കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ നിർണ്ണായക ചോദ്യം ചെയ്യലിന് വിജിലൻസ്. തിങ്കളാഴ്ച രാവിലെയും ഉച്ച കഴിഞ്ഞുമായി ആകെ 5 മണിക്കൂറാണ് മുൻമന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാൻ കോടതി അനുവാദം നൽകിയട്ടുള്ളത്. നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാൻ മറ്റു ഉപാധികളും കോടതി നിശ്ചയിച്ചിട്ടുണ്ട്.
ഈ നിബന്ധനകൾ തന്നെയാകും വിജിലൻസിനു കടമ്പയാകുക. ചികിത്സയിൽ കഴിയുന്ന സ്വകാര്യ ആശുപത്രിയിൽ രാവിലെയോടെ വിജിലൻസ് സംഘം എത്തും. തികളാഴ്ച രാവിലെ 9 മുതൽ 12 വരെയും വൈകിട്ട് മൂന്നു മുതൽ 5 വരെയും ആശുപത്രിയിലെത്തി വിജിലൻസിന് ചോദ്യം ചെയ്യാം. വിജിലൻസിനു മുൻപാകെ ഏഴ് നിബന്ധനകളാണ് കോടതി മുന്നോട്ട് വെച്ചിരിക്കുന്നത്.
ചോദ്യം ചെയ്യലിനിടയിൽ ചികിത്സ തടസ്സപ്പെടുത്തരുത്. ചോദ്യം ചെയ്യൽ സംഘത്തിൽ മൂന്ന് പേർ മാത്രമേ പാടുള്ളു. ഒരു മണിക്കൂർ ചോദ്യം ചെയ്താൽ 15 മിനിറ്റ് വിശ്രമം നൽകണം. ചോദ്യം ചെയ്യലിനിടയിൽ മാനസികമായോ ശാരീരികമായോ പീഡിപ്പിക്കരുത്. ചോദ്യം ചെയ്യലിൻ്റെ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. ചോദ്യം ചെയ്യലിന്ന് ഹാജരാകുന്നതിന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥർ കോവിഡ് പരിശോധന നടത്തണം. ഉപാധികൾ ഉറപ്പു വരുത്താൻ കോടതി ഉത്തരവിൻ്റെ പകർപ്പ് ഡോക്ടർമാർക്കും ആശുപത്രി അധികൃതർക്കും നൽകും.
പാലാരിവട്ടം പാലം അഴിമതി കേസിൽ നിർണായക ഘട്ടത്തിലൂടെയാണ് അന്വേഷണം കടന്നു പോകുന്നത്. അഞ്ചാം പ്രതിയായ ഇബ്രാഹിം കുഞ്ഞിൽ നിന്നും ഒട്ടേറെ വിവരങ്ങൾ അഴിമതി സംബന്ധിച്ച് അറിയാനുണ്ട് എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് വിജിലൻസ്. കോടതിയിലും ഈ കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു. നാല് ദിവസത്തെ കസ്റ്റഡി അപേക്ഷ നൽകിയെങ്കിലും ആരോഗ്യനിലയും മെഡിക്കൽ ബോർഡ് റിപ്പോർട്ടും പരിഗണിച്ച് ഒരു ദിവസം മാത്രമാണ് കോടതി അനുവദിച്ചത്.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.