പത്തനംതിട്ട: കൈക്കൂലി വാങ്ങുന്നതിനിടയിൽ അറസ്റ്റിലായ തിരുവല്ല നഗരസഭാ സെക്രട്ടറി നാരായണൻ സ്റ്റാലിന്റെ വീടുകളിൽ വിജിലൻസ് പരിശോധന. നിരവധി സ്വത്തുക്കൾ നാരായണൻ സ്റ്റാലിൻ ഇക്കാലത്തിനിടയിൽ സമ്പാദിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ. തിരുവനന്തപുരത്തെ വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ ഒരേ നമ്പരിലുള്ള രണ്ട് ബൈക്കുകൾ കണ്ടെത്തി.
വെള്ളയമ്പലത്ത് രാജ്ഭവന് പിന്നിലായാണ് വാടക വീട്. ഇതിനു പുറമേ, വട്ടപ്പാറയിൽ മൂന്നര ഏക്കർ സ്ഥലവും സ്റ്റാലിന്റെ പേരിലുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ആലപ്പുഴ പഴയവീട് ഹൗസിങ് കോളനി വാർഡിലെ വീട്ടിലും പത്തനംതിട്ട വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ഇയാൾ പഴയവീട് പ്രദേശത്ത് ബിനാമിയായി വീടുകളും സ്ഥലവും വാങ്ങിയിട്ടുണ്ടെന്നാണ് സൂചന. കൂടാതെ പഴയവീട് പ്രദേശത്ത് ഇയാൾ വിലയ്ക്കു വാങ്ങിയ മറ്റു വീടുകളിലും കെട്ടിടങ്ങളിലും സ്ഥലങ്ങളിലും പരിശോധന നടന്നു.
വെള്ളിയാഴ്ച്ചയാണ് 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തിരുവല്ല മുൻസിപ്പൽ സെക്രട്ടറിനാരായണന്‍ സ്റ്റാലിനും അസിസ്റ്റന്റെ ഹസീന ബീഗവും വിജിലൻസ് പിടിയിലാക്കുന്നത്. മാലിന്യ സംസ്കരണത്തിന് കരാറെടുത്ത ആളിൽ നിന്നും അപേക്ഷയിൽ തീർപ്പ് കൽപ്പിക്കുന്നതിനായി ഇയാൾ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു എന്നാണ് പരാതി.
നാരായണൻ സ്റ്റാലിനേയും ഹസീനയേയും ഇന്നലെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കി 18 വരെ റിമാൻഡ് ചെയ്തു. ആദ്യം ഏജീസ് ഓഫീസിലും പിന്നീട്, നഗരസഭാ സെക്രട്ടറിയായും ജോലി നേടിയ നാരായണൻ സ്റ്റാലിനെതിരെ ചെങ്ങന്നൂർ നഗരസഭ അധ്യക്ഷയെ കയ്യേറ്റം ചെയ്തതിനും അസഭ്യം പറഞ്ഞതിനും കേസുണ്ട്. ചെങ്ങന്നൂർ നഗരസഭ സെക്രട്ടറിയായിരിക്കേയായിരുന്നു സംഭവം. അധ്യക്ഷയ്ക്കെതിരെ ഇയാളും പരാതി നൽകിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.