസുകാരെ വിനിയോഗിച്ചിട്ടുണ്ട്. പ്രശ്നത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ആചാരങ്ങളെ അവഹേളിക്കുന്നതിനെതിരെ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും സംഭവസ്ഥലത്തെത്തിയ ഒ രാജഗോപാല്‍ എംഎല്‍എ പ്രതികരിച്ചു.

തീർത്ഥപാദമണ്ഡപം ഉൾപെടുന്ന 65 സെന്റ് ഭൂമി ഏറ്റെടുക്കാൻ കഴിഞ്ഞ വർഷം മന്ത്രിസഭതീരുമാനമെടുത്താണ്. ഇത് ചോദ്യം ചെയ്തുകൊണ്ട് വിദ്യാധി രാജ സഭ ഹൈക്കോടതിയെ സമീപിച്ചു. വിദ്യാധിരാജസഭയുടെ വാദം കൂടികേട്ടശേഷം തീരുമാനമെടുക്കാനാണ് ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചത്. ഇതേതുടർന്ന് റവന്യൂ സെക്രട്ടറി നടത്തിയ ഹിയറിങ്ങിൽ ഭൂമിയുടെ ഉടമസ്ഥാവകാശത്തിനായി വിദ്യാധിരാജയുടെ അവകാശവാദങ്ങൾ നിലനിൽക്കുന്നതല്ലെന്ന് കണ്ടെത്തി.

3.1976 ൽ ഭൂമി കൈമാറിയ വിദ്യാധിരാജ സൊസൈറ്റിയുടെ കൈവശമല്ല ഇപ്പോൾ ഭൂമിയെന്നും വിദ്യാധിരാജ ട്രസ്റ്റ് എന്നപേരുമാറ്റം സർക്കാരിനെ അറിയിച്ചില്ലെന്നും റവന്യൂ സെക്രട്ടറി കണ്ടെത്തി.

സർക്കാർ ഭൂമിയിൽ നിലനിൽക്കുന്ന ചട്ടമ്പിസ്വാമിക്ഷേത്രം ആവശ്യമെങ്കിൽ വിട്ടുനൽകും.ഭൂമി ഏറ്റെടുക്കുന്ന നടപടികളുമായി മുന്നോട്ട് പോകാൻ തിരുവനന്തപുരം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തികൊണ്ടാണ് സർക്കാർ ഉത്തരവ്.  എന്നാൽ സർക്കാർ തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ പോവാനാണ് വിദ്യാധിരാജ സഭയുടെ തീരുമാനം.

Also Read തിരുവനന്തപുരം തീർത്ഥപാദ മണ്ഡപവും 65 സെന്റ് സ്ഥലവും സർക്കാർ ഏറ്റെടുക്കും; സർക്കാർ ഉത്തരവിറങ്ങി