• HOME
  • »
  • NEWS
  • »
  • kerala
  • »
  • തൃക്കാക്കര പണക്കിഴി വിവാദം; നഗരസഭയില്‍ വിജിലന്‍സ് പരിശോധന; ചെയര്‍പേഴ്സണെ കുടുക്കാന്‍ ആസൂത്രണമെന്ന് കോണ്‍ഗ്രസ് റിപ്പോര്‍ട്ട്

തൃക്കാക്കര പണക്കിഴി വിവാദം; നഗരസഭയില്‍ വിജിലന്‍സ് പരിശോധന; ചെയര്‍പേഴ്സണെ കുടുക്കാന്‍ ആസൂത്രണമെന്ന് കോണ്‍ഗ്രസ് റിപ്പോര്‍ട്ട്

ചെയർപേഴ്സൺ അജിതാ തങ്കപ്പനെതിരായ മൂന്നു പരാതികളിൽ പരിശോധയ്ക്കായി വിജിലൻസ് സംഘം നഗരസഭയിലെത്തി.

News18 Malayalam

News18 Malayalam

  • Share this:
കൊച്ചി: തൃക്കാക്കര നഗരസഭ പണക്കിഴി വിവാദത്തിൽ ഇടപെട്ട് മുഖ്യമന്ത്രി. കൗൺസിലർമാർ നൽകിയ പരാതി നഗരകാര്യ ഡയറക്ടർക്ക് ഉചിതമായ നടപടികൾ കൈക്കൊള്ളാനായി കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് കൗൺസിലർമാരെ അറിയിച്ചു. വിജിലൻസ് അന്വേഷണം വൈകിയാൽ സി.സി.ടി.വി ദൃശ്യങ്ങൾ നഷ്ടപ്പെടാനുള്ള സാധ്യതയടക്കം ചൂണ്ടിക്കാട്ടി നൽകിയ പരാതിയിലാണ് മറുപടി.

പണക്കിഴിയുമായി ബന്ധപ്പെട്ട പരാതിയിൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടെ ചെയർപേഴ്സൺ അജിതാ തങ്കപ്പനെതിരായ മൂന്നു പരാതികളിൽ പരിശോധയ്ക്കായി വിജിലൻസ് സംഘം നഗരസഭയിലെത്തി.നിയമന വിവാദം, ഭക്ഷ്യക്കിറ്റ് വിതരണത്തിലെ ക്രമക്കേട്, തോട് വൃത്തിയാക്കൽ തുടങ്ങിയവയിലെ പരാതികളുമായി ബന്ധപ്പെട്ട പരിശോധനയ്ക്കാണ് രണ്ടംഗ വിജിലൻസ് സംഘം നഗരസഭയിലെത്തിയത്.

ചെയർപേഴ്സൻ്റെ രാജിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ പണക്കിഴി വിവാദം ചെയർപേഴ്സണെ കുടുക്കാൻ നടന്ന ആസൂത്രിത നീക്കമെന്ന് കോൺഗ്രസ് റിപ്പോർട്ട്. കോൺഗ്രസിലെ ഗ്രൂപ്പുകളിയുടെ ഭാഗമാണ് വിവാദമെന്നാണ് ഡി.സി.സി വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് നടത്തിയ അന്വേഷണത്തിൻ്റെ പ്രാഥമിക നിഗമനം.വൈകാതെ കോൺഗ്രസ് നേതൃത്വത്തിന് അന്വേഷണ റിപ്പോർട്ട് കൈമാറും.തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ കൗൺസിലർമാർക്ക് ഓണക്കോടിക്ക് ഒപ്പം പതിനായിരം രൂപ നൽകിയെന്ന പരാതി വിവാദമായതിനെ തുടർന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിർദേശപ്രകാരം തെളിവെടുപ്പ് നടന്നത്. തുക കൈമാറ്റം ബോധ്യപ്പെട്ടാൽ കർശന നടപടിയുണ്ടാകുമെന്നു പാർട്ടി നേതൃത്വം മുന്നറിയിപ്പു നൽകിയിരുന്നു.

പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് തർക്കമാണ് ഇത്തരമൊരു വിവാദത്തിലേക്കെത്തിയതെന്നാണ് തെളിവെടുപ്പിൽ കണ്ടെത്തിയിരിക്കുന്നത്. ചെയർപേഴ്സണെ മാറ്റുന്നതിന് ഇടത് കൗൺസിലർമാരുമായി ചേർന്ന് പാർട്ടിക്കകത്തെ ചിലർ നീക്കങ്ങൾ നടത്തിയെന്നും അതിന്റെ ഭാഗമായാണ് വിവാദം മാധ്യമങ്ങളിലൂടെ പുറത്തുവന്നതെന്നും റിപ്പോർട്ടിൽ പരാമർശമുള്ളതായാണ് സൂചന.  ഡി.സി.സി. വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, സെക്രട്ടറി കെ.എക്സ്. സേവ്യർ എന്നിവരാണ് ഇതുസംബന്ധിച്ച തെളിവ് ശേഖരിച്ചത്. സംഭവവുമായി ബന്ധമുള്ളവരെ ഡി.സി.സി. ഓഫീസിൽ വിളിച്ചുവരുത്തിയായിരുന്നു തെളിവെടുപ്പ്.

ഓണസമ്മാനമായി 10,000 രൂപ കിട്ടിയിട്ടില്ലെന്നും ചെയർപേഴ്സൺ പണം കവറിൽ കൊടുക്കുന്നത് നേരിൽ കണ്ടിട്ടില്ലെന്നുമാണ് തെളിവെടുപ്പിൽ ഭൂരിഭാഗം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരും പറഞ്ഞത്. എന്നാൽ, പങ്കുള്ളതായി സംശയിക്കുന്നുവെന്ന മൊഴിയും നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചയ്ക്കാരംഭിച്ച തെളിവെടുപ്പിൽ നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പനെയാണ് ആദ്യം വിളിപ്പിച്ചത്. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ നൗഷാദ് പല്ലച്ചി, റാഷിദ് ഉള്ളംപിള്ളി, സോമി റെജി, സ്മിത സണ്ണി, സുനീറ ഫിറോസ്, മുൻ നഗരസഭ ചെയർമാൻ ഷാജി വാഴക്കാല എന്നിവരും അന്വേഷണ കമ്മിഷനു മുന്നിൽ ഹാജരായി. ഒറ്റയ്ക്കു വിളിച്ചാണ് തെളിവെടുത്തത്. ഓരോരുത്തർക്കും അര മണിക്കൂർ സമയം നൽകി. ഭരണം ലഭിച്ചതുമുതൽ ഓണസമ്മാന വിവാദങ്ങളും പ്രശ്നങ്ങളുംവരെ അന്വേഷത്തിന്റെ ഭാഗമായിരുന്നു.

സ്റ്റാൻഡിങ് കമ്മിറ്റിയിൽ ഭൂരിഭാഗം പേരും ഓണക്കോടിക്കൊപ്പം കവറിൽ 10,000 രൂപ കിട്ടിയിട്ടില്ലെന്നും ഇത് മറ്റു കൗൺസിലർമാർക്കു നൽകുന്നതു കണ്ടിട്ടില്ലെന്നും പറഞ്ഞു. ചിലർ സംഭവത്തിൽ ചെയർപേഴ്സനു പങ്കുള്ളതായി സംശയിക്കുന്നുവെന്ന് മൊഴി നൽകി. പ്രതിപക്ഷത്തെ എൽ.ഡി.എഫ്. കൗൺസിലർമാരുമായി ഗ്രൂപ്പുകളിച്ച് കോൺഗ്രസ് അംഗങ്ങളിൽ ചിലർ ഭരണം അട്ടിമറിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും ചിലർ മൊഴി നൽകി.അജിത പണം നൽകിയിട്ടില്ലെന്ന നിഗമനത്തിൽ തന്നെയാണ് ഡിസിസിയും എത്തിയിരിക്കുന്നത്. എന്നാൽ പ്രതിപക്ഷ ആരോപണങ്ങൾക്കപ്പുറം നേതൃത്വത്തെ വെട്ടിലാക്കിയിരിയ്ക്കുന്നത് കോൺഗ്രസ്  കൗൺസിലർമാർ തന്നെ പുറത്തുവിട്ടിരിക്കുന്ന ചില ശബ്ദസന്ദേശങ്ങളാണ്.

തങ്ങൾക്ക് കവർ നൽകിയിരുന്നു അത് തിരിച്ചുനൽകിയെന്നാണ് കൗൺസിലർമാർ പറയുന്നത്. അതിനാൽതന്നെ ഡിസിസി അജിത തങ്കപ്പന് ക്ലീൻചിറ്റ് നൽകുമ്പോഴും പണക്കിഴി വിവാദത്തെ എങ്ങനെ മറികടക്കാനാമെന്ന വെല്ലുവിളി ബാക്കിയാകുകയാണ്.എന്തു വന്നാലും സംസ്ഥാനത്തെ ഏറ്റവും വരുമാനമുള്ള നഗരസഭാ  ഭരണം നഷ്ടപ്പെടുത്തേണ്ടതില്ലെന്നാണ് നേതൃതലത്തിലെ ധാരണ
Published by:Jayesh Krishnan
First published: