താൻ നിർമിക്കുന്ന സിനിമയിലേക്ക് മറ്റൊരു നടിക്ക് അവസരം നൽകിയെന്ന് മനസ്സിലായതോടെയാണ് യുവനടി തനിക്കെതിരേ ബലാത്സംഗ ആരോപണം (Rape Case) ഉന്നയിച്ചതെന്ന് കാട്ടി നടനും നിര്‍മ്മാതാവുമായ വിജയ് ബാബു (Vijay Babu) ഹൈക്കോടതിയിൽ ഉപഹർജി നൽകി.
ഉഭയകക്ഷി സമ്മതപ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും മറ്റുള്ള ആരോപണം തന്നെ ഭീഷണിപ്പെടുത്തുന്നതിന് വേണ്ടിയാണെന്നും ഉപഹർജിയിൽ പറയുന്നു. നിലവിൽ ദുബായിലാണെന്നും കോടതി നിർദേശിക്കുന്ന ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാമെന്നും വിജയ് ബാബു അറിയിച്ചു.
മേയ് 30-ന് രാവിലെ 9ന് കൊച്ചി അന്താരാഷ്ട വിമാനത്താവളത്തിലേക്കെടുത്ത വിമാന ടിക്കറ്റിന്റെ പകർപ്പും പ്രതിഭാഗം അഭിഭാഷകന് ഹൈക്കോടതിയില്‍ ഹാജരാക്കി. നാട്ടിലേക്ക് എത്തിയാലെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുവെന്ന് കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
Also Read- വിമാന ടിക്കറ്റ് ഹൈക്കോടതിയില്‍ ഹാജരാക്കി; വിജയ് ബാബു കേരളത്തിലേക്ക് വരുമെന്ന് അഭിഭാഷകന്യുവനടിയുമായി അടുത്ത ബന്ധമായിരുന്നുവെന്ന് വ്യക്തമാക്കുന്ന വാട്സാപ്പ് ചാറ്റുകളും ചിത്രങ്ങളും മുദ്രവെച്ച കവറിൽ വിജയ് ബാബു കോടതിയിൽ സമർപ്പിച്ചു. മാർച്ച് 16-ന് ഡി ഹോംസ് സ്യൂട്ട്സ് അപ്പാർട്ടുമെന്റിൽ വെച്ചും 22-ന് ഒലിവ് ഡൗൺടൗൺ ഹോട്ടലിൽ വെച്ചും പീഡിപ്പിച്ചെന്നാണ് നടിയുടെ ആരോപണം.
നടിയെ 2018 മുതൽ അറിയാം. സിനിമയിൽ അവസരത്തിനുവേണ്ടി അവർ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് ഉപഹർജിയിൽ പറയുന്നു. നടിയോടൊപ്പം ഹോട്ടലിൽ ഉണ്ടായിരുന്ന സമയത്ത് നടിയുടെ അടുത്ത സുഹൃത്തും ഒപ്പം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ രേഖയും കോടതിയിൽ ഹാജരാക്കി. നടി നിരന്തരം അയച്ച സന്ദേശങ്ങളും കൈമാറി.
ഇവർ പലതവണ പണം കടംവാങ്ങിയിരുന്നു. ഏപ്രിൽ 14-ന് തന്നോടൊപ്പം മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറിസോണിലെ ഗസ്റ്റ് ഹൗസിലെത്തിയ നടി തന്റെ ഫോണിലേക്ക് വന്ന കോൾ എടുക്കുകയും വിളിച്ചയാളോട് ഇനി വിളിക്കരുതെന്നും പറഞ്ഞു. പുതിയ സിനിമയിൽ അവസരം നൽകിയ നടിയോടാണ് പരാതിക്കാരി ഇത്തരത്തിൽ സംസാരിച്ചത്. ഇത് ചോദ്യം ചെയ്തപ്പോൾ നടി ദേഷ്യത്തോടെ ഇറങ്ങിപ്പോയി.
Also Read- അതിജീവിതയുടെ ഹര്‍ജിക്ക് പിന്നില്‍ പ്രത്യേക താൽപര്യമുണ്ടോയെന്ന് പരിശോധിക്കണം; ഇ പി ജയരാജൻഏപ്രിൽ 15-ന് ഫ്ലാറ്റിൽ വീണ്ടും വന്ന നടി ക്ഷമ പറഞ്ഞു. അന്ന് അവിടെ തങ്ങുകയും ചെയ്തു. പുതിയ സിനിമയിൽ അവസരം നൽകിയ നടിയെ വിളിച്ച് ക്ഷമയും പറഞ്ഞു.ഏപ്രിൽ 18-ന് പുതിയ സിനിമയിൽ അവസരം നൽകിയ നടിയും അവരുടെ അമ്മയുമായി കോഫി ഹൗസിൽ സംസാരിച്ചിരിക്കെ അവിടെ വന്ന നടി ഇരുവരോടും തട്ടിക്കയറി.
ഏപ്രിൽ 21-ന് ചിത്രീകരണ ആവശ്യത്തിനായി താൻ ഗോവയ്ക്ക് പോയി. തുടർന്ന് ഗോൾഡൻ വിസയുടെ പേപ്പറുകൾ നൽകാൻ ഏപ്രിൽ 24-ന് ദുബായിലെത്തിയെന്നും ഉപഹർജിയിൽ പറയുന്നു.
നടിയെ ബലാത്സംഗം ചെയ്ത കേസിൽ വിജയ് ബാബുവിനെ കണ്ടെത്താൻ ഊർജിത ശ്രമം നടത്തുകയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു പറഞ്ഞു. വിജയ് ബാബു നാളെ ഹാജരായില്ലെങ്കിൽ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിജയ് ബാബു ഒളിവിൽ കഴിയുകയാണെന്ന് കണ്ടെത്തിയ ജോർജിയയിലെ എംബസിയുമായി പൊലീസ് ഇതിനകം ബന്ധപ്പെട്ടു കഴിഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.