• HOME
  • »
  • NEWS
  • »
  • kerala
  • »
  • പാലാരിവട്ടം അഴിമതിക്കേസ്: VK ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ശനിയാഴ്ച ചോദ്യം ചെയ്യും

പാലാരിവട്ടം അഴിമതിക്കേസ്: VK ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ശനിയാഴ്ച ചോദ്യം ചെയ്യും

തൃപ്തികരമായ മറുപടി നല്‍കാന്‍ ഇബ്രാഹിംകുഞ്ഞിന് ക‍ഴിഞ്ഞില്ലെങ്കില്‍ അറസ്റ്റിലേക്ക് കടക്കാനാണ് വിജിലന്‍സിന്‍റെ തീരുമാനം

മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്

മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്

  • Share this:
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ശനിയാഴ്ച ചോദ്യം ചെയ്യും. തിരുവനന്തപുരം പൂജപ്പുരയിലെ സ്പെഷൽ യൂണിറ്റ് 1 മുമ്പാകെ ഹാജരാകാൻ നിർദേശിച്ച് ഇബ്രാഹിം കുഞ്ഞിന് നോട്ടീസ് നൽകി.

നിയമസഭാ സമ്മേളനം അവസാനിച്ച സാഹചര്യത്തിലാണ് ഇബ്രാഹിം കുഞ്ഞിന് വിജിലൻസ് നോട്ടീസ് നൽകിയത്. ചോദ്യം ചെയ്യലിന് മുന്നോടിയായി ഇബ്രാഹിംകുഞ്ഞിനെതിരെ പരമാവധി തെളിവുകള്‍ അന്വേഷണ സംഘം സമാഹരിച്ചിട്ടുണ്ട്.

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ വി കെ ഇബ്രാഹിം കുഞ്ഞ് എം എല്‍ എക്കെതിരെ അന്വേഷണം നടത്താന്‍ അനുമതി തേടി ഒക്ടോബര്‍ 2ന്  വിജിലന്‍സ് നല്‍കിയ അപേക്ഷയില്‍ നേരത്തെ ഗവര്‍ണറുടെ അനുമതി ലഭിച്ചിരുന്നു. എന്നാല്‍ നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ എംഎല്‍എയെ ചോദ്യം ചെയ്യുന്നതിന് സ്പീക്കറുടെ പ്രത്യേക അനുമതി ആവശ്യമായിരുന്നു. സഭാ സമ്മേളനം അവസാനിച്ചതോടെ  ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് വിജിലൻസ് നോട്ടീസ് നല്‍കുകയായിരുന്നു.

Also read: സമ്മർദ്ദത്തിന് വഴങ്ങി പാകിസ്ഥാൻ; ഹാഫിസ് സയിദിന് അഞ്ച് വർഷം തടവ്; ജയിലിലടയ്ക്കുന്നത് 2008ന് ശേഷം ഇതാദ്യം

വിജിലന്‍സിന്‍റെ പൂജപ്പുരയിലുള്ള സ്പെഷൽ യൂണിറ്റ് 1 നു മുമ്പാകെ ശനിയാഴ്ച 11 മണിക്ക് ഹാജരാകാനാണ് നിർദ്ദേശം. പൊതുമരാമത്ത് മന്ത്രിയായിരിക്കെ കരാര്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി കരാര്‍ കമ്പനിക്ക് മുന്‍കൂറായി 8.25 കോടി രൂപ അനുവദിച്ചുവെന്നതാണ് ഇബ്രാഹിം കുഞ്ഞിനെതിരായ പ്രധാന ആരോപണം. പ്രി ബിഡ് യോഗ തീരുമാനത്തിന് വിരുദ്ധമായി തുക മുന്‍കൂര്‍ അനുവദിച്ചത് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞിന്‍റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് മുന്‍ പൊതുമരാമത്ത് സെക്രട്ടറിയും കേസിലെ നാലാം പ്രതിയുമായ ടി. ഒ സൂരജ് വ്യക്തമാക്കിയിരുന്നു.

മന്ത്രിയായിരിക്കെ ഇബ്രാഹിംകുഞ്ഞ് ഒപ്പിട്ട 140 രേഖകള്‍ അ‍ഴിമതിക്ക് തെളിവായി വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. പാലം നിര്‍മ്മാണത്തിലെ എല്ലാ തീരുമാനങ്ങളും മന്ത്രിയുടെ അറിവോടെയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. റോഡ് ഫണ്ട് ബോര്‍ഡിന്‍റെയും കേരള റോഡ്സ് & ബ്രിഡിജസ് കോര്‍പ്പറേഷന്‍റെയും ഫയലുകള്‍ മന്ത്രി കണ്ടിരുന്നു. ഒപ്പം സുപ്രധാന തീരുമാനങ്ങളുടെ മിനിറ്റ്സില്‍ മന്ത്രിയുടെ ഒപ്പുമുണ്ടെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു.ഇതെക്കുറിച്ചെല്ലാം ചോദ്യം ചെയ്യലില്‍ ഇബ്രാഹിം കുഞ്ഞിന് വിശദീകരിക്കേണ്ടി വരും.

തൃപ്തികരമായ മറുപടി നല്‍കാന്‍ ഇബ്രാഹിംകുഞ്ഞിന് ക‍ഴിഞ്ഞില്ലെങ്കില്‍ അറസ്റ്റിലേക്ക് കടക്കാനാണ് വിജിലന്‍സിന്‍റെ തീരുമാനം. അതേ സമയം  നോട്ടീസ് ലഭിച്ച സാഹചര്യത്തിൽ ഇബ്രാഹിംകുഞ്ഞ് ക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നാണ് സൂചന.
Published by:user_49
First published: