• HOME
  • »
  • NEWS
  • »
  • kerala
  • »
  • പാലാരിവട്ടം പാലം അഴിമതി: മുൻമന്ത്രിക്കെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം തേടി വിജിലൻസ്

പാലാരിവട്ടം പാലം അഴിമതി: മുൻമന്ത്രിക്കെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം തേടി വിജിലൻസ്

പാലാരിവട്ടം പാലത്തിന്‍റ നിർമാണത്തിനായി കരാറുകാരന് മുൻകൂർപണം അനുവദിച്ചതാണ് ഇബ്രാഹിം കുഞ്ഞിനെ പ്രതിസ്ഥാനത്ത് നിർത്തുന്ന ആരോപണം.

മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്

മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്

  • News18
  • Last Updated :
  • Share this:
    കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് വിജിലൻസ് നിയമോപദേശം തേടും. മുൻകൂർ പണം അനുവദിച്ചത് സർക്കാർ നയമാണെന്ന ഇബ്രാഹിം കുഞ്ഞിന്‍റെ നിലപാടിനെ തുടർന്നാണ് നിയമവിദഗ്ദ്ധരുടെ ഉപദേശം വിജിലൻസ് സംഘം തേടുന്നത്.

    പാലാരിവട്ടം പാലത്തിന്‍റ നിർമാണത്തിനായി കരാറുകാരന് മുൻകൂർപണം അനുവദിച്ചതാണ് ഇബ്രാഹിം കുഞ്ഞിനെ പ്രതിസ്ഥാനത്ത് നിർത്തുന്ന ആരോപണം. അതേസമയം, പാലം നിർമാണത്തിന് ഗുണനിലവാരം കുറഞ്ഞ സാമഗ്രികൾ ഉപയോഗിച്ചതിലും അതിന്‍റെ അളവിൽ കുറവ് വരുത്തിയതിലും മുൻമന്ത്രിക്ക് എന്തെങ്കിലും പങ്കുള്ളതായി തെളിവില്ല. ഈ സാഹചര്യത്തിൽ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യുന്നത് ഉചിതമാകുമോ എന്ന കാര്യത്തിൽ വിജിലൻസിനുള്ളിൽ ആശയക്കുഴപ്പമുണ്ട്.

    മുൻകൂർ പണം അനുവദിച്ചത് സർക്കാർ നയം അനുസരിച്ചാണെങ്കിൽ ഇബ്രാഹിംകുഞ്ഞിനെ പ്രതിയാക്കാൻ സാധിക്കില്ല. ഈ പണത്തിന് പലിശ കൂടി ഈടാക്കിയ സാഹചര്യത്തിൽ പൊതുഖജനാവിന് നഷ്ടമുണ്ടായതായി പറയാനും കഴിയില്ല. അതിനാൽ, അഡ്വ.ജനറൽ അടക്കമുള്ളവരുടെ നിയമോപദേശം തേടിയ ശേഷം നടപടികളിലേക്ക് കടന്നാൽ മതിയെന്നാണ് വിജിലൻസ് തീരുമാനം.

    മാത്രമല്ല പാലാ ഉപതെരഞ്ഞെടുപ്പിന് മുമ്പ് തിരക്കിട്ട് നടപടി സ്വീകരിച്ചാൽ അത് രാഷ്ട്രീയ പ്രേരിതമാണെന്ന വ്യാഖ്യാനവും ഉണ്ടാകും. ഇതുവരെ എടുത്ത നടപടികളുടെ നിറം കെടുത്താനേ അത് ഉപകരിക്കൂ എന്നും വിജിലൻസ് തലപ്പത്ത് അഭിപ്രായമുണ്ട്.

    മുൻകൂർ പണം അനുവദിച്ചത് സർക്കാർ അറിവോടെയാണോ?
    കരാറുകാരന് പണം നൽകുന്ന കാര്യത്തിൽ സർക്കാറിന് നയപരമായ തീരുമാനം എടുക്കാൻ കഴിയുമോ? കരാർ വ്യവസ്ഥകൾക്ക് മേൽ സർക്കാർ നയം നിലനിൽക്കുമോ?
    മുൻകൂർ പണം അനുവദിച്ചതിന്‍റെ പേരിൽ നിയമനടപടി നിലനിൽക്കുമോ? ഇതിനായി ശുപാർശ ചെയ്ത ഉദ്യോഗസ്ഥരെ പ്രതിചേർക്കണോ? - ഇവയിലെല്ലാമാണ് വിജിലൻസ് നിയമോപദേശം തേടുന്നത്.

    First published: