'അഴിമതി നടത്തി'; ജേക്കബ് തോമസിനെതിരെ വിജിലൻസ് കേസ്

തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജർ വാങ്ങിയതിൽ അഴിമതി നടത്തിയെന്നാണ് കേസ്

ജേക്കബ് തോമസ്

ജേക്കബ് തോമസ്

 • News18
 • Last Updated :
 • Share this:
  തിരുവനന്തപുരം: മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ അഴിമതിക്കേസ്. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജർ വാങ്ങിയതിൽ അഴിമതി നടത്തിയെന്നാണ് വിജിലൻസ് കേസ്. തിരുവനന്തപുരം വിജിലൻസ് കോടതിയിൽ എഫ്ഐആർ ഫയൽ ചെയ്തു.ജേക്കബ് തോമിസിനെതിരെ കേസെടുക്കാമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരൻ നായർ നേരത്തെ സർക്കാരിന് നിയമോപദേശം നൽകിയിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി സ്വയം വിരമിക്കലിന് അപേക്ഷ നൽകിയെങ്കിലും സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് ജേക്കബ് തോമസിനെതിരെ വിജിലൻസ് കേസെടുത്തിരിക്കുന്നത്.

  2009 മുതൽ 2014 വരെ ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടർ ആയിരിക്കെ കട്ടർ സക്‌ഷൻ ഡ്രഡ്ജർ വാങ്ങിയതിൽ 14.96 കോടിയുടെ ക്രമക്കേട് ഉണ്ടായതായി ധനകാര്യ പരിശോധനാവിഭാഗം കണ്ടെത്തിയിരുന്നു. സർക്കാർ അനുമതിക്കുശേഷം രേഖകളിൽ മാറ്റം വരുത്തുകയും ടെൻഡർ വിവരങ്ങൾ വിദേശ കമ്പനിക്ക് നേരത്തേ തന്നെ കൈമാറിയതായും റിപ്പോർട്ടിൽ പറയുന്നു. 2014ൽ ഇക്കാര്യം വിജിലൻസ് അന്വേഷിച്ച് ക്രമക്കേടില്ലെന്ന് റിപ്പോർട്ട് നൽകിയിരുന്നു. അന്വേഷണം നടക്കുമ്പോൾ ജേക്കബ് തോമസ് തന്നെയായിരുന്നു വിജിലൻസ് എ.ഡി.ജി.പി. ധനുവകുപ്പ് പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ടിൽ ജേക്കബ് തോമസിനെതിരേ അന്വേഷണത്തിന് അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന എസ്.എം. വിജയാനന്ദ് ശുപാർശചെയ്തിരുന്നു. കണ്ണൂരിലെ രാജീവ്ഗാന്ധി കൺസ്ട്രക്ഷൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് സത്യൻ നരവൂർ 2016 ഒക്ടോബർ 21ന് ധനകാര്യപരിശോധനാ വിഭാഗത്തിന് നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം നടന്നത്.

  ഡ്രഡ്ജിങ് സംബന്ധിച്ച പരാതിയിൽ അന്നത്തെ അഡീഷണൽ ചീഫ് സെക്രട്ടറി (ഫിനാൻസ്) കെ.എം എബ്രഹാം അന്വേഷണം നടത്തിയിരുന്നു. കട്ടർസെക്ഷൻ ഡ്രഡ്ജർ വാങ്ങിയതിൽ 14.96 കോടി രൂപയുടെ പൊതുനഷ്ടം സർക്കാരിന് വന്നതയും ഇടപാടുകൾ സുതാര്യമല്ലെന്നും കൂടിയാലോചനകൾ ഒന്നും നടത്താതെയാണ് ഇടപാട് നടന്നതെന്നും കണ്ടെത്തി. ഇതേതുടർന്ന് ക്രമക്കേട്, വഞ്ചന എന്നിവയുടെ പേരിൽ ക്രിമിനൽ കേസ് എടുക്കാൻ അന്നത്തെ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് നിർദേശിച്ചിരുന്നു.

  First published:
  )}