പാലാരിവട്ടം പാലം അ‍ഴിമതി; ചോദ്യം ചെയ്യലിന് ഹാജരാകാൻ വി കെ ഇബ്രാഹിം കുഞ്ഞിന് രണ്ട് ദിവസത്തിനകം നോട്ടീസ് നല്‍കും

മന്ത്രിയായിരിക്കെ ഇബ്രാഹിംകുഞ്ഞ് ഒപ്പിട്ട 140 രേഖകള്‍ അ‍ഴിമതിക്ക് തെളിവായി വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്.

News18 Malayalam | news18-malayalam
Updated: February 11, 2020, 10:56 PM IST
പാലാരിവട്ടം പാലം അ‍ഴിമതി; ചോദ്യം ചെയ്യലിന് ഹാജരാകാൻ വി കെ ഇബ്രാഹിം കുഞ്ഞിന് രണ്ട് ദിവസത്തിനകം നോട്ടീസ് നല്‍കും
വി.കെ ഇബ്രാഹിം കുഞ്ഞ്
  • Share this:
കൊച്ചി: പാലാരിവട്ടം പാലം അ‍ഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ഉടന്‍ ചോദ്യം ചെയ്യും. നിയമസഭാ സമ്മേളനം ഇന്നവസാനിക്കുന്ന സാഹചര്യത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് രണ്ട് ദിവസത്തിനകം നോട്ടീസ് നല്‍കാനാണ് വിജിലന്‍സിന്‍റെ തീരുമാനം. ചോദ്യം ചെയ്യലിന് മുന്നോടിയായി ഇബ്രാഹിംകുഞ്ഞിനെതിരെ പരമാവധി തെളിവുകള്‍ അന്വേഷണ സംഘം സമാഹരിച്ചിട്ടുണ്ട്.

also read:അനധികൃത അവധിയെടുത്ത ഡോക്ടർമാർക്കെതിരെ നടപടി തുടങ്ങി

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വി കെ ഇബ്രാഹിം കുഞ്ഞ് എം എല്‍ എക്കെതിരെ അന്വേഷണം നടത്താന്‍ അനുമതി തേടി ഒക്ടോബര്‍ 2ന്  വിജിലന്‍സ് നല്‍കിയ അപേക്ഷയില്‍ നേരത്തെ ഗവര്‍ണറുടെ അനുമതി ലഭിച്ചിരുന്നു. എന്നാല്‍ നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ എം എല്‍ എ യെ ചോദ്യം ചെയ്യുന്നതിന് സ്പീക്കറുടെ പ്രത്യേക അനുമതി ആവശ്യമാണ്. നിയമസഭാ സമ്മേളനം ഇന്നവസാനിക്കുന്ന സാഹചര്യത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് ഉടന്‍ നോട്ടീസ് നല്‍കാനാണ് വിജിലന്‍സിന്‍റെ തീരുമാനം.

പൊതുമരാമത്ത് മന്ത്രിയായിരിക്കെ കരാര്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി കരാര്‍ കമ്പനിക്ക് മുന്‍കൂറായി 8.25 കോടി രൂപ അനുവദിച്ചുവെന്നതാണ് ഇബ്രാഹിം കുഞ്ഞിനെതിരായ പ്രധാന ആരോപണം. പ്രി ബിഡ് യോഗ തീരുമാനത്തിന് വിരുദ്ധമായി തുക മുന്‍കൂര്‍ അനുവദിച്ചത് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞിന്‍റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് മുന്‍ പൊതുമരാമത്ത് സെക്രട്ടറിയും കേസിലെ നാലാം പ്രതിയുമായ ടി. ഒ സൂരജ് വ്യക്തമാക്കിയിരുന്നു.

മന്ത്രിയായിരിക്കെ ഇബ്രാഹിംകുഞ്ഞ് ഒപ്പിട്ട 140 രേഖകള്‍ അ‍ഴിമതിക്ക് തെളിവായി വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. പാലം നിര്‍മ്മാണത്തിലെ എല്ലാ തീരുമാനങ്ങളും മന്ത്രിയുടെ അറിവോടെയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. റോഡ് ഫണ്ട് ബോര്‍ഡിന്‍റെയും കേരള റോഡ്സ് ആൻഡ് ബ്രിഡജസ് കോര്‍പ്പറേഷന്‍റെയും ഫയലുകള്‍ മന്ത്രി കണ്ടിരുന്നു. ഒപ്പം സുപ്രധാന തീരുമാനങ്ങളുടെ മിനിറ്റ്സില്‍ മന്ത്രിയുടെ ഒപ്പമുണ്ടെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു.

ഇതെക്കുറിച്ചെല്ലാം ചോദ്യം ചെയ്യലില്‍ ഇബ്രാഹിം കുഞ്ഞിന് വിശദീകരിക്കേണ്ടി വരും. തൃപ്തികരമായ മറുപടി നല്‍കാന്‍ ഇബ്രാഹിംകുഞ്ഞിന് ക‍ഴിഞ്ഞില്ലെങ്കില്‍ അറസ്റ്റിലേക്ക് കടക്കാനാണ് വിജിലന്‍സിന്‍റെ തീരുമാനം. അതേ സമയം ചോദ്യം ചെയ്യലിന് നോട്ടീസ് ലഭിച്ചാലുടന്‍ ഇബ്രാഹിംകുഞ്ഞ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നാണ് വിവരം. ഇതിനിടെ ഇബ്രാഹിംകുഞ്ഞ് വിദേശത്തേക്ക് പോകാന്‍ തയ്യാറെടുക്കുന്നതായും സൂചനയുണ്ട്.

പാലം നിര്‍മ്മാണ കാലയളവില്‍ പ്രതികളുടെ സ്വത്തുക്കളില്‍ ഉണ്ടായ വര്‍ധനവിനെക്കുറിച്ചും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. ചന്ദ്രിക ദിന പത്രത്തിന്‍റെ അക്കൗണ്ടിലേക്ക് ഇബ്രാഹിംകുഞ്ഞ് കോടികളുടെ സ്വത്തുക്കള്‍ വക മാറ്റിയെന്ന ആരോപണത്തെക്കുറിച്ചും വിജിലന്‍സ് അന്വേഷിച്ച് വരികയാണ്.
First published: February 11, 2020, 10:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading