പാപ്പിനിശ്ശേരി പാലത്തില്‍ അസാധാരണമായ കുലുക്കം നിർമ്മാണത്തിലെ പാകപ്പിഴയെന്ന് സംശയം; അന്വേഷണം ഊര്‍ജിതമാക്കി
പാപ്പിനിശ്ശേരി പാലത്തില്‍ അസാധാരണമായ കുലുക്കം നിർമ്മാണത്തിലെ പാകപ്പിഴയെന്ന് സംശയം; അന്വേഷണം ഊര്‍ജിതമാക്കി
പാലരിവട്ടം പാലം നിർമ്മിച്ച ആർ ഡി എസ് പ്രൊജക്റ്റ്‌സ് തന്നെയാണ് പാപ്പിനിശ്ശേരി പാലവും നിർമ്മിച്ചത്. വി കെ ഇബ്രാഹിംകുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായിരിക്കെ നിർമ്മാണം ആരംഭിച്ച പാലം 2018 നവംബറിൽ മന്ത്രി ജി സുധാകരൻ ആണ് ഉദ്ഘാടനം ചെയ്തത്
കണ്ണൂർ: പാപ്പിനിശ്ശേരി റെയിൽവേ മേൽപ്പാലം നിർമാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം ഊർജിതമാക്കി വിജിലൻസ്. പൊതുമരാമത്ത് വകുപ്പുകളിൽ നിന്ന് ബന്ധപ്പെട്ട ഫയലുകൾ പരിശോധനക്കായി ആവശ്യപ്പെട്ടു. പാലത്തിൽ അസാധാരണമായ വിധം കുലുക്കം അനുഭവപ്പെടുന്നുണ്ടെന്നാണ് വിദഗ്ധസംഘം സംഘം കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ചീഫ് എഞ്ചിനീയറുടെ ഓഫീസിൽ നിന്ന് മുഴുവൻ രേഖകളും പരിശോധിക്കാൻ വിജിലൻസ് തീരുമാനിച്ചത്.
കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിന് (കെ.എസ്.ടി.പി.) ആയിരുന്നു പാലത്തിന്റെ നിർമാണച്ചുമതല. കെ എസ് ടി പി തിരുവനന്തപുരത്തെ ഓഫീസിലാണ് മുഴുവൻ ഫയലുകളും. ഇവ പരിശോധനക്കായി ആവശ്യപ്പെട്ട് വിജിലൻസ് രേഖാമൂലം അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
പാലത്തിൻറെ രൂപരേഖക്ക് നൽകിയ അനുമതി, നിർമാണച്ചെലവ് സംബന്ധിച്ച രേഖകൾ എന്നിവ വിജിലൻസ് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കും. വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ ഉണ്ടാകുന്ന അസാധാരണമായ കുലുക്കം നിർമ്മാണത്തിലെ ക്രമക്കേട് മൂലമാണോ എന്നും പരിശോധിക്കുന്നുണ്ട്. പാലത്തിൽ സ്ലാബുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഭാഗം അകന്നുപോകുന്ന പ്രശ്നവുമുണ്ട്. 550 മീറ്റർ പാലത്തിൽ റെയിൽവേ നിർമിച്ച 33 മീറ്ററിൽ അപാകതകളില്ലന്നാണ് നിഗമനം.
കഴിഞ്ഞ ദിവസം പാലത്തിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധന കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിന്റെ ലാബിൽ പുരോഗമിക്കുകയാണ്. വിജിലൻസിന്‍റെ ഫോറൻസിക് ലാബിലും പരിശോധനകൾ നടക്കുന്നുണ്ട്. കണ്ണൂർ എൻജിനീയറിങ് കോളേജിലെയും വിജിലൻസ് എഞ്ചിനീയറിംഗ് വിഭാഗത്തിലെയും വിദഗ്ധർ റിപ്പോർട്ട് സമർപ്പിക്കുന്നതോടുകൂടി തുടർ നടപടികൾ ത്വരിതപ്പെടുത്താനാണ് അന്വേഷണ സംഘം പദ്ധതിയിടുന്നത്. കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ക്രമക്കേട് അന്വേഷിക്കുന്നത്.
പാലരിവട്ടം പാലം നിർമ്മിച്ച ആർ ഡി എസ് പ്രൊജക്റ്റ്‌സ് തന്നെയാണ് പാപ്പിനിശ്ശേരി പാലവും നിർമ്മിച്ചത്. വി കെ ഇബ്രാഹിംകുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായിരിക്കെ നിർമ്മാണം ആരംഭിച്ച പാലം 2018 നവംബറിൽ മന്ത്രി ജി സുധാകരൻ ആണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ പാലത്തിന്റെ എക്സ്പാൻഷൻ ജോയിന്റിലെ കോൺക്രീറ്റ് സീലിംഗ് അടർന്ന് വിള്ളൽ കണ്ടെത്തി. പാലത്തിൻറെ സ്ലാബുകൾ കൂട്ടിയോജിപ്പിക്കുന്ന എക്സ്പാൻഷൻ ജോയിന്റുകളിലാണ് വിള്ളൽ. ജോയിന്റുകളിൽ കമ്പികൾ പുറത്തുവന്ന സ്ഥലം സിമൻറ് ഇട്ട് അടച്ചിരുന്നു.
പാലത്തിൽ വിള്ളൽ കണ്ടെത്തിയ സംഭവം വിവാദമായതിനെ തുടർന്നാണ് വിവരശേഖരണത്തിന് വിജിലൻസ് ഡയറക്ടർ കഴിഞ്ഞമാസം ഉത്തരവിട്ടത്. പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേട് ബോധ്യപ്പെട്ടാൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയും.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.