ബലാത്സംഗ കേസിൽ (Rape Case) പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി നടനും നിർമാതാവുമായ വിജയ് ബാബു (Vijay Babu) ഫേസ്ബുക്കിൽ പങ്കുവെച്ച ലൈവ് വീഡിയോ നീക്കം ചെയ്തു. കഴിഞ്ഞ ദിവസം രാത്രി തനിക്കെതിരെ പീഡന ആരോപണവുമായി പരാതിക്കാരി എത്തുകയും തുടർന്ന് പോലീസ് കേസ് എടുക്കുകയും ചെയ്തതിന് പിന്നാലെയായിരുന്നു വിജയ് ബാബു ഫേസ്ബുക്ക് ലൈവില്‍ വന്നത്.
താനാണ് ഇരയെന്നും അതുകൊണ്ട് പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുകയാണെന്നും വിജയ് ബാബു പറഞ്ഞിരുന്നു. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ വിജയ് ബാബു ഇതിനെതിരെ നിയമനടപടി ഉണ്ടായാല്‍ നേരിടാന്‍ തയാറാണെന്നും വ്യക്തമാക്കുന്നതായിരുന്നു വീഡിയോയിലെ ഉള്ളടക്കം. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രം പേടിച്ചാൽ മതിയെന്നും ഇതിൽ ഇര ശരിക്കും താനാണെന്നും തന്റെ കുടുംബവും സ്നേഹിക്കുന്നവരും ദുഖം അനുഭവിക്കുമ്പോൾ എതിർ കക്ഷി സുഖമായിരിക്കുകയാണെന്നും വിജയ് ബാബു വീഡിയോയിലൂടെ പറഞ്ഞിരുന്നു.
വീഡിയോ വന്നതിന് പിന്നാലെ, വിജയ് ബാബുവിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. വിമൺ ഇൻ സിനിമ കളക്ടീവ് (WCC) അടക്കമുള്ളവര്‍ വിജയ് ബാബുവിന്റെ നടപടിയെ അപലപിച്ച് രംഗത്തെത്തി. പരാതിക്കാരിയെ ഒരു പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയവും നിയമപ്രകാരം ശിക്ഷാർഹവുമാണെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിൽ ഡബ്ല്യൂസിസി വ്യക്തമാക്കി. തനിക്കെതിരായ കുറ്റകൃത്യത്തിന് ഔദ്യോഗികമായി പോലീസിൽ പരാതിപ്പെടാൻ ആർക്കും അവകാശമുണ്ട്. ഇര ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം ജുഡീഷ്യറിക്കാണ്.
ജുഡീഷ്യൽ പ്രക്രിയയിലേക്ക് സ്വയം സമർപ്പിക്കാതെ, ഇത്തരമൊരു പ്രവൃത്തിയിലൂടെ തന്റെ സാന്നിധ്യം ഓൺലൈനിൽ പ്രകടിപ്പിക്കുന്നത് നീതിന്യായ വ്യവസ്ഥയെ പരിഹസിക്കാനുള്ള ശ്രമമാണെന്നാണ് ഡബ്ല്യൂസിസി ചൂണ്ടിക്കാണിച്ചത്.
Also read-
Vijay Babu | വിജയ് ബാബു ഒളിവിലെന്ന് പൊലീസ്; ദുബായിലുണ്ടെന്ന് വിവരം
താൻ നിരപരാധിയാണെന്ന് വാദിക്കാനായി വിജയ് ബാബു ഫേസ്ബുക്കിൽ പങ്കുവെച്ച ഈ വീഡിയോ പക്ഷെ താരത്തിന് തന്നെ തിരിച്ചടിയായി മാറുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം പ്രകാരം ലൈംഗികാതിക്രമം നേരിടുന്നവരുടെ പേര് വെളിപ്പെടുത്തുന്നത് കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോ അപ്രത്യക്ഷമായത്. അതേസമയം, വിജയ് ബാബുവാണോ അതോ ഫേസ്ബുക്ക് ആണോ വീഡിയോ നീക്കിയതെന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ല.
Also read-
'ആ നടൻ "ഇര താനാണ്" എന്ന വിചിത്ര വാദവുമായി പരാതി നൽകിയ നടിയുടെ പേര് വെളിപ്പെടുത്തുന്നു, എന്തൊരു ആഭാസമാണിത്' ; വീണ എസ് നായർ
വിജയ് ബാബുവിനെതിരെ 22 നാണ് നടി പൊലീസില്‍ പരാതി നല്‍കിയത്. ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്കി കൊച്ചിയിലെ ഫ്ലാറ്റില്‍ വച്ച് നിരവധി തവണ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ഗുരുതരമായ കുറ്റകൃത്യങ്ങൾ ഉൾപ്പെടുത്തി കേസെടുത്ത സാഹചര്യത്തിൽ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയേറിയിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.