തിരുവനന്തപുരം: കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും കീഴിലുള്ള വിദേശമദ്യ ഔട്ട്ലെറ്റുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ. വിജിലൻസ് ഡയറക്ടർ അനിൽകാന്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് 62 വിദേശ മദ്യ ഔട്ട്ലെറ്റുകളിൽ ഒരേ സമയം പരിശോധന നടത്തിയത്. വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്ന് വിജിലൻസ് ഡയറക്ടർ അറിയിച്ചു.
ഉയർന്ന പരാതികൾ ഇവ
- വിദേശമദ്യ ഔട്ട്ലെറ്റുകളിലെ ഉദ്യോഗസ്ഥർ ഉപഭോക്താക്കളിൽ നിന്നും യഥാർത്ഥ വിലയെക്കാൾ അധിക തുക ഈടാക്കുന്നു.
- സ്റ്റോക്കുണ്ടായിരുന്നാലും കമ്മീഷൻ കുറവ് ലഭിക്കുന്ന മദ്യങ്ങൾ സ്റ്റോക്കില്ല എന്ന് പറഞ്ഞ് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നു.
- കമ്മീഷൻ കൂടുതൽ ലഭിക്കുന്ന മദ്യങ്ങൾ മാത്രം വിൽപന നടത്തുന്നു.
- വിലകൂടിയ മദ്യ ബ്രാൻഡുകൾ പൊട്ടിയതായി കാണിച്ച് അവ കരിഞ്ചന്തയിൽ വിൽപന നടത്തുന്നു.
- ചെറുകിട കച്ചവടക്കാർക്ക് കൂടുതൽ മദ്യം നല്‍കുന്നു.
- ബില്ലുകളിൽ തുക വ്യക്തമാക്കാത്ത തരത്തിൽ പഴയ ടോണർ ഉപയോഗിച്ച് പ്രിന്റ് ചെയ്യുന്നു.
- തുക പ്രിന്റ് ചെയ്ത ഭാഗം കീറി കളഞ്ഞശേഷം ഉപഭോക്താക്കളിൽ നിന്നും കൂടുതൽ തുക ഈടാക്കുന്നു.
- ന്യൂസ് പേപ്പറിൽ മദ്യം പൊതിഞ്ഞുനല്‍കാതെ ന്യൂസ് പേപ്പർ വാങ്ങാനെന്ന പേരിൽ തുക എഴുതി എടുക്കുന്നു.
കണ്ടെത്തിയ ക്രമക്കേടുകൾ ഇങ്ങനെ
- 62 ഔട്ട്ലെറ്റുകളിൽ ഏകദേശം പകുതിയോളം ഔട്ട്ലെറ്റുകളിലും വിറ്റുപോയ മദ്യത്തിന്റെ വിലയേക്കാൾ ക്യാഷ് കൗണ്ടറിലുള്ള തുകയിൽ 1.12 ലക്ഷം രൂപ കുറവാണെന്ന് കണ്ടെത്തി.
- പരിസരത്ത് ഒളിപ്പിച്ച നിലയിൽ 33,000 രൂപയും കണ്ടെത്തി.
- പത്ത് ഔട്ട്ലെറ്റുകളിൽ ക്യാഷ് കൗണ്ടറിൽ കാണപ്പെട്ട തുക മദ്യം വിറ്റതുകയെക്കാൾ 13,000ൽ പരം രൂപ കൂടുതലായിരുന്നു.
- ഇടുക്കി തൊടുപുഴ ഔട്ട്ലെറ്റിൽ സെയിൽസ് കൗണ്ടറിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും കണക്കിൽപെടാത്ത 19,630 രൂപയും തിരുവനന്തപുരം ഉള്ളൂർ ഔട്ട്ലെറ്റിലെ മാനേജരിൽ നിന്നും 11900 രൂപയും ഉൾപ്പെടെ കണക്കിൽപ്പെടാത്ത 43000 ത്തോളം രൂപയും പിടികൂടി.
- പത്തനംതിട്ട പുളിക്കീഴ് ഔട്ട്ലെറ്റിലെ ക്യാഷ് കൗണ്ടറിൽ 15,303 രൂപയുടെ കുറവ്, കട്ടപ്പന ഔട്ട്ലെറ്റിൽ 13250 രൂപ കുറവ്, ഒറ്റപ്പാലം ഔട്ട്ലെറ്റിൽ 10,578 രൂപ കുറവ്, തൃശൂർ മുല്ലശ്ശേരി ഔട്ട്ലെറ്റിൽ 8097 രൂപയുടെ കുറവ്.
- ആലപ്പുഴ പുന്നംമൂട് ഔട്ട്ലെറ്റിനകത്തും പരിസരത്തും ഒളിപ്പിച്ച രീതിയിൽ 28,790 രൂപയും കണ്ടെത്തി. ഇതേ ഔട്ട്ലെറ്റിലെ ക്യാഷ് കൗണ്ടറിൽ 4100 രൂപയുടെ കുറവും ശ്രദ്ധയിൽപ്പെട്ടു.
- കൊല്ലം പുലമൺ ഔട്ട്ലെറ്റിൽ ക്യാഷ് ബുക്കിൽ ഏപ്രിൽ അഞ്ചിനുശേഷം വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ല.
- ഉള്ളൂർ ഔട്ട്ലെറ്റിൽ ക്യാഷ് ബുക്ക് രജിസ്റ്ററിന് പകരം നോട്ട്ബുക്കിൽ വരവ് ചെലവ് കണക്കുകൾ രേഖപ്പെടുത്തിയിരിക്കുന്നു.
- ഉപ്പിടാംമൂട് ഔട്ട്ലെറ്റ് ഉൾപ്പെടെ നിരവധി ഔട്ട്ലെറ്റുകളിലെ ക്യാഷ് ബുക്ക് അധികൃതർ പരിശോധിക്കുന്നില്ല.
- പാലാ ഔട്ട്ലെറ്റിൽ സ്റ്റോക്കുകളുടെ എണ്ണത്തിൽ കുറവുള്ളതായി കണ്ടെത്തി.
- കാഞ്ഞങ്ങാട് ഔട്ട്ലെറ്റിൽ നിയമാനുസരണം അനുവദിച്ചതും പരമാവധി പൊട്ടാൻ സാധ്യതയുള്ളതുമായ 0.75 ശതമാനം മദ്യം എല്ലാമാസവും പൊട്ടിയതായി കണ്ടെത്തി. ഇത്തരത്തിൽ തുക വെട്ടിക്കുന്നതായും വിജിലൻസ് കണ്ടെത്തി.
- പലയിടങ്ങളിലും ലഭ്യമായ മദ്യങ്ങളുടെ വിവരം ശരിയായി പ്രദർശിപ്പിക്കുന്നില്ല. വിലവിവരപ്പട്ടിക വ്യക്തതയില്ലാതെ പ്രദർശിപ്പിക്കുന്നവരുമുണ്ട്.
- കാസർകോട് ഔട്ട്ലെറ്റിൽ 'സ്വദേശി' ബ്രാൻഡ് ലഭ്യമല്ലെന്നാണ് ബോർഡിൽ. പക്ഷെ പക്ഷെ 5 ബോട്ടിൽ മദ്യം സ്റ്റോക്കിൽ ഉണ്ടായിരുന്നു.
- ഉദ്യോഗസ്ഥർ മൂവ്മെന്റ് രജിസ്റ്ററിൽ ഒപ്പിടാതെ മുങ്ങുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.