ഇന്ന് വിജയദശമി. കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നു. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ രാവിലെ മുതൽ തുടങ്ങി. കൊല്ലൂർ മുകാംബികയിൽ വൻ ഭക്തജനത്തിരക്കാണ് ഉള്ളത്. പനച്ചിക്കാടും പറവൂർ മൂകാംബികയിലും തുഞ്ചൻ പറമ്പിലും വിദ്യാരംഭത്തിനായി വൻതിരക്ക് ഉണ്ട്.
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിൽ പുലർച്ചെ മുതൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. മണ്ണിലും അരിയിലുമാണ് കുരുന്നുകൾ ആദ്യാക്ഷരമെഴുതുന്നത്. നാവിൽ തേനും സ്വർണവും ചാലിച്ച് അക്ഷരം രുചിക്കും. അക്ഷര മുറ്റങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും ആരാധനാലയങ്ങളും ഇന്ന് കുഞ്ഞുങ്ങളെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈ പിടിക്കും.
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും കോട്ടയം പനച്ചിക്കാട്ടും പറവൂര്‍ ദക്ഷിണ മൂകാംബികാ ക്ഷേത്രത്തിലും, തിരൂര്‍ തുഞ്ചന്‍പറമ്പിലും ഐരാണിമുട്ടം ചിറ്റൂര്‍ തുഞ്ചന്‍ മഠങ്ങളിലും അക്ഷരമെഴുതാനെത്തിയ കുരുന്നുകളുടെയും രക്ഷകർത്താക്കളുടെയും വൻ തിരക്കാണ്.
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വിദ്യാരംഭ ചടങ്ങിനെത്തുന്നവരുടെ തിരക്ക് പരിഗണിച്ച് സരസ്വതി മണ്ഡപത്തിലും ക്ഷേത്രത്തോട് ചേര്‍ന്നുള്ള യാഗശാലയുടെ പുറത്തുമായാണ് ചടങ്ങുകള്‍ നടക്കുന്നത്. മൂകാംബികാ സന്നിധിയില്‍ അരങ്ങേറ്റം നടത്താൻ നിരവധി കലാകാരന്മാരും എത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെ പ്രധാന ഉത്സവമായ രഥോത്സവം ഭക്തിയുടെ നിറവില്‍ നടന്നു. പുത്തരിനിവേദ്യം ദേവിക്ക് സമര്‍പ്പിക്കുന്ന ചടങ്ങോടെ നവരാത്രി, വിജയദശമി ആഘോഷങ്ങള്‍ക്ക് സമാപനമാകും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.