ഇന്റർഫേസ് /വാർത്ത /Kerala / പണക്കിഴി വിവാദം; ചെയര്‍പേഴ്‌സണ്‍ ഓഫീസ് പൂട്ടി മടങ്ങി ; തൃക്കാക്കര നഗരസഭയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍

പണക്കിഴി വിവാദം; ചെയര്‍പേഴ്‌സണ്‍ ഓഫീസ് പൂട്ടി മടങ്ങി ; തൃക്കാക്കര നഗരസഭയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍

ചെയര്‍പെഴ്‌സണ്‍ അജിത തങ്കപ്പന്‍

ചെയര്‍പെഴ്‌സണ്‍ അജിത തങ്കപ്പന്‍

വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എത്തിയതിനു പിന്നാലെ ചെയര്‍പേഴ്‌സണ്‍ അജിതാ തങ്കപ്പന്‍ ഓഫീസ് പൂട്ടി മടങ്ങി

  • Share this:

ഓണസമ്മാനമായി തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പണം നല്‍കിയെന്ന വിഷയത്തില്‍ പരാതി അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തിന്റെ പരിശോധന തടസ്സപ്പെട്ടു. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എത്തിയതിനു പിന്നാലെ ചെയര്‍പേഴ്‌സണ്‍ അജിതാ തങ്കപ്പന്‍ ഓഫീസ് പൂട്ടി മടങ്ങി. രാത്രി വൈകിയും ചെയര്‍പേഴ്‌സന്റെ ഓഫീസ് തുറക്കാന്‍ വിജിലന്‍സ് സംഘത്തിനായില്ല.

വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നിരവധി തവണ ചെയര്‍പേഴ്‌സണിനെ ഫോണ്‍ വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. പണം നല്‍കിയോയെന്നതിന് സി സി ടി വി ദൃശ്യങ്ങള്‍ നിര്‍ണായക തെളിവാണ്. ഇത് പരിശോധിക്കണമെങ്കില്‍ ചെയര്‍പേഴ്‌സന്റെ ഓഫീസില്‍നിന്ന് ഹാര്‍ഡ് ഡിസ്‌ക് എടുക്കേണ്ടതുണ്ട്. മുനിസിപ്പാലിറ്റി ഓഫീസില്‍ നിന്ന് ഉദ്യോഗസ്ഥരെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയിട്ടുണ്ട്.

പണക്കിഴി വിവാദത്തിനു ശേഷം തൃക്കാക്കര നഗരസഭയില്‍ ചേര്‍ന്ന അടിയന്തര കൗണ്‍സിലിന്റെ യോഗത്തില്‍ നാടകീയ രംഗങ്ങള്‍ ആണ് അരങ്ങേറിയത്. യോഗത്തിന് ഒരു മണിക്കൂര്‍ മുമ്പ് ഹാളിന്റെ വാതില്‍ അകത്തുനിന്ന് പൂട്ടിയ പ്രതിപക്ഷം മറ്റൊരു വാതില്‍ മുദ്രാവാക്യം വിളികളുമായി ഉപരോധിക്കുകയും ചെയ്തു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

നഗരസഭയുടെ പിന്‍വാതിലിലൂടെ എത്തിയ നഗരസഭാ അധ്യക്ഷ അജിതാ തങ്കപ്പനെ കൗണ്‍സില്‍ യോഗം നടക്കേണ്ട ഹാളിലേക്ക് കടത്തിവിടാതെ പ്രതിപക്ഷം പ്രതിഷേധിച്ചു.

ഇതോടെ യുഡിഎഫ് അംഗങ്ങള്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ മുറിയില്‍ കയറി. ഇവിടെ വെച്ച് കൗണ്‍സില്‍ യോഗം ചേര്‍ന്നുവെന്ന് നഗരസഭാ അധ്യക്ഷ അജിത അവകാശപ്പെട്ടു. എന്നാല്‍ സെക്രട്ടറി യോഗത്തിനെത്തിയിരുന്നില്ല.

ചട്ടപ്രകാരം സെക്രട്ടറി പകരം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ യോഗം നിയന്ത്രിച്ചെന്നാണ് നഗരസഭാ അധ്യക്ഷയുടെ അവകാശവാദം. പ്രതിപക്ഷത്തിന്റെ അഭ്യാസം തന്നോട് വേണ്ടന്ന് വെല്ലുവിളിയ്ക്കുകയും ചെയ്തു. പൊലീസ് സംരക്ഷണത്തിലാണ് നഗരസഭാ അധ്യക്ഷ എത്തിയത്. നടപടികള്‍ പൂര്‍ത്തിയാക്കി ഭരണപക്ഷത്തിന്റെ പോലീസിന്റേയും സഹായത്തോടെ പുറത്തെത്തിയ അജിതാ തങ്കപ്പന്‍ ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ വാഹനത്തില്‍ സ്ഥലത്തു നിന്ന് പോകുകയും ചെയ്തു.

ചെയര്‍പേഴ്‌സണ്‍ കൗണ്‍സില്‍ വിളിച്ചു ചേര്‍ത്തതറിഞ്ഞ പ്രതിപക്ഷം കൗണ്‍സില്‍ ഹാളില്‍ യോഗം ചേര്‍ന്ന് അജണ്ട പാസാക്കിയതായി അറിയിച്ചു. നഗരസഭയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ സംരക്ഷിയ്ക്കുന്നതില്‍ നടപടിയെടുത്തില്ലെന്നാരോപിച്ച് പ്രതിപക്ഷം തൃക്കാക്കര എ.സി.പി ഓഫീസിലേക്ക് മാര്‍ച്ചും നടത്തി.

തൃക്കാക്കര നഗരസഭയില്‍ ഓണക്കോടിയോടൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് പണം നല്‍കിയ ചെയര്‍പേഴ്‌സന്റെ നടപടി വലിയ വിവാദമായിരുന്നു. ഓണപ്പുടവയോടൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് കവറില്‍ 10,000 രൂപയാണ് ചെയര്‍പേഴ്‌സന്‍ അജിത തങ്കപ്പന്‍ സമ്മാനിച്ചത്. കൗണ്‍സിലര്‍മാരില്‍ ചിലര്‍ കവര്‍ ചെയര്‍പേഴ്‌സന് തന്നെ തിരിച്ച് നല്‍കി വിജിലന്‍സില്‍ പരാതി നല്‍കി. ഇതോടെയാണ് സംഭവം പുറത്തായത്.

തൃക്കാക്കര ന?ഗരസഭയിലെ പണക്കിഴി വിവാദവുമായി ബന്ധപ്പെട്ട് നടത്തിയ കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി ചെയര്‍പേഴ്‌സനെ വെള്ളപൂശുന്ന റിപ്പോര്‍ട്ടാണ് തയ്യാറക്കിയത്. പണം കൈമാറ്റത്തിന് തെളിവില്ലെന്നായിരുന്നു വിശദീകരണം. റിപ്പോര്‍ട്ടിനെതിരായി ഒരു വിഭാഗം കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തന്നെ രംഗത്തെത്തിയതോടെ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിയ്‌ക്കേണ്ടതില്ലെന്നാണ് തീരുമാനം.

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷമാണ് റിപ്പോര്‍ട്ട് ഉണ്ടാവുക. പാര്‍ലമെന്ററി പാര്‍ട്ടിയുടെ നിര്‍ദ്ദേശം കൂടി കേട്ട ശേഷമേ അന്തിമ റിപ്പോര്‍ട്ട് കൈമാറുകയുള്ളു. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ എത്തുന്ന കൗണ്‍സിലര്‍മാരുടെ നിര്‍ദ്ദേശം കൂടി കേള്‍ക്കുമെന്ന് കമ്മിഷന്‍ അംഗങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഒരു വിഭാഗത്തിന്റെ മാത്രം അഭിപ്രായം കേട്ടതില്‍ വിമര്‍ശനവും ഉയര്‍ന്നിരുന്നു.

പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് തര്‍ക്കമാണ് ഇത്തരമൊരു വിവാദത്തിലേക്കെത്തിയതെന്നാണ് തെളിവെടുപ്പില്‍ കണ്ടെത്തിയിരിക്കുന്നത്. ചെയര്‍പേഴ്‌സണെ മാറ്റുന്നതിന് ഇടത് കൗണ്‍സിലര്‍മാരുമായി ചേര്‍ന്ന് പാര്‍ട്ടിക്കകത്തെ ചിലര്‍ നീക്കങ്ങള്‍ നടത്തിയെന്നും അതിന്റെ ഭാഗമായാണ് വിവാദം മാധ്യമങ്ങളിലൂടെ പുറത്തുവന്നതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളതായാണ് സൂചന.

ഡി.സി.സി. വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, സെക്രട്ടറി കെ.എക്‌സ്. സേവ്യര്‍ എന്നിവരാണ് ഇതുസംബന്ധിച്ച തെളിവ് ശേഖരിച്ചത്. സംഭവവുമായി ബന്ധമുള്ളവരെ ഡി.സി.സി. ഓഫീസില്‍ വിളിച്ചുവരുത്തിയായിരുന്നു തെളിവെടുപ്പ്.

First published:

Tags: Thrikkakara, Thrikkakara Muncipality