കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസ് പിൻവലിക്കാൻ പരാതിക്കാരനെ ഭീഷണപ്പെടുത്തിയ സംഭവത്തിൽ വി കെ ഇബ്രാഹിം കുഞ്ഞിന്റെ മകൻ അബ്ദുൽ ഗഫൂറിനെ കൊച്ചിയിൽ വിജിലൻസ് ചോദ്യം ചെയ്തു. പരാതിക്കാരനായ ഗിരീഷ് ബാബുവിനെ ഗഫൂർ നേരിൽ കണ്ട് കേസിൽ നിന്ന് പിൻമാറാൻ ആവശ്യപ്പെട്ടെന്നും പണവും വാഗാദാനം ചെയ്തെന്നുമാണ് പരാതി.
ചന്ദ്രിക ദിന പത്രത്തിന്റെ അക്കൗണ്ടിലേക്ക് 10 കോടി യുടെ കള്ളപ്പണം കൈമാറ്റം ചെയ്തുവെന്നാരോപിച്ച് നൽകിയ കേസ് പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ മകൻ അബ്ദുൽ ഗഫൂറിനെ വിജിലൻസ് ചോദ്യം ചെയതത്. കളമശ്ശേരിയിലെ പൊതുപ്രവർത്തകൻ ഗിരീഷ് ബാബുവിനെ ഇബ്രാഹിംകുഞ്ഞും മകനും ചേർന്ന് ഭീഷണിപ്പെടുത്തി എന്നാണ് കേസ്.
പാലാരിവട്ടം മേൽപ്പാലം പണികഴിപ്പിച്ച കാലഘട്ടത്തിൽ ചന്ദ്രിക പത്രത്തിന്റെ ബാങ്ക് അക്കൗണ്ട് വഴി 10 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നും ഇത് പാലംപണിയുമായി ബന്ധപ്പെട്ട അഴിമതിയുടെ ഭാഗമാണെന്നുമാണ് പരാതി. ഗിരീഷ് ബാബു ഹൈ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കേസിൽ അന്വേഷണം തുടങ്ങിയത്.
ചില ലീഗ് നേതാക്കളാണ് പരാതിക്ക് പിന്നിൽ എന്ന് പറയാൻ ഇബ്രാഹിം കുഞ്ഞ് ആവശ്യപ്പെട്ടതായി പരാതിക്കാരൻ ഗിരീഷ് ബാബു വിജിലൻസിന് മൊഴി നൽകിയിട്ടുണ്ട്. പരാതി പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയെന്ന കേസിൽ ഹൈക്കോടതി നിർദേശപ്രകാരമാണ് വിജിലൻസ് ഗിരീഷ് ബാബുവിന്റെ മൊഴി രേഖപ്പെടുത്തിയത്.
ഇബ്രഹിം കുഞ്ഞിന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് പണം വാഗ്ദാനം ചെയ്തത്. കേസ് പിൻവലിക്കാൻ കഴിയില്ലെങ്കിൽ എറണാകുളത്തെ ചില ലീഗ് നേതാക്കളുടെ പ്രേരണ മൂലമാണ് കേസ് നൽകിയതെന്ന് കരാറുണ്ടാക്കി നൽകാനും ഇബ്രാഹിം കുഞ്ഞും മകനും ആവശ്യപ്പെട്ടതായി ഗിരീഷ്ബാബു മൊഴി നൽകിയിട്ടുണ്ട്. ഇബ്രാഹിം കുഞ്ഞിന്റെ മകനൊപ്പം മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് സി എം അബ്ബാസിനെയും വിജിലൻസ് ചോദ്യം ചെയ്തു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.