നടിയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റാരോപിതനായ നടന് വിജയ് ബാബു (Vijay Babu) കേരളത്തിലേക്ക് മടങ്ങിയെത്തും. ദുബായിൽ നിന്നും കൊച്ചിയിലേക്ക് വിജയ് ബാബു വിമാനടിക്കറ്റ് (Flight Ticket) ബുക്ക് ചെയ്തതിൻ്റെ രേഖകൾ പ്രതിഭാഗം അഭിഭാഷകൻ ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കി. മെയ് മാസം മുപ്പതിനുള്ള ദുബായ് - കൊച്ചി വിമാനത്തിലാണ് വിജയ് ബാബു ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. വിജയ് ബാബു നാട്ടിലേക്ക് വരികയാണെന്നും യാത്രയ്ക്ക് വേണ്ടി ടിക്കറ്റെടുത്തുവെന്നും അഭിഭാഷകർ ഇന്ന് കോടതിയെ അറിയിച്ചു. വിശദമായ യാത്രരേഖകൾ നാളെ ഹാജരാക്കമെന്നും അഭിഭാഷകർ വ്യക്തമാക്കിയിട്ടുണ്ട്.
മുൻകൂർജാമ്യം നേടാനുള്ള ശ്രമങ്ങൾക്ക് ഹൈക്കോടതി തന്നെ തടയിട്ടതോടെയാണ് നാട്ടിലേക്ക് തിരിച്ചു വരാൻ വിജയ് ബാബു തയ്യാറായത്. പോലീസ് കേസെടുക്കുന്നതിന് മുൻപായി ദുബായിലേക്ക് കടന്ന വിജയ് ബാബു അവിടെ നിന്നും ജോർജിയയിലേക്ക് പോയിരുന്നു. കുറ്റവാളികളെ കൈമാറാൻ ഇന്ത്യയുമായി ധാരണയിൽ എത്താത്ത രാജ്യമാണ് ജോർജിയ. ഇതിനാലാണ് വിജയ് ബാബു ഇവിടേക്ക് കടന്നത്. എന്നാൽ ഹൈക്കോടതി മുൻകൂർ ജാമ്യം നൽകാതിരുന്നതോടെ വിജയ് ബാബുവിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ കൊച്ചി സിറ്റി പോലീസ് നീക്കം തുടങ്ങിയിരുന്നു.
Also Read- ഇന്ത്യയിലേക്കുള്ള മടക്ക ടിക്കറ്റെടുത്ത് ഹാജരാക്കൂ: വിജയ് ബാബുവിനോട് ഹൈക്കോടതിനേരത്തെ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ താൻ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാൻ തയാറാണ് എന്ന് നടന് അറിയിച്ചതിന് പിന്നാലെ ടിക്കറ്റ് ഹാജരാക്കാന്‍ ജസ്റ്റിസ് പി ഗോപിനാഥ് വാക്കാലുള്ള നിർദേശം നല്‍കിയിരുന്നു.
പോലീസ് തന്റെ പാസ്പോർട്ട് റദ്ദാക്കിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ യാത്ര ചെയ്യാൻ സാധിക്കാത്ത സാഹചര്യമുണ്ടെന്നും വിജയ് ബാബു കോടതിയെ അറിയിച്ചിരുന്നു. പരാതിക്കാരിക്ക് സിനിമയിൽ അവസരം നൽകാത്തതിന്റെ വൈരാഗ്യമാണെന്നും ലൈംഗിക പീഡനം നടത്തിയിട്ടില്ലെന്നും വിജയ് ബാബു കോടതിയിൽ ബോധിപ്പിച്ചു.
വിജയ് ബാബു അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും രാജ്യം വിട്ടിരിക്കുകയാണെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും പൊലീസ് കോടതിയെ അറിയിച്ചു. നേരത്തെ കേസ് പരിഗണിക്കുമ്പോൾ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാരിനോട് കോടതി നിലപാട് തേടിയിരുന്നു.
Also Read- അതിജീവിതയുടെ ഹര്‍ജിക്ക് പിന്നില്‍ പ്രത്യേക താൽപര്യമുണ്ടോയെന്ന് പരിശോധിക്കണം; ഇ പി ജയരാജൻനടിയെ ബലാത്സംഗം ചെയ്ത കേസിൽ വിജയ് ബാബുവിനെ കണ്ടെത്താൻ ഊർജിത ശ്രമം നടത്തുകയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു പറഞ്ഞു. വിജയ് ബാബു നാളെ ഹാജരായില്ലെങ്കിൽ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിജയ് ബാബു ഒളിവിൽ കഴിയുകയാണെന്ന് കണ്ടെത്തിയ ജോർജിയയിലെ എംബസിയുമായി പൊലീസ് ഇതിനകം ബന്ധപ്പെട്ടു കഴിഞ്ഞു.
പാസ്പോർട്ട് റദ്ദാക്കിയതിനാൽ വിജയ് ബാബുവിനെ ഡീപോർട്ട് ചെയ്യുമെന്നാണ് കരുതുന്നത്. ആവശ്യമെങ്കിൽ പൊലീസ് സംഘം ജോർജിയയിലേക്ക് പോകുന്നതും പരിഗണനയിൽ ഉണ്ടെന്ന് സി എച്ച് നാഗരാജു പറഞ്ഞു. നേരത്തെ മെയ് 19 ന് പാസ്പോര്‍ട്ട് ഓഫീസര്‍ മുൻപാകെ ഹാജരാകാമെന്ന് വിജയ് ബാബു അറിയിച്ചിരുന്നുവെങ്കിലും വിദേശത്ത് ഒളിവിൽ തുടരുകയായിരുന്നു. താന്‍ ബിസിനസ് ടൂറിലാണെന്നും മെയ് 24ന് മാത്രമേ എത്തുകയുള്ളുവെന്നും വിജയ് ബാബു പാസ്പോര്‍ട്ട് ഓഫീസറെ അറിയിച്ചു. ഇതേ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിജയ്ബാബു ജോര്‍ജിയയിലേക്ക് കടന്നതായി വവരം ലഭിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.