തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യിൽ 100.75 കോടി രൂപയുടെ ക്രമക്കേട് നടന്ന സംഭവത്തിൽ ആഭ്യന്തര അന്വേഷണത്തിന് ശേഷമാണ് വിജിലൻസ് അന്വേഷണത്തിന് ഗതാഗതമന്ത്രി ശുപാർശ ചെയ്തത്. ഇത് മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു. ഫണ്ട് മാനേജ്മെന്റിലുണ്ടായ ഗുരുതരമായ ക്രമക്കേട് 2010 മുതൽ തുടങ്ങിയതാണെന്നായിരുന്നു പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തൽ.
കെ.എസ്.ആർ.ടി.സി.യുടെ ഓഡിറ്റ് റിപ്പോർട്ടിൽ ഇത് കണ്ടെത്തിയിട്ടുണ്ട് .അക്കൗണ്ട് ഓഫീസർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരിൽ നിന്ന് വീഴ്ചയുള്ളതായാണ് ഓഡിറ്റ് റിപ്പോർട്ട് . ഇത് സംബന്ധിച്ച രേഖകൾ പരിശോധിച്ച ശേഷമാണ് വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രിക്കു ശുപാർശ ചെയ്യുന്നത്.
2010 മുതൽ 2013 വരെയുള്ള കണക്കുകളിലാണ് ക്രമക്കേട് ഉണ്ടായിരിക്കുന്നത്. കെ.എസ്.ആർ.ടി.സി തങ്ങളുടെ ബാങ്ക്, ട്രഷറി ഇടപാടുകളുടെ രേഖകളൊന്നും സൂക്ഷിച്ചിട്ടില്ലെന്നതാണ് ആരോപണം. രേഖകൾ സൂക്ഷിക്കാതെ ഫണ്ട് മാനേജ്മെന്റിൽ ഉദ്യോഗസ്ഥർ ആശയകുഴപ്പം സൃഷ്ടിച്ചുവെന്ന് കെ.എസ്.ആർ.ടി.സി, ധനകാര്യ വകുപ്പിലെ അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ബോധ്യപ്പെട്ടിരുന്നു. ക്രമക്കേടിന്റെ കാരണക്കാരായ ഉദ്യോഗസ്ഥരെയും ഈ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
എന്നാൽ ഉദ്യോഗസ്ഥരിൽ ഒരാൾ ഇപ്പോഴും സർവ്വീസിൽ ഉള്ളത്. ഒരാൾ പിരിഞ്ഞ് പോവുകയും , മറ്റ് രണ്ട് പേർ മറ്റ് വകുപ്പുകളിൽ നിന്ന് ഡപ്യൂട്ടേഷനിൽ എത്തിയവരുമാണ്. സാമ്പത്തികമായി കടുത്ത പ്രതിസന്ധി നേരിടുന്ന കെ.എസ്.ആർ.ടി.സിയിൽ സാമ്പത്തിക അച്ചടക്കം കൊണ്ടു വരേണ്ട ഉദ്യേഗസ്ഥർക്കുണ്ടായ വീഴ്ച ഗുരുതരമുള്ളതാണെന്ന് അന്വഷണ റിപ്പോർട്ടിൽ പറയുന്നു. ധനകാര്യ ദുരുപയോഗവും ക്രമക്കേടും സംബന്ധിച്ച് അന്വേണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം നടത്താൻ ഗതാഗതമന്ത്രി ശുപാർശ ചെയ്തത്.
കെഎസ്ആർടിസി എംഡിയായി ബിജു പ്രഭാകർ ഐഎഎസ് ചുമതല ഏറ്റെടുത്തതോടെയാണ് ക്രമക്കേട് വിവരം പരസ്യമാക്കിയത്.
അതിനിടെ കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസ് പുനരാരംഭിക്കുന്നതിനെതിരെ ആരോഗ്യവകുപ്പ് രംഗത്തെത്തി. സര്‍വീസ് ആരംഭിക്കരുതെന്ന് ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് സെക്രട്ടറി ഗതാഗത വകുപ്പ് മന്ത്രിക്കും കെഎസ്ആര്‍ടിസി സിഎംഡിക്കും കത്തയച്ചു.
രോഗവ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും പ്രതീക്ഷിച്ച തോതില്‍ കുറയാത്ത സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി സര്‍വീസ് പുനഃരാരംഭിക്കുന്നതിനെതിരെ ആരോഗ്യവകുപ്പ് രംഗത്തെത്തിയത്. സര്‍വീസ് വീണ്ടും ആരംഭിക്കുന്നതില്‍ നിന്ന് പിന്മാറണമെന്നാണ് കെഎസ്ആര്‍ടിസിയോട് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
ബുധനാഴ്ച മുതല്‍ കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസ് ആരംഭിക്കാമെന്ന് എംഡി ബിജു പ്രഭാകര്‍ നിര്‍ദേശം നല്‍കിയിരുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ എതിര്‍പ്പുമായി ആരോഗ്യ വകുപ്പ് രംഗത്തെത്തിതിനാല് കൂടുതല്‍ ആലോചനകള്‍ക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക .
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.